Saturday, August 4, 2012
Saturday, July 21, 2012
Monday, July 16, 2012
പൊട്ടക്കലം: നിരൂപണങ്ങൾ, പഠനങ്ങൾ
മരണം അടയിരുന്ന പൊട്ടക്കലം.. വിശാഖ് ശങ്കർ
കവിതയുടെ, മാതൃഭാഷയുടെ തന്നെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഏറിവരുന്നത്, മഹാകവി തൊട്ട് മലയാളം മുന്‍ഷി വരെ സാംസ്കാരികലോകം ആകമാനം അത് പങ്കുവയ്ക്കുന്നത്, കണ്ടുകൊണ്ടാണ് പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകം കടന്നുപോയത്. ഉപഭോക്താവിന്റെ കണ്ണിലൂടെ മാത്രം സമീപിക്കുമ്പോള്‍ ആഗോളഭാഷാവിപണിയിലെ പുനര്‍വിപണനമൂല്യം കുറഞ്ഞ ഒരു ഉല്പന്നമെന്ന നിലയില്‍ മലയാളം മലയാളികളുടെ തന്നെ പരിഗണനകള്‍ക്ക് പുറത്താവുന്നതും, ‘ലാഭകരമല്ല’ എന്ന വിചിത്രമായ കാരണത്താല്‍ മാതൃഭാഷ അധ്യയനമാധ്യമമായ വിദ്യാലയങ്ങള്‍ പരക്കെ പൂട്ടിപ്പോകുന്നതും, ഭാഷാവാരികകളിലെ കവിതാ പങ്ക് കുറഞ്ഞുകുറഞ്ഞുവന്ന് പലതിലും ഫലത്തില്‍ ഇല്ല എന്ന നിലയാവുന്നതും ഒക്കെ ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടി. കവിതയെ ജനപ്രിയമാക്കുവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കമ്പോളം അതിനെ പാട്ടാക്കി മാറ്റുന്നതും, മനപാഠമാക്കുവാനുള്ള സൌകര്യം, ചൊല്ലിന്റെ വൈകാരികോദ്ദീപനക്ഷമത എന്നിങ്ങനെ ചില പൊടിക്കൈകള്‍ നിരത്തി കവികളില്‍ ചിലര്‍ അതിനെ സിദ്ധാന്തവല്‍ക്കരിക്കാന്‍ പാടുപെടുന്നതുംവരെ കണ്ടു. എന്നാല്‍ ഇതിനിടെ എഴുത്തിനും പ്രസാധനത്തിനും ഇടയില്‍ നിന്നുകൊണ്ട് വിപണിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് സാംസ്കാരികാഭിരുചികളെ പരുവപ്പെടുത്തുക എന്ന കോര്‍പ്പറേറ്റ് ദൌത്യം ഗോപ്യമായി നടപ്പിലാക്കിക്കൊണ്ടിരുന്ന അച്ചടി മാദ്ധ്യമങ്ങളെയും, അവിടത്തെ പത്രാധിപ ഏകാധിപത്യത്തെയും വെല്ലുവിളിച്ചുകൊണ്ട് ബ്ലോഗിങ് എന്ന ഒരു സ്വയം പ്രസാധന സാധ്യത സൈബര്‍ ലോകത്തുനിന്ന് ഉരുത്തിരിഞ്ഞുവരുന്നത് ഈ സാംസ്കാരിക നായകര്‍ കണ്ടില്ല, അല്ലെങ്കില്‍ അതിനെ കുറച്ചുകണ്ടു.
ബ്ലോഗ് കവിതയുടെ വസന്തകാലം
കഴിഞ്ഞ ദശകത്തിന്റെ രണ്ടാം പകുതിയോടെ സാങ്കേതികവും അല്ലാതെയുമുള്ള ബാലാരിഷ്ടതകളെ അതിജീവിച്ച് മലയാളം ബ്ലോഗിങ്ങ് പൂര്‍ണ്ണത പ്രാപിച്ചു. നമ്മുടെ പ്രഖ്യാപിത സാംസ്കാരികലോകം ആഴ്ചപ്പതിപ്പ് വായിച്ച് കവിത മരിക്കുന്നു, മലയാളം മരിക്കുന്നു എന്നിങ്ങനെ നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍ ഉള്‍വലിഞ്ഞുള്‍വലിഞ്ഞ് നട്ടെല്ലില്‍ ചെന്ന് മുട്ടിനില്‍ക്കുകയായിരുന്ന ഉത്തരാധുനിക മലയാളകവിതയെ അതിന്റെ ഭാവുകത്വപ്രതിസന്ധിയില്‍നിന്ന് മോചിപ്പിക്കാന്‍ പോന്നത്ര മൌലീകവും പ്രതിഭാ സ്പര്‍ശമാര്‍ന്നതുമായ രചനകളും, ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് സജീവമായിരുന്നു ബൂലോകം. ഈ പുതിയ മാധ്യമം തുറന്നിടുന്ന അനന്തസാധ്യതകളെ തിരിച്ചറിഞ്ഞുകൊണ്ട് പല യുവകവികളും ഇക്കാലത്ത് ബൂലോകത്തേക്ക് കടന്നുവരികയും അവരിലൂടെ അച്ചടി-സൈബര്‍ വേര്‍തിരിവുകളില്ലാത്ത, കവിതയുടേത് മാത്രമായ കൊടുക്കല്‍ വാങ്ങലുകളുടെയും പങ്കാളിത്ത വികസനത്തിന്റേതുമായ ഒരു വിശാലഭൂമിക സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ബ്ലോഗ് കവിതയുടെ സുവര്‍ണ്ണകാലഘട്ടമെന്ന് വിളിക്കാവുന്ന ആ വര്‍ഷങ്ങളെ സചേതനമാക്കിയത് പിന്നീട് മലയാളകവിതയുടെ മുഖ്യധാരയിലേയ്ക്ക് അവഗണിക്കാനാവാത്തവണ്ണം സമ്പന്നമായ തങ്ങളുടെ പ്രതിഭകൊണ്ട് പ്രവേശനം പിടിച്ചുവാങ്ങിയ എതാനും കവികള്‍ മാത്രമായിരുന്നില്ല. പല കാരണങ്ങള്‍കൊണ്ട് സാന്നിധ്യം കുറഞ്ഞ് കുറഞ്ഞ് അപ്രത്യക്ഷരായ, ഒരു കണക്കെടുപ്പിലും ഇനി ഒരു പക്ഷേ എണ്ണപ്പെടാന്‍ സാധ്യതയില്ലാത്ത ഒരുപിടി കവികളും, കവിതാസ്വാദകരും കൂടി ചേരുന്നതാണ് ആ വസന്തകാലം. അതിന്റെ ഓർമ്മകളിലെ ദുഖസാന്ദ്രമെങ്കിലും അനശ്വരമായ ഒരു അദ്ധ്യായമാണ് ജ്യോനവന്‍ എന്ന പേരിൽ ബ്ലോഗിൽ കവിതകളെഴുതിയിരുന്ന, 2009 സെപ്റ്റംബർ 20ന് ദുബായിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ ബൂലോകവും, ഇഹലോകവും വിട്ടുപോയ നവീന്‍ ജോര്‍ജ് .
പൊട്ടക്കലം
ഉത്തരാധുനിക മലയാളകവിതയ്ക്ക് രണ്ട് വിച്ഛേദങ്ങളുണ്ട്. അതിൽ ആദ്യത്തേത് ആധുനികത അവശേഷിപ്പിച്ചുപോയ സാംസ്കാരികവും, രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവുമായ ശൂന്യതകളെ ഏറ്റുവാങ്ങി സ്വപ്നങ്ങളും പ്രതീക്ഷയും കെട്ടുപോയ ഇരുട്ടിൽ അവനവനിലേയ്ക്ക് ഉൾവലിഞ്ഞിരിക്കാൻ വിധിക്കപ്പെട്ട അകം കവിതകളുടെതാണ്. പലരും വിമർശിച്ചതുപോലെ ആ കവിതകളിലെ അരാഷ്ട്രീയത അവയുടെ ഐച്ഛീകമായ തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നില്ല. പല 'ചെറുകൈകൾ' കൈമാറിവന്ന പന്തത്തെ ഏറ്റുവാങ്ങി കുത്തിക്കെടുത്തി ഉല്പാദിപ്പിച്ചതായിരുന്നില്ല ആ ഇരുട്ട്. ഒരുപക്ഷെ ആ ശൂന്യതയൊരുക്കിയ ധ്യാനാത്മകമായ ഏകാന്തതയിൽ നിന്നാവാം പാർശ്വവൽക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ പക്ഷത്തുനിന്ന് ജീവിതത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന 'നൂതന ചരിത്രവാദ'ത്തിന്റെ പുത്തൻ പരിപ്രേക്ഷ്യങ്ങളും, അവയിൽനിന്ന് ഊർജ്ജം സംഭരിക്കുന്ന സ്ത്രീ, ദളിത്, ന്യൂനപക്ഷ, പാരിസ്ഥിതിക വാദങ്ങളും ചേർന്ന രണ്ടാം വിച്ഛേദം പിറക്കുന്നത്.
ജ്യോനവൻ കവിതകളുടെ ഭാവുകത്വപരിസരം ഏറിയ പങ്കും ഇവയിലെ ആദ്യ ധാരയിലാണ്. വഷ്തുനിഷ്ഠമെന്നതിനെക്കാൾ ആത്മനിഷ്ഠമായിരുന്ന ആ പരിസരത്ത് നിന്ന് അയാൾ താനെന്ന മനുഷ്യനെ, കവിയെ, കവിതയെ അവർക്കിടയിലെ സങ്കീർണ്ണമായ ബന്ധത്തെ, കൊടുക്കൽ വാങ്ങലുകളെ ഒക്കെ വൈകാരികമായ് ആവിഷ്കരിക്കുന്നു.
കവിതയോടുള്ള ജ്യോനവന്റെ സമീപനത്തിന് ഏതാണ്ടൊരു കാമുക ഭാവമായിരുന്നു എന്ന് പറയാം. പ്രണയാതുരമായ ഉന്മാദത്തോടെ അയാൾ തന്റെ രചനകളിലൂടെ കവിതയെ സ്നേഹിക്കുകയും,അതുമായ് കലഹിക്കുകയും, പിണങ്ങുകയും, പരിഭവിക്കുകയും ഒക്കെ ചെയ്തു. കലഹങ്ങളും, പരിഭവങ്ങളും, നിരാശയും, വിഷാദവും ഒക്കെ ഊഴമിട്ട് ചേരുന്ന ആത്മപീഠയോളം തീവ്രമായ ആ തപസ്സിനെ ‘പൊട്ടക്കല’ത്തിലെ അതേ പേരുള്ള ആദ്യകവിത തന്നെ ധ്വനിപ്പിക്കുന്നുണ്ട്. ചെറുകല്ലുകളിട്ടിട്ട് സൃഷ്ടിയുടെ തെളിനീരിനെ അഗാധഗര്‍ഭത്തില്‍നിന്ന് ഉപരിതലത്തിലേയ്ക്ക് ആവാഹിക്കുന്ന രചനയുടെ കാകകൌശലകഥ കേട്ട് വിശ്വസിച്ച സാമാന്യ ബുദ്ധിക്കാരനായ കാക്കയുടെ ശ്രമങ്ങള്‍ ഇവിടെ,
"നിറച്ചാലും നിറയാത്ത
കഥയും കലവും
കണ്ണില്‍ പുരളാത്ത ജലവും വിട്ട് "
തന്നിലേയ്ക്ക് തന്നെ തിരികെയെത്തുകയാണ് .” ദാഹിച്ച് വലഞ്ഞ്“ അത് അവനവനെ തന്നെ കൊത്തിപ്പറിക്കുകയാണ്.
കാവ്യദേവത പ്രസാദിക്കുന്നതും കാത്തിരിക്കുന്ന കാമുകകവിയുടെ പീഢാനുഭവവും, വ്യർത്ഥതാ ബോധത്തിൽനിന്ന് ജനിക്കുന്ന കൊടും നിരാശയുമൊക്കെയുണ്ട് "ചില പ്രത്യേക തരം കവിതക"ളിലെ ഈ വരികളിൽ:
" ആറ്റുനോറ്റിരുന്നിട്ടും
നോമ്പുനോറ്റിട്ടും
തിളച്ചുപൊങ്ങിടാതങ്ങനെ
പാൽ പോലെ കവിത
കാറ്റിലലഞ്ഞലക്ഷ്യമായ്
ചിന്തകൾ
പാഴ്കിനാവിൽ
ലയിച്ചിടാൻ
കാത്തുകാത്തങ്ങിരുന്ന്
തിളച്ചുവീണതിൽ
പൊള്ളിത്തീയണച്ച്
കരിഞ്ഞ്
ബാക്കിയായതിൽ
വെള്ളം ചേർത്തിളക്കിയും.."
ധ്യാനാത്മകമായ മുന്നൊരുക്കങ്ങളെക്കുറിച്ച് എത്രയൊക്കെ പറഞ്ഞാലും കേട്ടാലും അനുവർത്തിച്ചാലും
"ഓർത്തുരാകി
മിനുക്കിയുള്ളുറകുത്തി
പാത്തുവച്ചു
തിരിച്ചെടുക്കുമ്പോൾ
തെറ്റിമുനയൊടിഞ്ഞ്
തുരുമ്പി'ച്ച് പോകുന്നത് കൂടിയാണ് ചിലപ്പൊഴെങ്കിലും എഴുത്ത്. എന്നാല്‍ ആ അനുഭവം എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വയം ദഹിപ്പിച്ചുകളയാവുന്നത്ര താപമുള്ള ചില ഇച്ഛാഭംഗങ്ങളുടെത് കൂടിയാണ്. ഒരുപക്ഷേ അതാവണം, "കടങ്കഥകൾക്കു ശേഷം" എന്ന കവിതയിലൂടെ, (അതിന്റേത് മാത്രമായ ഒരു പ്രമേയ പരിസരത്തുവച്ച് ഇങ്ങനെയൊരു വ്യാഖ്യാനം സാധ്യമായിക്കൊള്ളണമെന്നില്ലെങ്കില്‍ക്കൂടി )
"അറഞ്ഞിട്ടതിൽ ഒന്നും
അറിവുകേടിൽ രണ്ടും
ഹൃദയത്തിൽ മൂന്നും
ചേർത്ത് വായിക്കേണ്ടതുണ്ട്" എന്ന് ജ്യോനവൻ നൽകുന്ന മുന്നറിയിപ്പിന്റെ സാംഗത്യം.
കവിത ഒരു കുമ്പസാരക്കൂട്
ജ്യോനവന് കവിത ഒരു കുമ്പസാരക്കൂട് കൂടിയാണ്. പരിഭവങ്ങളുടെ, ആത്മരോഷത്തിന്റെ, ഏറ്റുപറച്ചിലുകളുടെ ഒക്കെയായ ഒരു നേര്‍ത്ത വിലാപസ്വരം അയാളുടെ മിക്ക കവിതകളിലെയും സൂക്ഷ്മ സാന്നിദ്ധ്യമാവുന്നു. പൊട്ടക്കലമെന്ന ആദ്യ കവിത തൊട്ട് മാന്‍ ഹോള്‍ എന്ന അവസാന കവിതവരെ ജ്യോനവന്‍ കവിതകള്‍ ആദ്യന്തം അതുള്‍കൊള്ളുന്നുണ്ട്.
"വെകിളിശീലവും
പുളകിതമാകുന്ന
ചിത്തദോഷവും കാരണം
നഖം പിഴുതുമാറ്റിയപ്പോൾ
തൊലിയിലേയ്ക്കുതന്നെ" ചേക്കേറുന്ന ചൊറിച്ചിലുകളെക്കുറിച്ചുള്ള (ചൊറിച്ചിൽ) ഏറ്റുപറച്ചിൽ തൊട്ട്,
“അമ്മയുടെ തലമുടി കരിഞ്ഞ മണം ഇഷ്ടമായിരുന്ന” കാലത്തുനിന്ന്,
“നിലാവ് മുറിഞ്ഞൊരു മിന്നലിന്റെ വേരുവള്ളി”യിലൂടെ
“നിന്നെയോര്‍ത്ത്
തലകത്തിപ്പോയെന്ന്
അമ്മയുടെ വ്യാജമല്ലാത്ത കരച്ചില്‍” വായിച്ചെടുക്കുന്ന നരവീണ ‘മുടിയനായ പുത്ര’ന്റെ കുമ്പസാരത്തെയും, ( മുടിയനായ പുത്രന്‍ )
"കാമധേനുവിന്‍
കരളുറ്റി വീണ
ചോരവെളുത്ത
പാല്‍ കറന്നടുപ്പില്‍ വച്ചു
തിള കാത്തിരിക്കും കവികളെ..
തിളയ്ക്കട്ടെ
നമ്മുടെ കവിത” എന്ന അവനവനോടും കവിതയോട് തന്നെയുമുള്ള ധാർമ്മിക രോഷത്തെയും (ചില പ്രത്യേക തരം കവിതകള്‍) ,
“ വന്നും പോയുമിരിക്കാനുള്ള
കരാറ് തെറ്റിച്ച്
സ്ഥിരം പൊറുതിയ്ക്ക്
വന്നപ്പൊഴായിരുന്നു
ഞാന്‍
നീ മുട്ടി മരിച്ചത്” എന്ന മരണമെന്നോ പ്രണയമെന്നോ അതിരുതിരിക്കാത്ത തന്റെ കാമുകിക്ക് സമർപ്പിക്കുന്ന പരാതിയേയും (ഞാന്‍ നിന്നെ സ്നേഹിക്കുന്നു) ഒക്കെ അതാത് കവിതകളെ ഒന്നൊന്നായെടുത്ത് വിശകലനം ചെയ്യുമ്പോൾ രസഭംഗമുണ്ടാക്കിയേക്കാവുന്ന ഘടനാ പരമായ മുറുക്കകുറവുകള്‍ക്കും, പ്രമേയപരമായ കേന്ദ്രീകരണമില്ലായ്മകൾക്കും അപ്പുറം ഹൃദയസ്പര്‍ശിയാക്കുന്നത് കറുത്ത വിഷാദത്തിന്റേതായ ആ അന്തർധാരയാണ്.
കവിതാ പരീക്ഷണങ്ങൾ
തഴക്കം വന്നൊരു തച്ചന്റെ പരമ്പരാഗത കൈയ്യടക്കവുമായല്ല, ഒരു വിദ്യാർത്ഥിയുടെ കൗതുകവും ആകാംക്ഷയും കൊണ്ട് വിടർന്ന കണ്ണുകളുമായാണ് ജ്യോനവൻ കവിതയെ സമീപിക്കുന്നത്. ഘടനയിലും, ഉള്ളടക്കത്തിലും, ഭാഷയിലുമൊക്കെ മൗലീകവും നിഷ്കളങ്കവുമായ ഒരു പരീക്ഷണത്വരയുണ്ട് അയാളുടെ രചനകളിലാകെ. 'ആദ്യരാത്രി', 'പൂ പറിച്ചവൾ', 'ചില പ്രത്യേകതരം കവിതകൾ' തുടങ്ങിയ പല കവിതകളിലും ചൊല്ലിന്റെ സാധ്യതകൾ പരീക്ഷിക്കുന്ന ജ്യോനവൻ പക്ഷേ ഏറിയ പങ്കും നടക്കുന്നത് ഗദ്യകവിതയോടൊപ്പം തന്നെയാണ്. ഇവ രണ്ടിന്റെയും സാധ്യതകളെ മാറിമാറി തിരഞ്ഞുകൊണ്ടിരുന്ന ജ്യോനവന്‍ താളനിബദ്ധമായ ഭാഷയിലും പ്രാദേശികവും വാമൊഴിവഴക്കങ്ങളോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതുമായ ഭാഷയിലും ഒരുപോലെ കവിതകള്‍ രചിച്ചിട്ടുണ്ട്. പ്രാസത്തിന്റെയും ഇരട്ടിപ്പുകളുടെയും സൌന്ദര്യസാധ്യതകള്‍ പരീക്ഷിച്ചിട്ടുണ്ട്.
'കുമ്പസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്ന കവിതയിലെ
"ആനയോ ചേനയോ
പാമ്പോ ചേമ്പോ
ഉറുമ്പോ കുറുമ്പോ
മുള്ളോ മുരടോ" എന്നിങ്ങനെ പോകുന്ന വരികളിലും, 'കുട്ടികൾ കാണുന്ന സ്വപ്നത്തിന്റെ മുൻപും പിൻപും' എന്ന കവിതയിലെ
"അച്ഛൻ നീരാളി
നെഞ്ചത്തിക്കിളി
അമ്മ നക്ഷത്രം
കണ്ണിൽ വെളിച്ചം" എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലും ഒക്കെ കാണുന്നത് പക്ഷേ കാവ്യാനുഭവത്തിന്റെ പൂർണ്ണവും സമഗ്രവുമായ ആവിഷ്കാരശ്രമങ്ങളിലുപരി ഭാഷാപരമായ കളികളോടുള്ള കൗതുകമാണെന്നു മാത്രം.
ചിഹ്നങ്ങളുടെയും ലിപികളുടെ തന്നെയും ശരീരഭാഷയെ, അവയുടെ ശ്രേണീകരണത്തെ ഒക്കെ വ്യാഖ്യാനിച്ചുകൊണ്ട് വാക്കുകളുടെയും ഭാഷാശാസ്ത്രത്തിന്റെ തന്നെയും രാഷ്ട്രീയത്തെ വിശകലനം ചെയ്യുക എന്നത് ഉത്തരാധുനികതയല്ല, അതും കടന്ന് പുതുകവിത തുറന്നിട്ട വഴിയാണ്. അതിലൂടെ സഞ്ചരിച്ചാണ് ജ്യോനവൻ
“ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും അരിമണിയും
മാത്രമാണ്" എന്നും
"ഒട്ടിയ വയറുള്ള
ഉടൽ വളഞ്ഞുപോയ
ഒരു മനുഷ്യനുമേൽ
ഒത്തൊരു തല
ഒരു വലിയ അർദ്ധവിരാമം" എന്നും കാട്ടിത്തരുന്നത്.
" ഒന്നിന്റെ ഒറ്റപ്പെടൽ
രണ്ടുപൂജ്യങ്ങൾ ഒന്നിച്ചിരിക്കുന്നതിന്റെ
ശകുനപ്പിഴ" എന്ന് 'നൂറിന്റെ ജാതകദോഷങ്ങ'ൾ വ്യാഖ്യാനിക്കുന്നിടത്ത് ഇത് ഭാഷാ ചിഹ്നങ്ങളെയും കടന്ന് ഗണിതചിഹ്നങ്ങളുടെ അനന്തമായ പെരുക്കങ്ങളിലേയ്ക്ക് പറക്കുന്നു.
"കേടായ കോടതി
ഇടപോയ കോതി!" എന്നും
"നാടകം കണ്ടു
നാട് അകം പിരിച്ചുകണ്ടു;
അകത്തിവച്ചൊരു 'ആ'
കലപിരിഞ്ഞൊരക്ഷരം!" എന്നും ആശ്ചര്യപ്പെട്ട് ഒടുവിൽ
"'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!" എന്ന നിരീക്ഷണത്തിലെത്തുമ്പൊഴേക്കും ആശ്ചര്യങ്ങൾ അവയുടെ കേവലാര്‍ത്ഥം കടന്ന് പ്രവചനപരമായ അന്തർജ്ഞാനങ്ങളുടെതായ ഒരു ആത്മീയ മണ്ഡലത്തിലേയ്ക്ക് വികസിക്കുന്നു.
ഇക്കോ-ഫെമിനിസത്തിന്റെ സുന്ദരി മരം
സ്വതന്ത്രാസ്തിത്വമുള്ള കുറെ ചെറു കവിതകളെ ഒരു പൊതു ശീർഷകം കൊണ്ട് ബന്ധിപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു വായനാനുഭവം തീര്‍ക്കുവാനുള്ള ശ്രമം 'അശ്ലീല കവിതകൾ അഞ്ചെണ്ണം', 'വെളിപാട് മുതൽ അഞ്ച് കവിതകൾ', 'ഈയുള്ളവനടക്കം അഞ്ച് കവിതകൾ' തുടങ്ങിയ രചനകളില്‍ നമുക്ക് കാണാനാവും. പീ രാമനെപ്പോലെ ചിലരെങ്കിലും ഇതിനോടകം വിജയകരമായി നടത്തിക്കഴിഞ്ഞ ഈ പരീക്ഷണത്തിൽ പക്ഷേ ജ്യോനവൻ പരാജയപ്പെടുകയാണ്. ചെറുസ്വാശ്രയഖണ്ഢങ്ങളെ ഒറ്റ അനുഭമാക്കി അഖണ്ഢവൽക്കരിച്ചെടുക്കേണ്ട ഘടനാപരമൊ, സത്താപരമോ, പരിപ്രേക്ഷ്യസംബന്ധിയോ ആയ ആ അദൃശ്യനൂലിന്റെ അഭാവത്തിലാവാം ആ കവിതകളുടെ വായന ഒന്നിലേയ്ക്കും കേന്ദ്രീകരിക്കാതെ വിഘടിച്ച് പോകുന്നു. ഇതിനിടയിൽ പെട്ട് സ്വന്തം നിലയ്ക്ക് ശോഭിക്കുമായിരുന്ന മനോഹരങ്ങളായ പല ചെറുകവിതകളും മങ്ങിപ്പോകുന്നുണ്ട്. അഞ്ച് കവിതകളിലെ 'സുന്ദരി മരത്തിന്റെ പാട്ട്' ഇതിനൊരുദാഹരണമാണ്
"പോണോരേ
വാണോരേ
വീണോരെ...
പോകുംവഴി
പുഴവഴിയാണെങ്കിൽ,
അവിടെ കടവിൽ
കെട്ടിയിട്ടോ
അഴിച്ചുവിട്ടോ
കരകര പറഞ്ഞോ
എന്റെ അമ്മയെ കണ്ടെങ്കിൽ
ഒന്നു പറയുമോ
എനിക്കും അതിനുള്ള
പ്രായമായെന്ന്! "
ജീവിതത്തിന്റെ ഇരുകരകള്‍ക്കിടയിലൂടെയുള്ള നീരൊഴുക്കിന്റെ വ്യത്യസ്തതലങ്ങളില്‍ പ്രാണന്റെ വാഹകരെന്ന സമാനത പേറുന്നുണ്ട് വഞ്ചിയും സ്ത്രീയും. ഈ ഗതാഗതത്തിന്റെ നൈരന്തര്യം പേറാന്‍ സജ്ജമായെന്ന് തന്റെ കാതല്‍ പ്രായമറിയിച്ച സന്ദേശം വഴിപോക്കന്റെ പക്കല്‍ കൊടുത്തയയ്ക്കുന്നു ‘സുന്ദരി മരം’. ആത്മാര്‍പ്പണത്തിന്റെ നോവും ഊര്‍ജ്ജവുമുള്ള വരികളിലൂടെ സ്ത്രീയെയും മരത്തെയും വഞ്ചിയെയും കൂട്ടിമുട്ടിച്ച് കവിതയുടെ ആര്‍ദ്രമായ ഒരു ത്രികോണാനുഭവം തീര്‍ക്കുന്നു ജ്യോനവന്‍. പുരുഷനെഴുതിയ ലക്ഷണമൊത്ത ഒരു ഇക്കോ ഫെമിനിസ്റ്റ് കവിതയെന്ന നിലയ്ക്ക് ഇത് അര്‍ഹിക്കുന്ന ശ്രദ്ധയും പ്രാധാന്യവുമാണ് മേല്‍ പറഞ്ഞ പരീക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാവുക വഴി സുന്ദരിമരത്തിന്റെ പാട്ടിന് നഷ്ടമായത്.
ജ്യോനവൻ കവിതകളിലെ സ്ത്രീ
ജ്യോനവൻ കവിതകളിലെ സ്ത്രീസങ്കല്പം നമ്മുടെ പൊതുബോധത്തിലേതെന്നപോലെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. മരം, തോണി,ചൂല്, കുടക്കമ്പി, മൊന്ത തുടങ്ങി പച്ചമുളകുവരെ വ്യത്യസ്തങ്ങളായ ഒരു പിടി ബിംബങ്ങളിലൂടെ സ്ത്രീയെയും അവളുടെ അവസ്ഥകളെയും ആവിഷ്കരിക്കാൻ ശ്രമിക്കുന്നു കവി. സുന്ദരിമരത്തിന്റെ പാട്ടിലെപ്പോലെ പെണ്ണിലേയ്ക്കുള്ള അനുകമ്പാർദ്രമായ നോട്ടമുണ്ട് 'ചൂലുകളെന്നൊ' എന്ന കവിതയിലും ('വെളിപാട് മുതൽ അഞ്ച് കവിതകൾ'). ആണിന്റെ ഉപഭോഗതൃഷ്ണകളുടെ എച്ചിൽ അടിച്ച് വാരാനായി 'കെട്ടി' മെരുക്കപ്പെടുന്ന പെണ്ണവസ്ഥ ചൂലെന്ന ബിംബത്തിലൂടെ ഭദ്രമായി ധ്വനിപ്പിക്കപ്പെടുന്നുണ്ട് ഇവിടെ:
" അരയ്ക്ക് താഴെയാണ് കെട്ട്;
ഒന്നു മുറുക്കി
നിലത്തിട്ട് കുത്തിയാൽ
പൂ പോലെ ഇതളെടുത്ത്
വിരിഞ്ഞ് നിൽക്കും.
മുറ്റത്ത് മുഖമുരച്ച്
ചപ്പുചവറിലൊക്കെ
വലിച്ചിഴയ്ക്കുമ്പോൾ
ആരുമോർക്കില്ല;
കെട്ടിയതും മെരുക്കിയതും
ഒരു മുന്നൊരുക്കമായിരുന്നിട്ടും"
എന്നാൽ കുടക്കമ്പി എന്ന കവിതയിൽ ആരുടെയൊക്കെയോ വാരിയെല്ലുകൊണ്ടുണ്ടാക്കിയ തനിക്ക് വിധിച്ചിട്ടില്ലാത്ത സുന്ദരികളാണ് സ്ത്രീകൾ.
തന്റേതാകുന്ന നിമിഷങ്ങളിൽ
"പ്രമാണങ്ങൾ മറന്നുപോകും
പടുപാപിയാകും
തലൊടും
വട്ടം കറക്കും" എന്ന് കുമ്പസരിക്കുമ്പോഴും
" നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായ് ചുമക്കുന്നു" എന്ന ഉപകാരത്തിലേയ്ക്ക് ചുരുക്കപ്പെടുകയാണ് കവിത ആഘൊഷിക്കുന്ന അവളുടെ ആദർശം.
"ഈയുള്ളവനടക്കം അഞ്ചു കവിതക"ളിലെ ഫെമിനിസം എന്ന കവിതയാവട്ടെ സ്ത്രീപക്ഷവാദം ഉയർത്തുന്ന ഗൗരവമുള്ള പ്രശ്നങ്ങളെയും, തനത് പരിപ്രേക്ഷ്യങ്ങളെയും തമസ്കരിച്ചുകൊണ്ട് പൊതുബോധത്തിന്റെ നിരുത്തരവാദപരമായ ലളിതവൽക്കരണങ്ങളോടൊത്ത് നിൽക്കുക മാത്രമാണ് ചെയ്യുന്നത്.
"ഒരു കിണ്ടിയ്ക്കടുത്തിരിയ്ക്കെ
ഏത് മൊന്തയ്ക്കും തോന്നാം
ഈ വിഷാദം
രണ്ടിന്റെയുള്ളിലും നിറച്ചും
പച്ചവെള്ളമാണെങ്കിലും"
എന്ന് ലിംഗസമത്വവാദത്തിന്റെ സങ്കീർണ്ണതകൾക്ക് മേൽ നിസ്സാരമായ് തീർപ്പ് കല്പിക്കുന്ന കവി 'പച്ചമുളക്' എന്ന കവിതയിലെത്തുമ്പൊഴേയ്ക്കും പിന്നെയും ഒരുപാട് മുന്നൊട്ട് പോയി
"കെട്ടുപ്രായത്തിലെ
ഈ ഉള്ളുപുകച്ചിൽ
പൊട്ടുപ്രായത്തിലേ
കിളി കൊത്തിടാത്തതിനാലല്ലേ
ഇനി പഴുപ്പിച്ചിട്ടെന്തിന്
ചുവപ്പിച്ചിട്ടെന്തിന്
പൊടിഞ്ഞിരുന്നിട്ടെന്തിന്?"
എന്നുവരെ പറഞ്ഞുവയ്ക്കുന്നു.
കവിതയിൽ കവിതയല്ലാതെ മറ്റൊന്നും കാണാത്ത, തിരയാത്ത കവി എന്ന ആദർശാവസ്ഥയ്ക്ക് പിന്നിലും ആവിഷ്കാരങ്ങളുടെ പരിപ്രേക്ഷ്യം നിർണ്ണയിച്ചുകൊണ്ട് ഒരു അദൃശ്യരാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ട്, അത് അനിവാര്യമാംവണ്ണം യാഥാസ്ഥിതികമായിരിക്കും എന്നിങ്ങനെ ചില തിരിച്ചറിവുകളും അവ ഉല്പാദിപ്പിക്കുന്ന നിരന്തരജാഗ്രതയുമില്ലാതെ പോയാൽ എഴുത്ത് എന്തൊക്കെയായിതീരാം എന്നതിനു തെളിവാണ് ജ്യോനവൻ കവിതയിലെ സ്ത്രീദർശനത്തിലുള്ള ഈ വൈരുദ്ധ്യങ്ങൾ.
കവിതകൊണ്ട് നിഘണ്ടു തീർത്തവൻ
പെരിങ്ങോടൻ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന, കവിയും ചെറുകഥാകൃത്തുമൊക്കെയായ രാജ് നെട്ടിയത്ത് തന്റെയൊരു കുറിപ്പിൽ ബൂലോകത്തിന്റെ പ്രിയ കവിയായ ലാപുഡ എന്ന ടി. പി വിനോദിനെ വിശേഷിപ്പിച്ചത് ' കവിത കൊണ്ട് സ്വന്തം നിഘണ്ടു തീർത്തവൻ' എന്നായിരുന്നു. ജ്യോനവനെ ഏറ്റവും സ്വാധീനിച്ച കവി ഒരുപക്ഷേ വിനോദ് ആയിരിക്കണം. ജ്യോനവൻ കവിതകളിലെ ശീർഷകങ്ങളിൽ തൊട്ട് ഈ സ്വാധീനം കാണാം. അതുകൊണ്ടാവാം സാധാരണങ്ങളായ കാഴ്ചകളെയും, ക്രിയകളെയും വിചിത്രവും വ്യതിരിക്തവുമായ ചില നിർവചനങ്ങളിലൂടെ അതിഭൗതികമായ അർത്ഥതലങ്ങളിലേയ്ക്ക് എടുത്തുയർത്തുന്ന ഭാവനയുടെ ലാപുടയൻ ഇന്ദ്രജാലം ജ്യോനവൻ കവിതകളിലും അവിടിവിടെ കനലുപോലെ ജ്വലിച്ചു നിൽപ്പുണ്ട്:
"തഴക്കം ചെന്ന ചാട്ടങ്ങ"ളെന്ന് (ചിറകുകൾ) പറക്കലിന് ,
"താണുപോകുന്ന കല്ലുകൾക്ക്
കല്ലറകളെക്കുറിച്ചുള്ള
ഉറപ്പിന്റെ റീത്ത്" കളെന്ന് (1.2.3.4) ഓളങ്ങൾക്ക്
"കെണിപ്പിന്റെ
അക്ഷത്തിൽ തിരിഞ്ഞ്
മൂർച്ചപ്പെട്ടുരസി
അകൽച്ചകൾ മാത്രം
സൃഷ്ടിച്ച്
കടന്നുപോകു"ന്നതെന്ന് (കത്രിക) കത്രികക്ക് കൊടുക്കുന്ന, ഒരു നിഘണ്ടുവിലും കണ്ടെത്താനാവാത്ത നിർവചനങ്ങളിൽ, കാഴ്ചയുടെ ആ മെറ്റാഫിസിക്സിൽ, തട്ടി അഴിഞ്ഞ് വായന കവിതയ്ക്കും പുറത്തേയ്ക്ക് മേയുന്നു.
മൃത്യുവെന്ന സജീവ സാന്നിധ്യം
മരണം അതിന്റെ സങ്കീര്‍ണ്ണമായ അസ്തിത്വത്തിലൂടെ, അതുല്പാദിപ്പിക്കുന്ന നിശ്ചലനിശബ്ദതകളിലൂടെ, അതനുഭവിക്കുന്ന ക്രൂരമായ ഏകാന്തതയിലൂടെ ജ്യോനവന്‍ കവിതയില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രമേയമായി ജീവിക്കുന്നു. അമരമായ മൃത്യു എന്ന കല്പനയിലെ ആന്തരികവൈരുദ്ധ്യം പോലെ അത് അയാളുടെ സൃഷ്ടിയുടെ ലോകമാകെ ചൂഴ്ന്നു നില്‍ക്കുകയും അപ്രതീക്ഷിതമായ ഇടങ്ങളില്‍ വച്ച് പൊടുന്നനെ വായനക്കാരന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.‘ഗജപൂജ്യം’ എന്ന കവിതയിലെ ഈ വരികള്‍ നോക്കുക:
”ഉള്ളില്‍ നിലവിളിയില്ല
സങ്കീര്‍ണ്ണത;
ഒട്ടുമില്ല
നാം വീടുപൂകാറായി
നിന്റെകൂടി വീട്
നിനക്ക് പേടിയുണ്ടോ?” ഈ നിസംഗ്ഗത ജ്യോനവന്റെ മരണത്തെക്കുറിച്ചുള്ള ദര്‍ശനത്തെ നിര്‍വചിക്കുന്നുണ്ട്. ആ കവിതയുടെ പ്രമേയപരിസരത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമാണ് ഈ പ്രത്യക്ഷപ്പെടല്‍. അതുപോലെ ‘വേരുകളും മാളങ്ങളും‘ എന്ന കവിതയിലെ അവസാനവരികളില്‍ പൊടുന്നനേ കടന്നുവരുന്ന സ്വപ്നം:
“ഒരു പ്രളയദിനമെങ്കിലും വന്ന്
കൊന്നുതള്ളി പുഴകള്‍
കടലില്‍ ചാടി മരിക്കുമെന്ന
മോക്ഷത്തിന്റെ സ്വപ്നം”
മരണം ഒരു അനുഭവമാകുന്നത് നിശ്ചലതയെക്കുറിച്ച്, പൊടുന്നനേയുള്ള നിന്നുപോകലുകളെക്കുറിച്ച് അത് ജീവിതത്തോട് ചോദിക്കുന്ന കടങ്കഥകളിലൂടെയാണ്.
"കൂട്ടിയിടിക്കാനുരുമ്പെട്ട
രണ്ട് വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത;“ എന്ന വിവരണത്തിലും
“എന്റെയീ ദുരന്തത്തെ
വീക്ഷിക്കുമ്പോള്‍
പ്രാണഭയത്തോടെ
ഞെളിക്കുന്ന പുഴുവിനെ
വെറുപ്പൊടെ അവരിനി
കണ്ടെത്തും”(ഒരു നിശാ ശലഭത്തിന്റെ ജീവിത കഥ) എന്ന പ്രവചനത്തിലും
“എന്റെ കഥ
നിങ്ങളുടേത് പോലെയല്ല.
എന്റെ കവിത നിങ്ങളുടേതുപോലെ ആവില്ല
ഞാന്‍ എന്റെ ഭൂമികയില്‍നിന്നും
മുറിച്ച് മാറ്റപ്പെട്ടവനാണ്” (മോതിരങ്ങളുടെ കവിയരങ്ങില്‍നിന്നും)എന്ന താക്കീതിലും, ‘വിചാരഗിരി’എന്ന കവിതയിലെ ‘ഒരു മലയുടെ നടുക്കെത്തി നിന്നുപോക’ലെന്നെ,’ഇറക്കമോ കയറ്റമെന്നോ എന്ന്’ അറിയാത്ത ഒറ്റപ്പെടലെന്ന, ‘അടച്ചാലും തുറന്നാലും ഏകാന്ത‘മെന്ന വര്‍ണ്ണനകളിലും ഒക്കെ ആ കടങ്കഥയുടെ അലകളുണ്ട്. തന്നെയും കടന്ന്, നില്‍ക്കാതെ ഒഴുകുന്ന ജീവിതത്തിലേയ്ക്കുള്ള മരണത്തിന്റെ വിഷാദാര്‍ദ്രമായ നോട്ടം കൂടിയാകുമ്പോള്‍ അത് പൂര്‍ണ്ണമാകുന്നു:
“അടയാളങ്ങളുടെ
മറവിയടുക്കില്‍
തെളിച്ച വരകള്‍
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍ ഇല്ലാതാക്കുംവരെ
കരയുന്നവര്‍..” (ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകള്‍)
ജ്യോനവൻ : അറം പറ്റിയ കവിത
2007 നവംബര്‍ മാസം പൊട്ടക്കലം എന്ന തന്റെ ബ്ലോഗില്‍ അതേ പേരിലുള്ള കവിത പോസ്റ്റ് ചെയ്തുകൊണ്ട് കടന്നുവന്ന ജ്യോനവന്‍ 2009 സെപ്തംബര്‍ വരെയുള്ള കാലഘട്ടത്തിനിടെ 83 ഓളം കവിതകള്‍ ബൂലോകത്തിന് നല്‍കി.’മാന്‍ ഹോള്‍’ എന്ന പേരില്‍ സെപ്റ്റംബര്‍ ഏട്ടാം തിയതി പോസ്റ്റ് ചെയ്ത കവിതയുടെ അവസാനം ഇങ്ങനെയായിരുന്നു:
“പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞ് വീണതിനൊപ്പം.
ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്."
ഇത് അദ്ദേഹത്തിന്റെ അവസാന കവിതയുമായിരുന്നു. ആ മാസം ഇരുപതാം തിയതി കുവൈറ്റിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ ആ ശബ്ദവും, കവിതയോടുള്ള അയാളുടെ അടങ്ങാത്ത പ്രണയത്തിന്റെ കഥയും അപൂര്‍ണ്ണമായ് നിലച്ചു.
'അറം’ പറ്റല്‍,സ്വന്തം മരണത്തെപറ്റിയുള്ള പ്രവചനാത്മകമായ ഉള്‍കാഴ്ച തുടങ്ങിയ ചെടിപ്പിക്കുന്ന ആദര്‍ശവല്‍ക്കരണങ്ങളിലേക്ക് വായനയെ കടത്തിക്കൊണ്ടുപോകാനല്ല ആ ദുരന്തത്തെക്കുറിച്ച് പരാമര്‍ശിച്ചത്. അത്തരം ഏച്ചുകെട്ടലുകളില്ലാതെ തന്നെ ‘മാന്‍ ഹോള്‍’ എന്ന കവിതയ്ക്ക് നിലനില്‍ക്കാനാവും. കവിതയുടെ മൌലീകതയും ഭാവുകത്വപരമായ ചലനാത്മകതയും ഉല്പാദിപ്പിക്കപ്പെടുന്നത് അത് നിലനില്‍ക്കുന്ന പരിസരത്തിന്റെ ഭൌതീകവും ആത്മീയവുമായ ചലനങ്ങളെ കണ്ടെടുത്ത് കാവ്യാത്മകമായി വ്യാഖ്യാനിക്കുവാനുള്ള കല്പനാ വൈഭവത്തില്‍നിന്നാണ്. സര്‍പ്പം തൊട്ട് ചക്രം വരെ എണ്ണമറ്റ ബിംബങ്ങളുപയോഗിച്ച് മരണത്തെ ആവിഷ്കരിച്ചിട്ടുണ്ട് കവിത. നഗരജീവിതത്തിന്റെ തുടിപ്പുകളും കിതപ്പുകളും ഒരുപോലെ ഉള്‍ക്കൊള്ളുന്ന കൃത്യമായും ‘രണ്ട് അദ്ധ്യായങ്ങളുള്ള’ ഒരു നഗരത്തില്‍നിന്ന് ജ്യോനവന്‍ അതിനായി കണ്ടെടുത്ത ബിംബം അഴുക്കുചാലുകളുടെ കവലയായ മാന്‍ ഹോളിനെയായിരുന്നു. അഴുക്കുകളുടെ ആ ‘ഇടത്താവളത്തെ‘ ജ്യോനവന്‍
‘പുരുഷന്റെ പ്രായോഗികത’
എന്ന് വിവര്‍ത്തനം ചെയ്യുന്നു.
ഹമ്മറും, ക്രൂസറും,റെയ്ഞ്ച് റോവറുമായി നേരമില്ലായ്മകളുടെ നഗരജീവിതം മുകളിലൂടൊഴുകവേ അടിയില്‍ അഴുക്കുകളുടെ ‘ഇരുമ്പ്’ സ്മാരകങ്ങളിലൊന്നില്‍ വീലുകയറിയിറങ്ങിയതിന്റെ ഒരു നിമിഷത്തോളം മാത്രം മൂര്‍ച്ചയുള്ള ലോഹവിലാപം...., അത്രതന്നെ.
“ ഒരു ഹമ്മര്‍ കയറിയിറങ്ങിയതാണ്”.
അകാലത്ത് കൊഴിഞ്ഞുപോയ പ്രതിഭയുടെ ഹൃസ്വവും,അസംസ്കൃതവും, അപൂര്‍ണ്ണവുമായ രേഖപ്പെടുത്തലാണ് ‘പൊട്ടക്കലം’. താണ്ടിയ ദൂരത്തിന്റെ തീര്‍പ്പുകളിലുപരി അത് വായനാലോകത്തിനു സമര്‍പ്പിക്കുന്നത് താണ്ടുമായിരുന്ന ദൂരത്തെക്കുറിച്ചുള്ള സൂചനകളാണ്. ജ്യോനവന്‍ എഴുതിയ ഓരോ കവിതയും ഇനിയും ഏറെ മെച്ചപ്പെട്ട നിരവധി കവിതകള്‍ ഭാവിയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ്യമാവാതെപോയ, മരണത്താല്‍ അപഹരിക്കപ്പെട്ട ആ ഭാവിയിലെ എഴുതപ്പെടാതെപോയ കവിതകളെക്കൂടി അതുകൊണ്ട് നമുക്ക് ഈ കവിതകളില്‍നിന്ന് തന്നെ വായിച്ചെടുക്കേണ്ടതുണ്ട്. അതിനുള്ള ഒരു ശ്രമം എന്ന നിലയ്ക്ക് ഈ പഠനം ജ്യോനവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് സമര്‍പ്പിക്കുന്നു.
********************************
മരണം എന്ന മൂന്നക്ഷരം. : സിജി വൈലോപ്പിള്ളി
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ശാന്തമ്മായി ആത്മഹത്യ ചെയ്തത്.ദിവസവും വീട്ടിൽ മുറ്റമടിക്കാൻ വന്നിരുന്നത് ശാന്തമ്മായിയായിരുന്നു.മുറ്റമടിച്ചുകൂട്ടുന്ന കൂനക്കുള്ളിൽ നിന്ന് നിധികളെ പരതിയെടുക്കുക എന്റെ ശീലമായിരുന്നു.ചിലപ്പോൾ ഞാൻ പരതാതെ തന്നെ ഭംഗിയുള്ള വളപ്പൊട്ടുകളും,കോഴിത്തൂവലുകളും,കത്തിപ്പാറകളും അമ്മായി എനിക്കുവേണ്ടി പരതിയെടുത്തുവെക്കും. അന്ന് ഞങ്ങളുടെ ഹിന്ദി പരീക്ഷയായിരുന്നു.രാവിലെ വന്ന് അമ്മായി മുറ്റമടിച്ചു,അമ്മയോട് സംസാരിച്ചു,കിണറ്റിൽനിന്നും ഒരു കുടം വെള്ളം കോരിയെടുത്താണ് വീട്ടിലേക്കു പോയത്.എന്റെ ഹിന്ദി പരീക്ഷകഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോഴേക്കും അമ്മായി മരിച്ചിരുന്നു.
കത്തുന്ന ചൂടായിരുന്നു അന്ന്.ചെറ്റപുരയുടെ ഓലകൾ തീപിടിക്കും വിധം ചുട്ടു പൊള്ളിയിരുന്നു.
ഞാൻ,ജിബി,സാബിറ,ഷമീർ..
ഞങ്ങൾ നാലുപേർ വലിയൊരു പ്ലാവിൻ ചില്ലയിൽ കയറിയിരുന്നാണ് മരണം കണ്ടത്.
അഴയിൽ വരിയായ് വെയിൽ കാഞ്ഞിരിക്കുന്ന ആനതുമ്പികളും,വാഴയിലയിലിരുന്നു കരയുന്ന ഒറ്റപ്പെട്ടകാക്കയും,മരണ വീട്ടിലേക്ക് ഇഴഞ്ഞു വരുന്ന വാടിയ മുഖമുള്ള മനുഷ്യരും ചേർന്ന വലിയൊരു വല്ലായ്മയായിരുന്നു അന്നത്തെ മരണം. ദിശ തെറ്റി വന്ന കാറ്റുപോലെ ജീവിച്ചിരിക്കുന്ന മനസുകളെ അത് സങ്കടത്താൽ വിറപ്പിച്ചു; ആകസ്മികതയാൽ വിഭ്രമിപ്പിച്ചു.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നോട്ടു ബുക്കിന്റെ താളിൽ ‘മരണമേ..നീയെന്നുമെൻ ഹൃത്തിൽ നിവസിക്കും’ എന്ന് ചങ്ങമ്പുഴ ശെലിയിൽ കോറിയിട്ടത് ആ മരണത്തെ ഓർത്തിട്ടല്ല.ഞാൻ ജനിച്ചയുടൻ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഞങ്ങളുടെ ഇളയച്ഛൻ വാവു ദിവസങ്ങളിൽ വീട്ടിൽ വന്ന് പാൽ ചായ കുടിക്കുകയും ശർക്കര അധികം ഇട്ട അട കഴിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.ഇളയച്ഛനെ മറവു ചെയ്ത സമയത്ത് കാലിലും നെറുകയിലുമായ് രണ്ടു ചെമ്പരത്തി ചെടികൾ നട്ടിരുന്നു.കടും ചുവപ്പു നിറത്തിൽ കട്ടിയുള്ള ദലങ്ങളായിരുന്നു പൂക്കൾക്ക്.വേനൽ കാലത്ത് അവ നിറയെ പൂക്കും.ആ പൂക്കൾ പറിക്കാൻ ഞങ്ങൾ ആരും ധെര്യപ്പെട്ടിരുന്നില്ല.വലിയൊരു പുളിമരം അവിടെ ചില്ലകൾ താഴ്ത്തി ചാഞ്ഞു നിന്നിരുന്നു. ചെമ്പരത്തികൾക്കു നടുവിൽ പൊഴിഞ്ഞു വീഴുന്ന പഴുത്ത പുളികളെ ഞങ്ങളാരും ഓടിച്ചെന്നെടുത്തിരുന്നില്ല.
സമർത്ഥനും ഫുട്ബോളുകളെ സ്നേഹിച്ചിരുന്നവനുമായിരുന്ന ഇളയച്ഛൻ കാറ്റുള്ള ദിവസങ്ങളിൽ ബോളിനെ ആഞ്ഞടിക്കുമെന്നും രാത്രികാലങ്ങളിൽ അച്ഛന്റെ സൈക്കിൽ പെഡൽ തിരിച്ചുകളിക്കുമെന്നുമുള്ള വായ്മൊഴികളെ ഞാൻ തെളിവുകളൊന്നുമില്ലാതെ തന്നെ വിശ്വസിച്ചു. അകാല മരണങ്ങൾ ഊഹിക്കുന്നതിലുമപ്പുറം ഭീകരങ്ങളായിരുന്നു.അതിനെ കുറിച്ചുള്ള ഓർമ്മകളാകട്ടെ ദുരൂഹവും പേടിപ്പെടുത്തുന്നതുമായിരുന്നു.
നവീന്റെ മരണത്തെ അക്ഷരങ്ങളാൽ എങ്ങിനെയാണ് അടയാളപ്പെടുത്തേണ്ടതെന്നറിയില്ല.അനുസ്മരിച്ചും,എഴുതി മലിനമാക്കിയും മറന്നു കളയാനുള്ള ഉപാധിയല്ല അവനെനിക്ക്. അധികം സുഹൃത്തുക്കളില്ലാത്ത എനിക്ക് എങ്ങിനെയോ കിട്ടിയ ഒരു സുഹൃത്ത്.ചേച്ചീ എന്ന് മധുരമായ് വിളിച്ച് മെയിലുകളയക്കുന്ന,ഇതുവരെ കണ്ടിട്ടില്ലെങ്കിലും വിശ്വാസവും സ്നേഹവും ആർജിച്ചെടുത്ത സൗമ്യമായ യൗവനം.
വർഷങ്ങൾക്കു മുമ്പ് ‘പുഴ മാഗസിനിൽ’ നവീൻ ജോർജ് എഴുതിയ കവിത വായിച്ച് അഭിനന്ദന മറിയിച്ചതിലൂടെയായിരുന്നു തുടക്കം. അതിനു മറുപടിയായ് ഒരു ചെറിയ മെയിൽ എനിക്കു വന്നു. സന്തോഷവും,ആത്മവിശ്വാസവും,നന്ദിയും അറിയിക്കുന്ന കുറിപ്പ്. നവീനന്ന് സ്വന്തമായി മെയിൽ ഐ.ഡി ഉണ്ടായിരുന്നില്ല.മറ്റാരുടേയോ ഐ.ഡിയിൽ നിന്നായിരുന്നു മെയിലയച്ചത്.അന്ന് ഞാൻ ബ്ലോഗ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു. എന്റെ ബ്ലോഗിന്റെ ലിങ്കിനൊപ്പം ‘ഇതുപോലൊന്നു തുടങ്ങൂ’ എന്നു പറഞ്ഞ് ഞാൻ പിന്നേയും മെയിൽ അയച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ലെന്നും പഠിച്ചു വരുന്നതേയുള്ളുവെന്നുമായിരുന്നു മറുപടി.പിന്നേയും പുഴയിൽ കവിതകൾ വന്നു ഇടക്ക് കഥകളും.സ്ഥിരമായ് നവീൻ എനിക്ക് ലിങ്ക് അയച്ചു തന്നു.ഞാൻ എല്ലാം വായിച്ച് സ്ഥിരമായ് മറുപടി അയച്ചു.പിന്നീട് കുറെക്കാലം അനക്കമില്ലായിരുന്നു. അങ്ങിനെയൊരിക്കൽ എന്റെ കഥയുടെ താഴെ ‘ജ്യോനവൻ’ എന്ന പേരിൽ ‘പൊട്ടക്കലം’ എന്ന ബ്ലോഗുടമയുടെ കമന്റു വന്നു.അതിനു പിന്നാലെ വലിയൊരു മെയിലും.ജ്യോനവൻ എന്നത് താനാണെന്നും ബ്ലോഗിങ്ങ് തുടങ്ങിയെന്നും ഇനി കവിതകൾ കൂടുതൽ എഴുതുമെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു മെയിൽ.
‘നവീൻ എന്ന പേര് വെളിപ്പെടുത്തുന്നില്ല.ചേച്ചി അതാരൊടും പറയരുത്’.
നിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഞാനവനെ ഇടക്ക് ഭീഷണിപ്പെടുത്തും.
ഇരുപതുകളിലെത്തിയ ചെറുപ്പക്കാരനാണെന്ന് അവനെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. കൗമാരത്തിലെത്തിയ കുറച്ചൊരു ഉൾവലിഞ്ഞ,കുതൂഹലതയും,പ്രതീക്ഷകളുമുള്ള ഒരു ചെറിയ നക്ഷത്രം.അതുകൊണ്ടു തന്നെ അവന്റെ മെയിലുകളിൽ ആതമനൊമ്പരങ്ങൾ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല വേദനകൾ ഉണ്ടെങ്കിൽ തന്നെ അത് മറ്റുള്ളവരോട് പങ്കുവെച്ച് അവരെ അസ്വസ്ഥരാക്കാൻ അവനിഷ്ടപ്പെട്ടിരുന്നില്ല.
പൊട്ടക്കലം കവിതകൾകൊണ്ട് നിറഞ്ഞു.കവിതകളിലെ പക്വത വായക്കാരെ കൊണ്ടു വന്നു. ‘എനിക്ക് നല്ല കവിതകൾ തിരിച്ചറിയാനാവില്ലെന്നും അതുകൊണ്ട് കമന്റുകൾ പ്രതീക്ഷിക്കരുതെന്നും ഞാൻ മുമ്പേ പറഞ്ഞിരുന്നു.
’നിനക്ക് കുറച്ചു കൂടി ലളിതമായ് എഴുതിക്കൂടെ.പൂക്കൾ,മഴ,നൊസ്റ്റാൾജിയ..എന്നെപ്പോലുള്ള വായനക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്ന ഭാഷയിൽ‘
അതു ചേച്ചി തന്നെ കുത്തിപ്പിടിച്ചിരുന്നെഴുതിയാൽ മതി’ എന്നായിരുന്നു ഒരുപാട് സ്മെയ്‌ലികൾ ഇട്ട ആ മറുപടി.
‘ഞാൻ നിന്നെ എത്രമാത്രം കളിയാക്കുന്നു. നിനക്ക് പ്രതിരോധിച്ചുകൂടെ ആൺകുട്ടികളായാൽ ഇത്ര പാവങ്ങളാകരുത്’ ഒരിക്കൽ ഞാനെഴുതി.
‘ഞാനെന്തെങ്കിലും എഴുതിയാ ചേച്ചിക്ക് വിഷമമായെങ്കിലോ? ചേച്ചിയുടെ സൗഹൃദം എന്നെന്നേക്കുമായ് എനിക്ക് നഷ്ടപ്പെടും എനിക്കത് പേടിയാണ്.
ആ മറുപടി എന്നെ ഏറെ സന്തോഷിപ്പിച്ചു.കാണാതെയും കേൾക്കാതെയും സ്നേഹത്തെ പ്രസരിപ്പിക്കുന്ന അത്ഭുതമാണ് അക്ഷരങ്ങൾ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.
ഒരിക്കൽ അവനെഴുതി ’എനിക്കിപ്പോൾ ഓവർ ടൈം പണിയാണു ചേച്ചി.പുരപണി നടക്കുന്നു അതിനു ശേഷം കല്ല്യാണം നടത്തണമെന്ന് വീട്ടുകാർ പറയുന്നു.പൈസക്കും ആവശ്യമുണ്ട്.അതുകൊണ്ട് കൂടുതൽ പണികൾ ചെയ്യുന്നു.
‘കല്ല്യാണമുണ്ടെങ്കിൽ ചേച്ചി വരണം’
‘വരാം’
‘ഉറപ്പാണോ’?
‘ഉറപ്പ്. എനിക്ക് നിന്നെ കാണണം എന്നുണ്ട്.കല്ല്യാണം വെക്കേഷൻ സമയത്ത് വെക്കണം.
’ശ്രമിക്കാം ചേച്ചി‘
’എടാ ഒരു കവി പ്രണയിക്കുകയോ -വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ - നിരാശരാകുകയോ ഒക്കെയാണ് പതിവ്. ഞങ്ങൾ വായനക്കാർക്ക് അതൊക്കെ ഒരു മുതല്ക്കൂട്ടാണ്. നിനക്കിതെന്തുപറ്റി?
വീണ്ടും ചിരിയായിരുന്നു മറുപടി.
‘നീയെനിക്ക് ഫോട്ടോ അയച്ചുതരാമെന്നു പറഞ്ഞിട്ട് ഒന്നും കണ്ടില്ലല്ലോ? എനിക്ക് നിന്റെ മുഖമൊന്നു കാണണമെന്നുണ്ട്.
പിറ്റേന്നുതന്നെ ഫോട്ടോ വന്നു.
’ഇതു നിന്റെ ഫോട്ടോയല്ല.കപ്പടാമീശ നിനക്ക് ഒട്ടും ചേരുന്നില്ല.എന്റെ മനസിൽ നീയൊരു കൊച്ചു പയ്യനാണ്.
‘എന്നാൽ അങ്ങിനെ’.
പിന്നെ കുറെക്കാലം അവന്റെ വിശേഷമൊന്നുമുണ്ടായിരുന്നില്ല. പണിത്തിരക്കിലായിരിക്കുമെന്ന് ഞാനൂഹിച്ചു. കുടുംബകാര്യങ്ങളുമായ് ഞാനും തിരക്കിലായിരുന്നു.2009 ലെ ബൂലോക കവിത ഓണപ്പതിപ്പിൽ ‘പ്രണയം എന്ന മൂന്നക്ഷരം’ എന്നപേരിൽ ഞാനൊരു കഥ എഴുതിയിരുന്നു. കഥ പബ്ലീഷായാൽ അഭിപ്രായങ്ങൾ വരുക പതിവാണ്.ആദ്യം വന്നത് അവന്റെ മെയിലായിരുന്നു.
‘ചേച്ചീ കഥ ഒത്തിരി ഇഷ്ടപ്പെട്ടു.പ്രത്യേകിച്ച് കഥയുടെ പേര്. പക്ഷെ ഒരു പാട് അക്ഷരത്തെറ്റുകളുണ്ട് ഞാനതൊക്കെ നോട്ട് ചെയ്ത് തിരുത്തി അയക്കുന്നു.പറ്റുമെങ്കിൽ തിരുത്തൂ’
അടിയിലായി ഇരുപതിലധികം അക്ഷരത്തെറ്റുകൾ അവൻ തിരുത്തി അയച്ചിരുന്നു. ഞാൻ വലിയൊരു നന്ദി പറഞ്ഞു.
‘നന്ദിയൊന്നും വേണ്ട ചേച്ചി ഇനിയും എഴുതിയാൽ മതി’.
രണ്ടു ദിവസത്തിനു ശേഷം അവിചാരിതമായ് അവനെ ജി ചാറ്റിൽ കണ്ടു.സമയനഷ്ടം പരിഗണിച്ച് ചാറ്റു ചെയ്യാൻ എനിക്ക് മടിയാണ്.. നവീനെ കണ്ടപ്പോൾ വിശേഷം തിരക്കണമെന്നുതോന്നി. എന്റെ കയ്യിൽ ആകെ പത്തു മിനുട്ടേ ഉണ്ടായിരുന്നുള്ളു. ഇളയമകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരേണ്ട സമയം അടുത്തുകൊണ്ടേയിരിക്കുന്നു. ഞാൻ കല്ല്യാണത്തെപ്പറ്റിയും വീടുപണിയെപ്പറ്റിയും ചോദിച്ചു.അവൻ എന്റെ വീട്ടുവിശേഷങ്ങളും.
‘അപ്പൂനെ സ്കൂളിൽ നിന്നും വിളിച്ചോണ്ടു വരണം എനിക്ക് പോകാൻ സമയമായി’.
‘കുറെ നാളായില്ലേ ചേച്ചിയെ കണ്ടിട്ട്.ഇനിയും വിശേഷങ്ങൾ ചോദിക്കാനുണ്ടായിരുന്നു’.
‘ലേറ്റായടാ..ഇനി പറന്നാലെ സ്കൂളിൽ സമയത്തിനെത്തൂ’.
‘ജാഗ്രത ചേച്ചീ’
‘ഞാൻ വണ്ടിയിടിച്ചു തട്ടിപോകുമെന്നാണോ’?
‘അയ്യോ..അതിനുള്ള സമയമൊന്നും നമുക്കായിട്ടില്ല ചേച്ചീ’
അതായിരുന്നു അവന്റെ അവസാനത്തെ വരികൾ.പിന്നീട് ഞങ്ങൾ മിണ്ടിയിട്ടില്ല.
ജ്യോനവന് ആക്സിഡണ്ട് പറ്റിയെന്നും വളരെ സീരിയസാണെന്നും പറഞ്ഞ് നാട്ടിൽ നിന്നും ഒരു സുഹൃത്ത് ഫോൺ ചെയ്യുമ്പോൾ ഞാനൊരു വലിയ തണ്ണിമത്തങ്ങയെ നെടുകെ മുറിക്കുകയായിരുന്നു. പ്രകൃതിയുടെ സുന്ദരമായ സൃഷ്ടിയുടെ സുന്ദമായ മരണം!
‘അത്രക്കും പേടിക്കേണ്ടതുണ്ടോ’? ഞാൻ സുഹൃത്തിനോടു ചോദിച്ചു.
‘അറിയില്ല.’
‘അത്രക്കും സീരിയസാണോ’?
‘അറിയില്ല’.
അന്നത്തെ ദിവസം ചൂടും തണുപ്പും അധികമില്ലാതെ കൃത്യമായ അനുപാതത്തിലുള്ളതായിരുന്നു. നല്ല ദിവസത്തെ അഘോഷിക്കാൻ അയൽ വാസികൾ പുറത്ത് വെയിൽ കാൻജ്ഞിരുന്നു് ബിയറുകൾ കുടിച്ചു.ചിലർ പുല്ലുവെട്ടി നിരപ്പാക്കി.മറ്റുചിലർ ചെടിക്ക് തടമെടുത്തു.
പരിഭ്രാന്തിവരുമ്പോൾ എനിക്ക് ഛർദ്ദിക്കാനായ് വരും. കാഴ്ച്ചകൾ മങ്ങും. ഭൂമിപെട്ടന്ന് വിരൂപയായതുപോലെ. പച്ച മഞ്ഞയായതുപോലെ വെളുപ്പ് കറുപ്പായതുപോലെ .മത്തുപിടിച്ചതുപോലെ അന്നു മുഴുവൻ ഞാൻ കിടന്നുറങ്ങി.
നവീൻ തിരിച്ചു വരുമെന്ന് എന്റെ മനസ്സ് ഉറപ്പുതന്നു. ചില്ലകളിൽ കവിതകൾ പൂക്കും. കണ്ണുകൾ വീണ്ടും നക്ഷത്രങ്ങളാകും. ‘തിരിച്ചൂ വരൂ കുട്ടീ..ചേച്ചിക്കു വല്ലാതെ പേടിയാകുന്നുവെന്നും പറഞ്ഞ് അവന് ഞാനൊരു മെയിലയച്ചു.പ്രിയപ്പെട്ടവരുടെ വാക്കുകൾ,പ്രാർത്ഥനകൾ,അക്ഷരങ്ങൾ ജീവിതകോശങ്ങളെ തിരിച്ചുറപ്പിക്കുമെന്ന എന്റെ അയഞ്ഞ വിശ്വാസം.
’മരിക്കാനുള്ള സമയം നമുക്കായില്ല ചേച്ചീ‘ എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയവൻ സ്വയം മരണത്തിലേക്ക് ആഴ്ന്നുപോയെന്ന് ഞാനെങ്ങനെ വിശ്വസിക്കാനാണ്.
ഒക്ടോബർ 4 -2009 മരണം സ്ഥിതീകരിച്ചു. ഒരു കവിയെ,മകനെ,സുഹൃത്തിനെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് മരണം കൃതാർത്ഥനായി. ശ്വാസത്തിനും മരണത്തിനും ഇടയിൽ കിടന്നു പിടഞ്ഞ് വേദനിക്കാതെ സംഭവിക്കേണ്ടത് സംഭവിച്ചതിൽ ആശ്വാസംകൊണ്ട് മുന്നോട്ടുപോകാനായ് ജീവിതം എന്നോടു പറഞ്ഞു.ആദ്യമായി മരണത്തിനോട് ഞാൻ നന്ദി പറഞ്ഞു.
നവീനയച്ച മെയിലുകൾ ഇപ്പോഴും ഞാൻ തുറന്നു നോക്കാറുണ്ട്.ജീവിതാസക്തിയുള്ള അക്ഷരങ്ങൾ.ഇനിയും പൊടിച്ചു തളിർക്കേണ്ടിയിരുന്ന കവിതകൾ.
’ചേച്ചി എന്റെ കല്ല്യാണത്തിനു വരില്ലേ?‘ എന്ന ചോദ്യം നിരാശയുടെ കൊളുത്തിടാനായ് മനസ്സിൽ ഇപ്പോഴും കയറിയിറങ്ങാറുണ്ട്.
പരസ്പരം കാണണമെന്നാഗ്രഹിച്ചിരുന്നവർ.പക്ഷേ ഒരിക്കലും കാണാതിരുന്നവർ. ജീവിതമേ നിന്റെ വിചിത്രയിൽ മനുഷ്യരെന്നും അത്ഭുതപ്പെട്ടിട്ടേയുള്ളു.
നവീന്റെ ജീവിതത്തെപ്പറ്റിയോർക്കുന്നതുപോലെ തന്നെ മരണത്തെപ്പറ്റിയും ഞാനോർക്കാറുണ്ട്.ഞാനന്നു വായിച്ചു തീർത്ത ചേതൻ ഭഗതിന്റെ പുസ്തകം,മകൻ പാടിയ നേഴ്സറിപ്പാട്ട്,സ്റ്റോപ്പ് സിഗനലിൽ നിർത്താതെ കടന്നുപോയ ഹോണ്ട സി.ആർ.വി, മരണത്തിന്റെ നിഴലുള്ള Enya യുടെ പാട്ടു,അരിമണിയെ ചുമന്നുകൊണ്ടുള്ള ഉറുമ്പുകളുടെ ഘോഷയാത്ര.
ചില ഓർമ്മകളെ ഞാൻ അങ്ങിനെയാണ് സംസ്കരിച്ചുവെക്കുക.ചിലരുടെ മരണത്തെപ്പറ്റിയോർക്കുമ്പോൾ ജീവിതത്തെപ്പറ്റിയോർമ്മവരും,ജീവിതത്തെപ്പറ്റിയോക്കുമ്പോൾ മരണത്തെയും
######################
മരണം ഒരു സൈബര്‍ പ്രതിഭാസമല്ല : പി.എന്‍. ഗോപീകൃഷ്ണന്‍
ഒരു അകാലമരണത്തിനാണ് ഞാന്‍ അവതാരികയെഴുതുന്നത്. അകാലം മാത്രമല്ല, ആകസ്മികവും. അകലങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ഒരു സൌഹൃദമായിരുന്നു ജ്യോനവന്റേത്. ശരിയായ പേരുപോലുമറിയാത്ത സൌഹൃദം. കാര്യകാരണങ്ങളുടെ എങ്ങോട്ടും വ്യാപിക്കാവുന്ന വല നിവര്‍ത്തിയെറിഞ്ഞിട്ടും ജ്യോനവന്‍ പുറത്തുനില്‍ക്കുന്നു. ആരാണ് അയാളുടെ കൊലയാളി? രോഗമോ ദുരിതമോ അല്ല. വൈരാഗ്യമല്ല. "കറ്റാസ്ട്രോഫി ഈസ് ദി സ്റാറ്റസ് കോ ഓഫ് ഡെവലപ്മെന്റ്' എന്ന് വാള്‍ട്ടര്‍ ബന്‍യാമിന്റെ വാചകത്തിന്റെ സാധൂകരണം പോലെ ജ്യോനവന്‍ ഉയര്‍ന്നുനില്‍ക്കുന്നു. വികസനത്തിന്റെ ദുരന്തനായകന്‍. റോഡില്‍ അരഞ്ഞുപോയ അനേകങ്ങളില്‍ ഒരുവനായി. അവരൊക്കെ സാധാരണമട്ടില്‍ മരിച്ചവരായി കാണാന്‍ മാത്രം ലോകം പ്രത്യേകതരത്തില്‍ വളര്‍ന്നിരിക്കുന്നു. പാഞ്ഞുപോകുന്ന മനുഷ്യസംസ്കൃതിക്ക് വളമായവര്‍. വേഗതയുടെ പല്‍ച്ചക്രങ്ങളില്‍ എണ്ണയിട്ടവര്‍. ഇന്നും ഏതു വാഹനത്തിലിരിക്കുമ്പോഴും ഞൊടിയിടെ ജ്യോനവന്‍ ഓര്‍മ്മയില്‍ വരും. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവന്‍. അവന്റെ ഒരു പടമെങ്കിലും കണ്ടത് മരിച്ചതിനുശേഷം.
രണ്ടായിരത്തിന്റെ ആദ്യദശകത്തിലെ രണ്ടാം പകുതിയിലാണ് ബ്ളോഗെഴുത്തുകാരുമായി ഞാന്‍ പരിചയം തുടങ്ങുന്നത്. ഒരു പുതിയ സ്ഥലത്തിന്റെ രസവും വിരസതയും അവര്‍ തന്നു. നാട്ടിന്‍പുറത്തെ കൂട്ടായ്മപോലെ അവര്‍ക്കിടയിലെ ജൈവികമായ അടുപ്പത്തെ ഞാന്‍ കണ്ടറിഞ്ഞു. കാറോടിക്കാന്‍ പഠിച്ചപോലെ ബ്ളോഗടിക്കാന്‍ പഠിച്ച എന്നെപ്പോലുള്ളവരുടെ മുന്നില്‍, സ്വാഭാവികമായി ബ്ളോഗില്‍ എത്തിപ്പെട്ടവര്‍ ഒരു വിസ്മയംപോലെ ദൂരത്തുനിന്നു. പലതരം ചേരുവകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഓരോ മാധ്യമങ്ങളെയും ഗൌരവതരമായി കൈകാര്യം ചെയ്യുന്നവര്‍ മുതല്‍ എല്ലാറ്റിന്റെയും കനംചോര്‍ത്തിക്കളയുന്നവര്‍ വരെ. പക്ഷെ, കുലീനമെന്നോ മ്ളേച്ഛമെന്നോ വേര്‍പിരിയാതെ അവര്‍ തമ്മില്‍തമ്മില്‍ ഇടപെട്ടു. അപക്വതകളും പക്വതകളും കൂടിക്കലര്‍ന്നു. ധിഷണയും മണ്ടത്തരങ്ങളും കൂട്ടുചേര്‍ന്നു. ചരിത്രഭാരമില്ലാത്ത ഒരു ലോകത്തില്‍ അവര്‍ പാറിനടന്നു. ആ ലോകം അങ്ങനയാണുണ്ടായത്. അത് ദൈവം സൃഷ്ടിച്ചതായിരുന്നില്ല. മനുഷ്യന്‍ സൃഷ്ടിച്ചത്. അത്തരമൊരു അഹന്തയുടെ നിഷ്കളങ്കത്വം അവിടെ സുലഭമായിരുന്നു. ആ ഏദനില്‍നിന്ന് കുടിയിറക്കപ്പെടാന്‍ അവര്‍ക്ക് വിധിയുണ്ടാവില്ല. അങ്ങനെ കുടിയിറക്കാന്‍ അവിടെ ഒരു അധികാരിയുമുണ്ടായിരുന്നില്ല. ഭാഷപോലും അവിടെ ഒരു അധികാരമായിരുന്നില്ല. മൊഴി കീമാനിന്റെ അജ്ഞാത സങ്കലനങ്ങളില്‍ വിരിയുന്ന യന്ത്രപുഷ്പങ്ങള്‍.
ആ ലോകത്തെ, ഞെട്ടിച്ച ഒരു ദുരന്തമായിരുന്നു, ജ്യോനവന്റേത്. എന്നെ സംബന്ധിച്ചിടത്തോളം ആദ്യദുരന്തം. എന്റെ പരിമിതമായ കവിതകള്‍ക്കു കീഴെ മിക്കവാറും വന്നുപോയിരുന്ന പ്രതികരണങ്ങളുടെ കര്‍ത്താവ് എന്നന്നേക്കുമായി ഇല്ലാതായി. ആ ഏദനില്‍നിന്നും ഒരാള്‍ കുടിയിറക്കപ്പെട്ടു. അയാളുടെ ബ്ളോഗ് എന്നന്നേക്കുമായി അടയ്ക്കപ്പെട്ടു. അത് തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞുപോയി. യഥാര്‍ത്ഥലോകത്തില്‍ മരിച്ചവന്റെ മുറി തുറക്കുംപോലെ, ആ ലോകത്തില്‍ നമുക്കു കയറാന്‍ പറ്റില്ല. കയറണമെങ്കില്‍ത്തന്നെ ആ ലോകത്തെ ഒരു പെരുംപൂട്ടുതകര്‍ക്കലുകാരനാകണം. ഒരു ലോകം, അയാളുടെ വിയര്‍പ്പുകള്‍, ആലോചനകള്‍, അഭിനിവേശങ്ങള്‍ എല്ലാം വാഗ്രൂപമണിഞ്ഞ ആ ലോകം; നമ്മുടെ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു ഭൂതകാലമായി. ബ്ളോഗിന്റെ ലോകത്തില്‍ ആദ്യമായി ഒരു ഭൂതകാലം രൂപപ്പെട്ടു. വാസ്തവികലോകത്തിലെ ഭൂതകാലമായിരുന്നില്ല, അത്. ഭൂമിക്കുള്ളില്‍ ഒരു അന്യഗ്രഹം രൂപപ്പെടുംപോലെ അതിവിചിത്രമായ ഒന്ന്. അയാള്‍ ഇപ്പോള്‍ അതുമാത്രമാണ്. നമ്മുടെ കൈവിരലുകളുടെ അറ്റംകൊണ്ട് തൊടാനാകാത്ത ഒരു ലോകമാണയാള്‍. മലയാളം അക്ഷരമാലയിലെ അക്ഷരങ്ങള്‍ തിരിച്ചും മറിച്ചുമിട്ട കുറെ വാക്കുകള്‍. ശീലംകൊണ്ടും ധാരണകൊണ്ടും നാമതിനെ കവിത എന്നു വിളിക്കുന്നു.
ആത്മനിഷ്ഠകവിതയെ മാരകരോഗം പോലെ വെറുത്തിരുന്ന ഒരാളാണ് ഞാന്‍, ഇപ്പോഴുമതെ. പക്ഷേ, ജ്യോനവന്റെ കാര്യത്തിലെങ്കിലും ആത്മനിഷ്ഠ കവിതയ്ക്ക് സാധുതയുണ്ടായേനെ, എന്ന് മനസ്സ് ഇച്ഛയ്ക്കെതിരെ സംസാരിക്കുന്നു. ആ എഴുതപ്പെട്ട വാക്കുകളെല്ലാം അയാളെപ്പറ്റി തന്നെയായിരുന്നെങ്കില്‍, അയാളിലേക്കുള്ള വഴിചൂണ്ടിയായിരുന്നെങ്കില്‍ ഒരു കണ്ണാടിയിലെന്നവണ്ണം, അയാളെ നമുക്കെല്ലാം കാണാമായിരുന്നു. നമ്മുടെ കാലത്ത്, മരണം ഓര്‍മ്മപോലും അവശേഷിപ്പിക്കുന്നില്ല. കാണാതെയുള്ള അടുത്ത പരിചയങ്ങള്‍, ഹൃദയത്തെ മാന്തിക്കീറുന്ന അനുഭവങ്ങളായി വിയോഗത്തില്‍ മാറും എന്ന് ജ്യോനവന്‍ നമ്മെ പഠിപ്പിച്ചു. ലോകത്തിലെ എന്തോ ഒന്ന് ജ്യോനവനോടും നമ്മോടും നീതി കാട്ടിയില്ല. ദയ എന്ന വാക്കിനേക്കാള്‍ നീതി എന്ന വാക്കിന് ആഴവും മുഴക്കവും ഏറും. അത് മരണമാണെങ്കില്‍ നമ്മുടെ കാലത്തെ ഏറ്റവും നീതിരഹിതമായ വാക്കിന്റെ പേരാണത്. അത് കാല്പനികമായ ഒന്നല്ല. ഇടപ്പള്ളി ആത്മഹത്യ ചെയ്തതല്ല. മറിച്ച് ക്രൂരമായ കൊലപാതകത്തിന് ഇരയാവുകയായിരുന്നു, എന്ന് അക്കാലം കടന്നുവന്ന ഒരു ജ്ഞാനവൃദ്ധന്‍ എന്നോടു പറഞ്ഞുതന്ന ആ ദിവസം ഇന്നും ഉള്ളില്‍ കിടുകിടുക്കുന്നു. യാഥാര്‍ത്ഥ്യമായേക്കാവുന്ന ഒരു ശ്രുതിയെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. ആ രാത്രി ഇടപ്പള്ളിയെ സൂക്ഷിച്ചിരുന്ന രൂപക്കൂടിന്റെ ചില്ലുകള്‍ തകര്‍ന്നുവീണു. ആ പ്രതിമ മഴയും വെയിലും കൊണ്ടു. നിറക്കൂട്ടുകള്‍ പിടിപ്പിച്ച ആ പ്രതിമയുടെ ഉള്ള് നീതി നീതി എന്നലറിവിളിച്ചു. 'മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം' എന്ന കവിതയേക്കാള്‍ 'കാട്ടാറിന്റെ കരച്ചില്‍' പ്രധാനപ്പെട്ടതായി. പുഴു പോലെ ജീവിച്ച് പുഴുപോലെ മരിക്കേണ്ടിവന്ന ഒരു കവിയെ റൊമാന്റിക് ഔട്ട്സൈഡറാക്കിയ കെ.പി.അപ്പനോടരിശംവന്നു. ശരിയായിരിക്കാം. അത് ഒരു ആത്മഹത്യ തന്നെയായിരിക്കാം. പക്ഷെ, ആ ആത്മഹത്യയുണ്ടാക്കിയ സൌന്ദര്യശാസ്ത്രപരമായ ഒരു കുരുക്കില്‍നിന്നും ഒരു നിമിഷം പുറത്തുചാടി തിരിച്ചെത്തുമ്പോള്‍ ലോകം മാറുന്നു. മരണം നിരവധി വര്‍ണ്ണത്തൂവലുകളുള്ള പക്ഷിയല്ല, അവിടെ. അതൊരു ബ്ളാക്ക്ഹോള്‍ ആണ്. നീതിയില്ലാത്ത ഇടം. ജ്യോനവന്‍ അവിടെ എത്തിപ്പെടുകയായിരുന്നു. നമ്മുടെ വികസന സങ്കല്പങ്ങള്‍, വേഗതയെക്കുറിച്ചുള്ള കാല്പനികതകള്‍ ജ്യോനവനെ അവിടെയെത്തിച്ചു. തികച്ചും കാലപ്നികരഹിതമായ ഒരു മരണം.
ഇത്തരം കാല്പനികരഹിതമായ മരണങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ഫേസ്ബുക്കില്‍ മുന്‍ജന്മങ്ങളെപ്പറ്റി പറഞ്ഞുതരുന്നു എന്ന വ്യാജേനയുള്ള കൌതുകങ്ങളിലൊന്നില്‍, തലയിടുന്ന സുഹൃത്തുക്കളുടെ പൂര്‍വ്വജന്മം പട്ടികവല്‍ക്കരിച്ചത് ഇടയ്ക്കിടെ ഹോംപേജില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിലൂടെ കടന്നുപോകുമ്പോള്‍ എന്നെ ഞെട്ടിക്കുന്ന ഒരു വസ്തുത, അതിലെ മരണങ്ങളെല്ലാം കത്തികൊണ്ടോ തോക്കുകൊണ്ടോ മലയിടുക്കില്‍ വീണോ ഒക്കെയാണ്. എല്ലാം അപകടമരണങ്ങള്‍ക്കുമാത്രം കൊത്തിയെടുക്കാന്‍ കഴിയുന്ന ജീവത്സ്വരൂപമായി മനുഷ്യനെ സങ്കല്പിക്കാന്‍ മാത്രമേ ഇന്നിനു കഴിയൂ.
ഓരോ മനുഷ്യനും ഏതു നിമിഷവും പിരിഞ്ഞുപോകാവുന്ന സാധ്യതയായാണോ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്? ഇത് മരണത്തെപ്പറ്റിയുള്ള പഴയ പേടിയല്ല. പുതിയ പേടിയാണ്. പഴയ മരണങ്ങള്‍ക്ക് ഈ സമസ്യയെ ചുരുളഴിക്കാനാവില്ല. പുതിയ മരണം, ശാന്തമല്ല. അതൊരു നീതികേടാണ്.
ആ നീതികേടിനെതിരെ പൊരുതാന്‍ ജ്യോനവന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചതിന്റെ നിദര്‍ശനമാണ് ഈ പുസ്തകം. ഇതിലെ കവിതകളെക്കുറിച്ചെങ്കിലും പറയാന്‍ ഞാന്‍ അശക്തനാണ്. ആ മരണം ദിനം ചെല്ലുംതോറും അതിന്റെ സമസ്യകള്‍ കൂടുതല്‍ കൂടുതല്‍ വിരിച്ചിടുമ്പോള്‍.
തൃശൂര്‍ സ്നേഹത്തോടെ, 8-7-2012 പി.എന്‍. ഗോപീകൃഷ്ണന്‍
***************************
മനസ്സിന്റെയും മനസ്സേ എന്ന് കവിതയെ കിനാവുകാണുന്ന വിധം.: ടി.പി.വിനോദ്
(1)
കഥയല്ല ജീവിതം എന്ന വെളിവിലേക്ക് വളര്‍ത്തുവാനെന്നോണം കുട്ടിക്കാലത്തിന്റെ യുക്തിയെ പ്രകോപിപ്പിക്കുന്ന ഒരു കഥ മുതിര്‍ന്നവരില്‍ നിന്ന് കേട്ടിട്ടുണ്ട്; ഇങ്ങനെ -
‘പണ്ടു പണ്ട് ഒരു അമ്മയും മകനും ഉണ്ടായിരുന്നു. അമ്മയ്ക്ക് മകനെയും മകന് അമ്മയെയും വലിയ ഇഷ്ടമായിരുന്നു. ഒരുദിവസം സന്ധ്യയ്ക്ക് മകനോട് വര്‍ത്തമാനം പറഞ്ഞുകൊണ്ട് അമ്മ കിണറിന്റെ ആള്‍മറയില്‍ ചാരി നില്‍ക്കുകയായിരുന്നു. മകന്റെ കീറിപ്പോയ ഒരു ഉടുപ്പ് സൂചിയും നൂലും കൊണ്ട് തുന്നുന്നുമുണ്ടായിരുന്നു അമ്മയപ്പോള്‍ . തുന്നിക്കൊണ്ടിരിക്കേ മിണ്ടിപ്പറയുന്നതിനിടയില്‍ , കഷ്ടം! അമ്മയുടെ കയ്യില്‍ നിന്ന് സൂചി കിണറ്റിലേക്ക് വീണുപോയി. ഇനിയിപ്പോഴെന്ത് ചെയ്യും? സൂചി കിട്ടാനെന്താണ് വഴി?’
[കേള്‍ക്കുന്ന കുട്ടിയുടെ കൌതുകം ട്രിഗര്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും അപ്പോഴേക്കും]
‘എന്നിട്ടോ’
'എന്നിട്ടോ എന്ന് ചോദിച്ചാല്‍ സൂചി കിട്ടുമോ?'
'പറയ്'
'പറയ് എന്നു ചിണുങ്ങിയാല്‍ സൂചികിട്ടുമോ?'
'വേണ്ട വേണ്ട ബാക്കി പറ'
'വേണ്ട വേണ്ട ബാക്കി പറ എന്ന് പറഞ്ഞാല്‍ സൂചികിട്ടുമോ ?'
'ഈ കഥ മോശം, വേറെ കഥ വേണം'
'ഈ കഥ മോശം, വേറെ കഥ വേണം എന്ന് പറഞ്ഞാല്‍ സൂചികിട്ടുമോ ?'
---------------------------------------
'മുഖം വീര്‍പ്പിച്ചാല്‍ സൂചി കിട്ടുമോ?'
'കഥ മതി എന്നു പറഞ്ഞാല്‍ സൂചി കിട്ടുമോ?'
'സൂചിവേണ്ട എന്ന് പറഞ്ഞാല്‍ സൂചി കിട്ടുമോ?'
[ മിക്കവാറും കുട്ടി കരയുന്നത് വരെ ഇതേ ട്രാക്കില്‍ സംവാദം തുടരും]
പൊട്ടക്കലം എന്ന ബ്ലോഗില്‍ ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ്ജ് ഇട്ടിട്ടുപോയ കവിതകള്‍ക്ക് മുന്നില്‍ വീണ്ടുമൊരിക്കല്‍ കൂടി ഇരിക്കുമ്പോള്‍ അവിടെ നിന്ന് മേല്‍പ്പറഞ്ഞ കഥയിലേക്ക് ഒരു ഹൈപ്പര്‍ലിങ്ക് പാഞ്ഞ്പോയി. എത്ര പറഞ്ഞാലും എന്തുപറഞ്ഞാലും തിരിച്ചുകിട്ടാത്ത സൂചികള്‍ കൊണ്ട് (മാത്രം) തുന്നാവുന്നതായി കവിതകളില്‍ ചില മുറിവുകള്‍ അവന്‍ അവശേഷിപ്പിക്കാറുള്ളതുകൊണ്ടാവണം. (അല്ലെങ്കില്‍ ഇതെഴുതുന്നയാള്‍ അത്തരം മുറിവുകളോട് എളുപ്പത്തില്‍ ചങ്ങാത്തത്തിലാവുന്നതുകൊണ്ടുമാവാം). പരാജയപ്പെടും എന്ന് ഉറപ്പുള്ള യുദ്ധത്തിലേക്കുള്ള ധീരമായ തുനിഞ്ഞിറങ്ങലാണ് കവിത എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ , പരാജയപ്പെടും എന്ന് ഉറപ്പുള്ള, (യുദ്ധത്തിനെക്കാളൊക്കെ വലിയ) ഏതോ ഒരു ഉദ്യമത്തിലേക്കുള്ള പ്രചോദനമാണ് ജ്യോനവന് കവിത എന്ന് തോന്നുന്നു. കവിത അവന് ഒരു വാഹനമോ, ഇന്ധനമോ, ചലനനിയമമോ ആയിരുന്നിരിക്കണം.
ഒരാള്‍ എഴുതുന്നതിന്റെ കാരണങ്ങളെ പ്രത്യക്ഷമോ പ്രച്ഛന്നമോ ആയ രൂപങ്ങളില്‍ അയാളുടെ എഴുത്തുകളില്‍ നമ്മള്‍ കണ്ടുമുട്ടാറുണ്ട്. ഇത്തരം തിരിച്ചറിവുകള്‍ ഒരുപക്ഷേ അയാളുടെ എഴുത്തിന്റെ ജിനോം മാപ്പിംഗ് പോലെയാണെന്ന് പറയാവുന്നതാണ്. ലോകത്തിനെയും ജീവിതത്തിനെയും സാഹിത്യത്തിനെയും തന്നെയും പറ്റി അയാളുടെ ഉള്ളിരിപ്പുകളുടെ ഒരു സമഗ്രചിത്രം തരാന്‍ കെല്പുള്ളവയായിരിക്കും പലപ്പോഴും ഈ സൂചകങ്ങള്‍ . പൊട്ടക്കലം എന്ന പേരില്‍ ബുക്ക് റിപ്പബ്ലിക് പ്രസിദ്ധീകരിക്കുന്ന ജ്യോനവന്റെ സമാഹാരത്തില്‍ അവന്റെ കാവ്യമീമാംസയുടെ ജീനുകളെ വേര്‍തിരിച്ചെടുക്കാവുന്ന ചില കവിതകളുണ്ട്. ആ കവിതകളുടെ വായനാനുഭവം പങ്കുവെയ്ക്കാനാണ് ഈ കുറിപ്പ് തുനിയുന്നത്.
പൊട്ടക്കലം എന്ന കവിതയെ (സ്വന്തം ബ്ലോഗിനിട്ട പൊട്ടക്കലം എന്ന പേരിനെയും) കവിതയോട് അവനുള്ള ബന്ധത്തിന്റെ മാനിഫെസ്റ്റോ എന്ന് ജ്യോനവന്‍ വായിപ്പിക്കും. ആവിഷ്കാരത്തെപ്പറ്റിയും അതിജീവനത്തെപ്പറ്റിയും അവന്റെ കവിതയ്ക്ക് തനതായ ആകുലതകളുണ്ടായിരുന്നു. വ്യര്‍ത്ഥതാബോധത്തിനും പ്രതീക്ഷകള്‍ക്കുമിടയില്‍ ഒരു logic gate പോലെ അവന്‍ കവിതയെ നിര്‍ത്തുന്നത് ഇവിടെ നമുക്ക് വായിക്കാം, ഒരുപക്ഷേ അതോ ഇതോ എന്ന് തീര്‍ച്ചയാക്കാനാവാത്ത അകംപുറം ജീവിതങ്ങളുടെ ജീവനുള്ള സ്മാരകം പോലെ.
പൊട്ടക്കലം എന്ന കവിതയിലെ ചില വരികള്‍ ശ്രദ്ധിക്കുക.
എന്റെയീ കവിതകള്‍
കാലഹരണപ്പെട്ടൊരു കലത്തില്‍
കാക്കയിട്ട കല്ലുകള്‍
-------------------------
-------------------------
അപ്പോള്‍
മറ്റൊരു കലം
തേടിപ്പോകാന്‍ പറഞ്ഞ്
ഞാനൊരു കല്ല് അതിന് കൊടുത്തു
കവിതയിലെ കര്‍ത്തൃത്വത്തിനെ ‘കാലഹരണപ്പെട്ട കലം’ എന്നു നിര്‍ദ്ധാരണം ചെയ്യുന്ന നമ്മള്‍ പിന്നീട് കാക്കയും കല്ലും കവിതയും ഒക്കെ ഇത്രതന്നെ സാധുവായ കര്‍ത്തൃത്വങ്ങളല്ലേ എന്ന് അന്തംവിട്ടുപോകുന്ന തരത്തില്‍ ജ്യോനവന്‍ കവിതയെ പലമാനങ്ങളില്‍ വിന്യസിച്ചിരിക്കുന്നത് കാണാം. നമ്മള്‍ വായിക്കുന്ന കവിത കാക്കയാണോ കല്ലാണോ കലമാണോ കാലഹരണമാണോ ഉണ്ടാക്കിയതെന്ന് ചോദിപ്പിക്കലാണ് ജ്യോനവന്റെ കവിതയുടെ കാര്യവും കാരണവും. ഇത്തരം സന്ദിഗ്ധതകളുടെ തെളിവുകളും സാക്ഷ്യങ്ങളുമാണ് അവന്‍ ജീവിതത്തില്‍ നിന്ന് കവിതയിലേക്ക് എടുത്തുവെയ്ക്കാനിഷ്ടപ്പെടുന്നത്. കാക്കയുമായി ബന്ധപ്പെട്ട ഒരു പഴങ്കഥയെത്തെന്നെ ഈ കവിതകൊണ്ട് പുതുക്കാമെന്ന് വിചാരിച്ചത് തീര്‍ത്തും യാദൃച്ഛികമാവാനിടയില്ല. വശങ്ങളില്‍ കണ്ണുകളുള്ള, നമ്മുടെതില്‍ നിന്നും വ്യത്യാസപ്പെട്ട ആംഗിളില്‍ നിന്നുമാത്രം ലോകത്തെ കാണുന്ന ആ പക്ഷി ജ്യോനവന്‍ കവിതയിലെമ്പാടും ഉപയോഗിക്കുന്ന പാര്‍ശ്വവീക്ഷണ (lateral thinking) ങ്ങളുടെ ഏറ്റവും നല്ല പ്രതീകമാണ്. ആഴത്തിന്റെയും ആഴത്തിലേക്ക് ഉറ്റുനോക്കുക എന്ന പ്രവര്‍ത്തിയുടെ ഏറ്റവും വലിയ പൂര്‍ണ്ണത സാധ്യമാവുന്നത് സ്വന്തം മനസ്സിലേക്കുള്ള ഉറ്റുനോട്ടങ്ങളിലാണെന്ന ബോധ്യത്തെ ഒന്നല്ലെങ്കില്‍ വേറൊരുവിധത്തില്‍ പങ്കുവെയ്ക്കുന്നവയാണ് പൊട്ടക്കലത്തിലെ കവിതകളുടെ നിലപാടുകളും നീക്കിയിരിപ്പുകളും. കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും ആകൃതിയും അടിസ്ഥാനവും മനസ്സാണെങ്കില്‍ ആ മനസ്സിനെ രൂപപ്പെടുത്തുന്നത് എന്താണ് എന്ന് , ഒരു പക്ഷേ അത് കവിതയാണോ എന്ന് ആരാഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ജ്യോനവന്റെ ആവിഷ്ക്കാരങ്ങളുടെ ഉപബോധം. മനസ്സിന്റെയും മനസ്സേ എന്ന് ജ്യോനവന്‍ കവിതയെ കിനാവുകണ്ടിരുന്നതിന്റെ സൂചനകള്‍ നമുക്കവന്റെ പല കവിതകളില്‍ നിന്നും കിട്ടുന്നുണ്ട്.
കിട്ടാനുള്ളതൊക്കെ
കൊട്ടക്കണക്കിന് വാങ്ങി
സൈഡ് ബെഞ്ചില്‍ പോയിരുന്ന്
മോങ്ങുന്ന പുഞ്ചിരി
ഒരു കവിതയാണെന്ന്
തിരിച്ചറിയാത്തവരാണ്
ഒരു ചങ്ങലയുമായി വരുന്നത്
(ഭ്രാന്ത് പറയുകയല്ല ! )
പ്രണയമേ നിന്റെ
ചിഹ്നത്തില്‍
കുത്തിക്കയറുന്ന
അമ്പിനുള്ളിലെ
കാമിക്കാനുള്ള
സാധ്യതകളെ
അനാവരണം ചെയ്യുന്ന
മുന എന്ന കവിത
ഹൃദയപാത്രത്തില്‍
വെന്തളിഞ്ഞു
!
(കവാടം എന്ന സങ്കല്പം അഥവാ സങ്കല്പം എന്ന കവാടം)
അവനവനോട് അവനവനെപ്പറ്റി അവനവന്‍ തന്നെ പറയുന്നത് അവനവന്‍ തന്നെ ഒളിഞ്ഞുകേട്ട് എഴുതിയെടുക്കുന്നതിന്റെ മട്ടും മാതിരിയുമാണ് ആ എഴുത്തിന്. ഇത്തരമൊരു sophistictaed പ്രവര്‍ത്തിയില്‍ പ്രതീക്ഷിക്കാവുന്ന സൂക്ഷ്മതയും ജാഗ്രതയും ചടുലതയും (ഒരു പൊടിക്ക് ക്രൂരതയും) ആ കവിതകളില്‍ സന്നിഹിതമാണ്. ഒളിഞ്ഞുനോട്ടം എന്ന ക്രിയയെ ജ്യോനവന്‍ തന്നെ പ്രമേയവല്‍ക്കരിച്ചിരിക്കുന്ന കവിതാശകലത്തില്‍ ഇതേപ്പറ്റിയുള്ള ആത്മബോധം പ്രതിഫലിക്കുന്നുണ്ട്.
ഒളിഞ്ഞുനോട്ടത്തെക്കുറിച്ച്
മറച്ചുവെച്ച കടലിലെ തിരയെന്ന്
എല്ലാ കലയുടെ അടിയിലും
ഇളകിമറയുന്ന പതപ്പെന്ന്
കവിത ചൊല്ലിയ
ചുഴലിക്കാറ്റ്
മൈതാനത്ത് ചുറ്റിത്തിരിഞ്ഞു.
(ആര് ആരോട് പറയാന്‍)
ഞാന്‍ / എന്റെ എന്ന ആശയം പ്രമേയമാവുമ്പോഴും ആ കവിതകള്‍ സവിശേഷ സ്വഭാവമുള്ള ഒരു കര്‍ത്തൃത്വത്തിന്റെ സങ്കീര്‍ണ്ണഭാവങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്. അസ്ഥിരവും ഒരുവേള അപ്രതീക്ഷിതവുമൊക്കെ ആയ ഉള്ളടക്കമാണ് ഏത് അസ്തിത്വത്തിന്റെയും സാകല്യം എന്ന തിരിച്ചറിവ് ജ്യോനവന്റെ കവിതകളെ പ്രകോപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്റെ ഘടികാരത്തില്‍
ഞാനേതു സൂചിയാണ് ?
-----------------------------
-----------------------------
അതെ ഇതു നിങ്ങളുടെ
കവിതയാണ്.
എന്റെയല്ല !
(ഘടികാര ചിന്തകള്‍ )
ഞാനൊരു നഗരവാസിയാണ്
തെളിച്ചുപറഞ്ഞാല്‍ ഒരഴുക്ക്ചാല്‍
നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
‘പുരുഷന്റെ പ്രായോഗികത’
എന്ന് വിവര്‍ത്തനം ചെയ്യുന്നു.
(Manhole)
ജീവിച്ചിരിക്കുന്നതിന്റെ, ജീവിച്ചിരിക്കുന്നതിനെപ്പറ്റി ഇപ്പോള്‍ തോന്നുന്നതുപോലെയൊക്കെ തോന്നലുണ്ടാവുന്നതിന്റെ ഒക്കെ കാരണങ്ങളെയും ന്യായങ്ങളെയും ഖനനം ചെയ്തെടുക്കുന്ന പണി കവിത ജ്യോനവനില്‍ (അല്ലെങ്കില്‍ ജ്യോനവന്‍ കവിതയില്‍ ) ചെയ്യുന്നത് പലപ്പോഴും കാണാനാവുന്നുണ്ട്. ആ ന്യായങ്ങളെയും കാരണങ്ങളെയും എഴുതിവെയ്ക്കുന്നതിനുള്ള ഭാഷാപരവും ഭാവുകത്വപരവുമായ പശ്ചാത്തല നിര്‍മ്മിതിപോലൊന്ന് അവനെഴുതുന്ന കവിതകളില്‍ എപ്പോഴുമുണ്ടാകും. അത്തരമൊരു പശ്ചാത്തല നിര്‍മ്മിതിക്കിടയിലാണ് അവന്റെ വരികള്‍ കുസൃതിയില്‍ നിന്ന് സാഹസത്തിലേക്കും ഐറണിയില്‍ നിന്ന് ആത്മഭഞ്ജനത്തിലേക്കും തിടംവെയ്ക്കുന്നത്.
(2)
നവീന്‍, നീ ഇല്ലാത്ത ലോകത്തിലിരുന്ന് നിന്റെ കവിതകള്‍ എന്നോട് മിണ്ടുന്നു. പണ്ടെനിക്ക് കിട്ടിയിട്ടില്ലായിരുന്ന ആവൃത്തികളില്‍ അവയില്‍ നിന്ന് സങ്കടങ്ങളും സംത്രാസങ്ങളും സൂചനകളും എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു. മരണം മനുഷ്യരോട് ചെയ്യുന്നതിന്റെ വിപരീത ദിശയിലാണ് ചില കാര്യങ്ങള്‍ അവന്റെ ആവിഷ്ക്കാരങ്ങളോട് ചെയ്യുന്നതെന്ന് ആലോചിപ്പിക്കുന്നു. നീ ഇവിടെ ബാക്കി വെച്ചുപോയ ജീവിതം കൂടി നിന്റെ കവിതകള്‍ ആഗിരണം ചെയ്തിട്ടുണ്ട്. നിന്നെപ്പറ്റിയും നിന്റെ കവിതയെപ്പറ്റിയും ഉള്ളുലഞ്ഞുപോയ ഒരു ദിവസത്തിലാണ് യെഹൂദി അമിച്ചായ് (Yehudi Amichai) യുടെ ഒരു കവിത വായിച്ചത്. അതിലിങ്ങനെ ഉണ്ട്-
പക്ഷേ,
എന്റെ നെഞ്ചുകീറിയ മുറിവിലൂടെ
ദൈവം ലോകത്തിലേക്ക്
ചുഴിഞ്ഞ് നോക്കുന്നു.
അവന്റെ വീടിന്റെ
വാതിലാണ് ഞാന്‍.
അതേ നവീന്‍, നീ എന്തിന്റെയൊക്കെയോ വാതിലായിരുന്നു. നീ എഴുതുമായിരുന്ന ഒരു കവിതയിലെന്നപോലെ, നിന്റെ മുറിവുകളിലൂടെ ഞങ്ങള്‍ നീ ബാക്കിയാക്കിയ ലോകത്തിലേക്ക് ചുഴിഞ്ഞുനോക്കുന്നു.. :(
[ബുക്ക് റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പുസ്തകം, ജ്യോനവന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ നവീന്‍ ജോര്‍ജ്ജ് എഴുതിയ കവിതകള്‍ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു.
നവീന്‍ ജോര്‍ജ്ജ് (ജനനം: 14 മാര്‍ച്ച് 1980, മാങ്ങോട് - മരണം: 3 ഒക്ടോബര്‍ 2009, കുവൈറ്റ്) വത്സമ്മയുടെയും ജോര്‍ജ്ജിന്റെയും മകനായി കാസറഗോഡ് ജില്ലയിലെ മാങ്ങോട് ജനനം. നോഷിന, നെല്‍സന്‍, നിതിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വരക്കാട് ഹൈസ്കൂള്‍, എടത്വ സെന്റ്.അലോഷ്യസ് കോളേജ്, കെ.വി.ജി. പോളി ടെക്നിക് സുള്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പൊട്ടക്കലം എന്ന ബ്ലോഗില്‍ ജ്യോനവന്‍ എന്ന പേരില്‍ കവിതകള്‍ എഴുതി. കഥകള്‍ പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്സ്‌മാനായി ജോലി ചെയ്തുവരികയായിരുന്നു. 2009 സെപ്റ്റംബര്‍ ഇരുപതിന് സംഭവിച്ച കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായി. ഒക്ടോബര്‍ മൂന്നിന് കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ വെച്ച് അകാലമരണമടഞ്ഞു.]
ടി. പി. വിനോദ്
tpv1979@gmail.com
**************************************
കവിതയുടെ വറ്റാക്കലത്തിലേക്ക് വീണ്ടുമെത്തുമ്പോൾ. : സജി കടവനാട്
ജ്യോനവനെക്കുറിച്ച് എഴുതണമെന്നാലോചിക്കുമ്പോഴൊക്കെ മരണത്തെക്കുറിച്ചായിപ്പോകയും പിന്നെ അവനവനിലേക്കെത്തുകയും ചെയ്യുന്നതെന്തുകൊണ്ടെന്നറിയില്ല. "നിന്റെ മാന്‍ഹോള്‍ ഒരുക്കിയിടുന്നത് നിന്നിലൂടെ എന്നിലേക്കുള്ള കാഴ്ചയാണ്" എന്ന് അവന്റെ അവസാന കവിതയിലിട്ട കമന്റു പോലെ.
ജ്യോനവന്റെ പുസ്തകം എന്ന ആഗ്രഹം സഫലമാകുന്നു. 'പൊട്ടക്കലം', ബുക്റിപ്പബ്ലിക്കിൽ ഒരുങ്ങുന്നു. ടി.പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ‘, വി.എം ദേവദാസിന്റെ ‘ഡിൽഡോ‘ (ആറുമരണങ്ങളുടെ പൾപ് ഫിക്ഷൻ പാഠപുസ്തകം) എന്നിവക്കു ശേഷം മൂന്നാമത്തെ പുസ്തകം.
‘പൊട്ടക്കല‘ത്തിന്റെപ്രസാധനത്തിനു മുൻപ് ഒരു കുറിപ്പ് എഴുതണമല്ലോ എന്നോര്‍ത്തു നടക്കുമ്പോള്‍ "പവിത്രമായ പാതകളേ, പാവനമായ വേഗതകളേ" എന്ന് അവന്റെ അവസാന കവിതയോര്‍മ്മിപ്പിച്ച് മുത്തീനയിലെ സിഗ്നലില്‍ ഒരു ബംഗാളിപ്പയ്യൻ കാറിടിച്ച് സൈക്കിളില്‍ നിന്ന് അകലെ തെറിച്ചുവീഴുന്നു. ജനനത്തേയും ജീവിതത്തേയും മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന സിഗ്നലില്‍ നിന്ന് ചുവപ്പ് അവനിലേക്ക് പടരുന്നു.
"ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്"!
അവസാന കവിതയിലെ അവസാന വരിയില്‍ 'ഹമ്മര്‍' കയറിയിറങ്ങുന്നതെഴുതി അതേ കവിതയിലെ കമന്റില്‍ 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ' എന്ന് പറഞ്ഞ് ജ്യോനവന്‍ വാക്കുപാലിച്ചു. ജീവിതവുമല്ല മരണവുമല്ലാത്ത കോമയിലേക്ക് അവനെ കൊണ്ടുപോയതിനും പത്തുദിവസം കഴിഞ്ഞാണ് അവന്റെ ബ്ലോഗിലെ ഒരു കമന്റിലൂടെ അപകട വിവരം അറിയുന്നത്. ബ്ലോഗില്‍ ജ്യോനവന്‍ എന്ന അനോണിപേരിലെഴുതുകയും തന്റെ അനോണിത്വം സൂക്ഷിക്കുകയും ചെയ്തിരുന്നതിനാല്‍ അപകടവിവരം സ്ഥിരീകരിക്കുന്നതിനും കുവൈത്തിലെ ഹോസ്പിറ്റലില്‍ കോമയില്‍ കഴിയുകയാണന്നറിയുന്നതിനും പിന്നെയും മണിക്കൂറുകള്‍... ഒടുവില്‍ ബൂലോകത്തെ എല്ലാപ്രാര്‍ത്ഥനകളേയും വെറുതെയാക്കി ജ്യോനവന്‍ എന്ന തൂലികാനാമവും തന്റെ എഴുത്തിടമായ പൊട്ടക്കലത്തില്‍ ഒത്തിരി കവിതകളും ബാക്കിവെച്ച് നവീൻ ജോർജ്ജ്‍ വിടപറഞ്ഞു.
മലയാള കവിതയില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രാരംഭദശ അടയാളപ്പെടുത്തുന്നതാണ് ജ്യോനവന്റെ ബ്ലോഗിലെ അവസാനകവിതകളില്‍ പലതും. ജീവിക്കുന്ന കാലഘട്ടത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്ന ചില ശീലങ്ങള്‍ പോലെ രാസമാറ്റം പ്രകടമാണ്.
ചെവിയുരിഞ്ഞുവീഴുന്നതിനൊപ്പം ചെവിയിലൂടെ കയറിയിറങ്ങുന്ന ഞരക്കത്തെ സങ്കല്പ്പിക്കുമ്പോള്‍ ഹമ്മര്‍ വെറും വാഹനമായി വായിക്കേണ്ടതല്ല. അതിനപ്പുറം വായനകളുള്ള ചില പരീക്ഷണങ്ങളുടെ തുടര്‍ച്ചയുണ്ട് വരികളില്‍. ആ തുടര്‍ച്ചയാണ് കവിതക്കു നഷ്ടമായത്. അക്ഷരങ്ങളെ തിരിച്ചുംമറിച്ചുമിട്ട് വാക്കര്‍ത്ഥങ്ങളിലെ വ്യതിയാനത്തിനൊപ്പം ആശയത്തെ കീഴ്മേല്‍ മറിക്കുന്ന ജാലവിദ്യയുണ്ട് ചില കവിതകളില്‍. മരണത്തെ മുങ്കൂട്ടി കണ്ടുവെന്ന് വായനക്കാര്‍ വിലപിച്ച വരികളിങ്ങനെ;
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!
വിവാഹം ഉറപ്പിച്ചുവെച്ച കാലത്തെ കവിതയില്‍!
മറ്റൊരു കവിതയില്‍ ആ തിരിഞ്ഞുകിടക്കല്‍ ഇങ്ങിനെയായിരുന്നു:
മനോഹരാ മനോഹരീ...
തിരിഞ്ഞു കിടക്കുന്ന
നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍...
വാക്കുകള്‍ കൊണ്ടുള്ള ഈ കളി അക്ഷരതെറ്റിനെക്കുറിച്ചുള്ള മറ്റൊരു കവിതയില്‍;
ഏച്ചുകെട്ടിയാല്‍
മുലച്ചിരിക്കും
എന്നെഴുതിയതിന്
നാലാംക്ലാസില്‍ വച്ച്
ടീച്ചറെന്നെ സൈക്കിള്‍
ചവിട്ടിച്ചിട്ടുണ്ട്.
മുഴ മുഴ എന്നു നൂറുവട്ടം
ഇംപോസിഷന്‍
തന്നിട്ടുണ്ട്.
ദൈവം
ചെയ്തുപോയൊരു
തെറ്റിന്
എന്നെയെന്തിനു വെറുതെ...
ആ ഏച്ചുകെട്ടല്‍ ആദത്തിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയിലേക്കു മുഴച്ചതായി വായിക്കപ്പെടുമ്പോള്‍ അക്ഷരതെറ്റു പോലും ഗൂഢാര്‍ത്ഥങ്ങളുള്ള കവിതകളാണല്ലോ എന്ന് ആശ്ചര്യപ്പെടുന്നു. അക്ഷരങ്ങളില്‍ മാത്രമല്ല എഴുത്തിലുപയോഗിക്കുന്ന ചിഹ്നങ്ങളെപ്പോലും നല്ല നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട് ഇയാള്‍. ചിഹ്നങ്ങളുടെ ശരീരഭാഷ വിവരിക്കുന്ന ‘വിശപ്പ് എപ്പോഴും ഒരു കോമ’ എന്ന കവിതയില്‍ ചിഹ്നങ്ങളെ വിശപ്പായും അതുമായി ബന്ധപ്പെട്ട അരിവാള്‍, അരിമണി തുടങ്ങിയവയുടെ 'പലപോസിലുള്ള ചിത്രങ്ങളായും' വരച്ചിടുന്നു.
വിശപ്പു് എപ്പോഴും ഒരു കോമ
ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്
ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍
പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി
വിശപ്പു് എപ്പോഴും ഒരു കോമ
ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം.
ജീവിച്ചിരിക്കുന്നതിന്റെ ബദ്ധപ്പാടുകളെക്കുറിച്ചെഴുതി, അടയാളങ്ങളുടെ മറവിയടുക്കില്‍ വരകള്‍ തെളിച്ചിട്ട് മരണത്തിലേക്ക് അതിവേഗം അവന്‍ യാത്ര പോയി. എഴുതിതുടങ്ങുന്ന ഏതൊരാളെപ്പോലെയും ഒരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ സ്വപ്നങ്ങള്‍ ബാക്കിയായിരുന്നിരിക്കാം. അവനില്ലാതെ അവന്റെ പുസ്തകം പുറത്തിറങ്ങയാണ്. എവിടെയിരുന്നായാലും നമ്മളെപ്പോലെ അവനുമിപ്പോള്‍ സന്തോഷിക്കയായിരിക്കും
###########################
Friday, July 13, 2012
Wednesday, July 11, 2012
പൊട്ടക്കലം - ജ്യോനവൻ കവിതകളുടെ പ്രകാശനം
നല്ല പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും
പരമ്പരാഗത രീതിയില്‍ നിന്നു മാറ്റി അവതരിപ്പിച്ചുകൊണ്ട് നിലവില്‍ വന്ന
സമാന്തര പുസ്തക പ്രസാധന സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. വായാനാനുഭവങ്ങളെ
കാലോചിതമായി എങ്ങനെ മാറ്റിമറിക്കാം എന്ന ലക്ഷ്യവുമായി മുന്നോട്ട്
വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗ്ഗര്‍മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക്
റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പുസ്തകം, ജ്യോനവന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍
നവീന്‍ ജോര്‍ജ്ജ് എഴുതിയ കവിതകള്‍ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച
വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യും. പ്രസാധന- വിതരണ പ്രവര്‍ത്തനങ്ങള്‍
വികേന്ദ്രീകൃതമാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന
ബുക്ക് റിപ്പബ്ലിക് മൂലധനം സമാഹരിക്കുന്നത് അംഗങ്ങളില്‍ നിന്നും
ചെറുതുകകളായാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍
വഴിയാണ് നടത്തുന്നത്. ടി.പി വിനോദിന്റെ 'നിലവിളിയെ കുറിച്ചുള്ള
കടങ്കഥകള്‍’ (കവിതാ സമാഹാരം), വി.എം ദേവദാസിന്റെ ‘ഡില്‍ഡോ - ആറു
മരണങ്ങളുടെ പള്‍പ്‌ഫിക്ഷന്‍ പാഠപുസ്തകം’ (നോവല്‍) എന്നിവയാണ് ബുക്ക്
റിപ്പബ്ലിക്ക് പ്രസാധനം ചെയ്ത മറ്റു പുസ്തകങ്ങള്‍
ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, ശ്രീകുമാര്‍ കരിയാട്, എസ്. കണ്ണന്‍, വിഷ്ണുപ്രസാദ്, സനല്‍ ശശിധരന്‍ എന്നിവരും ബുക്ക് റിപ്പബ്ലിക് പ്രവര്‍ത്തകരും പങ്കെടുക്കും. ബുക്ക് റിപ്പബ്ലിക് പ്രസാധനം ചെയ്ത പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും അന്നേ ദിവസം നടക്കും.
നവീന്‍ ജോര്‍ജ്ജ്
(ജനനം: 14 മാര്‍ച്ച് 1980, മാങ്ങോട് - മരണം: 3 ഒക്ടോബര്‍ 2009, കുവൈറ്റ്)
വത്സമ്മയുടെയും
ജോര്‍ജ്ജിന്റെയും മകനായി കാസറഗോഡ് ജില്ലയിലെ മാങ്ങോട് ജനനം. നോഷിന,
നെല്‍സന്‍, നിതിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വരക്കാട് ഹൈസ്കൂള്‍, എടത്വ
സെന്റ്.അലോഷ്യസ് കോളേജ്, കെ.വി.ജി. പോളി ടെക്നിക് സുള്യ എന്നിവിടങ്ങളില്‍
വിദ്യാഭ്യാസം. പൊട്ടക്കലം എന്ന ബ്ലോഗില്‍ ജ്യോനവന്‍ എന്ന പേരില്‍ കവിതകള്‍
എഴുതി. കഥകള്‍ പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഒരു
സ്വകാര്യ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്സ്‌മാനായി ജോലി ചെയ്തുവരികയായിരുന്നു.
2009 സെപ്റ്റംബർ ഇരുപതിന് സംഭവിച്ച കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്
അബോധാവസ്ഥയിലായി. ഒക്ടോബര്‍ മൂന്നിന് കുവൈറ്റിലെ അദാന്‍
ആശുപത്രിയില്‍ വെച്ച് അകാലമരണമടഞ്ഞു.
Labels:
കവിത,
ജ്യോനവൻ,
പുസ്തകം,
പൊട്ടക്കലം,
പ്രകാശനം,
ബുക്ക് റിപ്പബ്ലിക്ക്
Wednesday, June 6, 2012
Tuesday, May 24, 2011
ജ്യോനവന്റെ പുസ്തകം
പ്രിയരേ,
ജ്യോനവനെ ഓര്‍ക്കുന്നില്ലേ?"പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കു ന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.
ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്."
എന്ന അവസാന വരികള്‍ കവിതയിലൂടെ കുറിച്ച് "ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ" എന്ന അവസാന കമന്റിലൂടെ നമ്മളെയൊക്കെ സ്തബ്ധനാക്കി, അക്ഷരങ്ങളിലൂടെ നമുക്കിടയില്‍ ഇപ്പോഴും ജീവിക്കുന്ന പ്രിയ കവി! ജ്യോനവനെന്ന ഒരു വലിയ വിടവു ബാക്കിയാക്കി നവീണ്‍ നമ്മെ വിട്ടു പോയിട്ട് രണ്ട് വര്‍ഷം തികയാന്‍ പോകുന്നു...
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!
എന്ന് പറഞ്ഞ് വെച്ച് അകാലത്തില്‍ മരണത്തിന് കീഴടങ്ങിയ നമ്മുടെ പ്രിയ കവി, തന്റെ ഡയറിത്താളില്‍ കുറിച്ചിട്ടതും, അടുത്ത സുഹൃത്തുക്കളോട് പ്രകടിപ്പിച്ചിരുന്നതുമായ ഏറ്റവും വലിയ ആഗ്രഹം തന്റെ കവിതാസമാഹാരം പുറത്തിറക്കുക എന്നുള്ളതായിരുന്നു.
രണ്ട് വര്‍ഷത്തോടടുത്തിട്ടും പല കാരണങ്ങളാലും മുടങ്ങിപ്പോയ ജ്യോനവന്റെ ആഗ്രഹം, ബുക്ക് റിപ്പബ്ലിളിക് സാക്ഷാല്‍ക്കരിക്കാന്‍ പോകുകയാണ്. ജ്യോനവന്റെ കവിതകള്‍, കഥകള്‍, ജ്യോനവ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍, മറ്റ് കുറിപ്പുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ഒരു ബൃഹത് സമാഹാരമാണ് ബുക്ക് റിപ്പബ്ലിക് ലക്ഷ്യമിടുന്നത്! ജ്യോനവന്റെ സുഹൃത്തുക്കളും, സഹോദരനുമായി സംസാരിച്ചതുനുസരിച്ച്; അവരുടെ ആഗ്രഹപ്രകാരമാണ് ബുക്ക് റിപ്പബ്ലിക് ഇങ്ങനെയൊരു സംരംഭത്തിന് മുന്‍കൈയ്യെടുക്കുന്നത്. ആനുകാലികങ്ങളിലും വെബ് മാഗസിനുകളിലും ബ്ളോഗിലും മറ്റിടങ്ങളിലും ഡയറിക്കുറിപ്പുകളിലുമൊക്കെയായി ജ്യോനവന്‍ കുറിച്ചിട്ട സൃഷ്ടികള്‍
ബു.റി. പ്രവര്‍ത്തകര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു.
പൊട്ടക്കലം എന്ന ബ്ളോഗിലോ, പുഴ മാഗസിനിലോ പ്രസിദ്ധീകരിച്ചതല്ലാത്ത ജ്യോനവന്റെയോ, ജ്യോനവനെ സംബന്ധിച്ചതോ ആയ സൃഷ്ടികളോ കുറിപ്പുകളോ ജ്യോനവന്റെ സുഹൃത്തുക്കളുടെ കൈവശം ഉണ്ടെങ്കില്‍ ദയവു ചെയ്ത്
bookrepublic@gmail.com, vm.devadas@gmail.com, ranjidxb@gmail.com
എന്ന ഏതെങ്കിലും മെയില്‍ അഡ്രസ്സിലേയ്ക്ക് അയയ്ക്കുമല്ലോ? പുസ്തകങ്ങളെക്കുരിച്ചുള്ള വിവരങ്ങളും മറ്റ് വിശദാംശങ്ങളും ഉടന്‍ അപ്ഡേറ്റ് ചെയ്യാം.
സ്നേഹപൂര്‍വ്വം...
ബുക്ക് റിപ്പബ്ലിക് പ്രവര്‍ത്തകര്‍
ജ്യോനവന്റെ ബ്ലോഗ് : പൊട്ടക്കലം
Subscribe to:
Posts (Atom)