Thursday, June 26, 2008

സമാന്തരമായ ഒരു പുസ്തക വിതരണ സംരംഭത്തെത്തെക്കുറിച്ച്‌ ചിന്തിക്കുകയാണ്‌

സമാന്തരമായ ഒരു പുസ്തക വിതരണ സംരംഭത്തെത്തെക്കുറിച്ച്‌ ചിന്തിക്കുകയാണ്‌.വായനക്കാരിലേക്ക്‌ എത്തേണ്ട പുസ്തകങ്ങൾ എത്താതെ പോകുക എന്ന ദുരവസ്ഥയുണ്ട്‌ ഇപ്പോൾ.കയ്യിൽ കാശുള്ള ആർക്കും പുസ്തകം ഇറക്കാം അഥവാ എത്ര നല്ലതാണെങ്കിലും പുസ്തകം ഇറക്കണമെങ്കിൽ കയ്യിൽ നിന്ന് കാശു കൊടുക്കണം എന്ന അവസ്ഥ ഒരു വശത്ത്‌.കാശുകൊടുത്ത്‌ ഇറക്കിയ പുസ്തകം എന്ന ദുഷ്പ്പേര്‌ മറുവശത്ത്‌.ഇനി എല്ലാ ദുഷ്പ്പേരും സഹിക്കാം എന്ന് കരുതി പുസ്തകം ഇറക്കി എങ്കിലും അത്‌ വായനക്കാരിലേക്ക്‌ എത്തുന്നില്ല എന്ന ദുർവ്വിധി മറ്റൊരു വശത്ത്‌.പുസ്തക പ്രസാധനവും വിതരണവും രണ്ട്‌ തട്ടിൽ നിൽക്കുന്നതിന്റെ അസ്കിതകളാണിതൊക്കെ.പ്രസാധനം ഇന്ന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാതായി തീർന്നിരിക്കുന്നതുകൊണ്ടാകാം പ്രസാധകർ അനവധി പ്രസാധനങ്ങളും നിരവധി.പക്ഷേ പ്രശ്നം വിതരണമാണ്‌.വിതരണം എന്ന കീറാമുട്ടികാരണം തമസ്കരിക്കപ്പെടുന്ന പുസ്തകങ്ങൾ എത്രയധികമെന്ന് പറയാൻ കഴിയില്ല.ശക്തമായ വിതരണ സംവിധാനങ്ങളുള്ള വളരെ ചുരുക്കം പ്രസാധകരേ ഇന്ന് മലയാളത്തിലുള്ളു.അവർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളേ ഇന്ന് ഒരൽപ്പമെങ്കിലും നേരേ ചൊവ്വേ വായനക്കാരനിലെത്തുന്നുള്ളു,അത്‌ പുസ്തകത്തിന്റെ നിലവാരം എന്തുതന്നെയായാലും അങ്ങനെ തന്നെ.ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

എന്റെ മനസിൽ തോന്നുന്നത്‌ ഒരു സമാന്തരമായ വിതരണ ശൃംഖല രൂപപ്പെടുത്തുക എന്നതാണ്‌.ഒരു സ്വതന്ത്ര സമാന്തര പുസ്തക വിതരണ സംഘം


പ്രവർത്തന പദ്ധതി സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുക എന്നതല്ല,ആരുതന്നെ പ്രസിദ്ധീകരിക്കുന്ന പുസ്തകമായാലും അങ്ങനെയൊരു പുസ്തകത്തെക്കുറിച്ച്‌ വായനക്കാരെ അറിയിക്കുക എന്നതാണ്‌.ആ പുസ്തകത്തെ സംബന്ധിച്ച്‌ വസ്തു നിഷ്ടമായൊരു കാഴ്ചപ്പാട്‌ രൂപീകരിക്കാൻ അവരെ സഹായിക്കുക എന്നതാണ്‌.അങ്ങനെ സ്വരൂപിക്കപ്പെടുന്ന കാഴ്ചപ്പാടുകൊണ്ട്‌ അയാൾക്ക്‌ അല്ലെങ്കിൽ അവർക്ക്‌ ഏതെങ്കിലും പുസ്തകം ആവശ്യമുണ്ട്‌ എങ്കിൽ അത്‌ എത്തിച്ചുകൊടുക്കുക എന്നതാണ്‌

ഓരോ സബ്ജില്ലയിലും ഒരു യൂണിറ്റ്‌ എങ്കിലും പ്രവർത്തിക്കാനുണ്ടാകണം.പ്രധാന പ്രവർത്തനങ്ങൾ അതാത്‌ സ്ഥലത്ത്‌ വായനയിൽ താൽപ്പര്യമുള്ള ആളുകളുടെ ഒരു ഡേറ്റാ ബാങ്ക്‌ ഉണ്ടാക്കുക.പുസ്തകപരിചയപ്പെടുത്താനുള്ള വായനകൾ സംഘടിപ്പിക്കുക,പുസ്തക റിവ്യൂകൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ താൽപ്പര്യമുള്ളവരിൽ എത്തിക്കുക എന്നിവയായിരിക്കും.

ഒരു തരത്തിലുള്ള ഡയറക്റ്റ്‌ മാർക്കെറ്റിങ്ങ്‌ ആണിത്‌.പക്ഷേ അടിച്ചേൽപ്പിക്കലല്ല ആവശ്യം നിറവേറ്റലാവും ഉദ്ദേശ്യം എന്നുമാത്രം.

ഓരോ പ്രാദേശികയൂണിറ്റിനും നിയന്ത്രിതമായ സ്വയം ഭരണാവകാശം ഉണ്ടായിരിക്കണമെന്ന് കരുതുന്നു.പുസ്തകം വിറ്റു കിട്ടുന്ന തുകയുടെ ലാഭവിഹിതം പ്രവർത്തനച്ചെലവുകൾക്ക്‌ ഉപയോഗിക്കാം.പ്രവർത്തനം ഇതര സാമൂഹിക പ്രവർത്തനങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.

അവശ്യം വേണ്ടതെന്ന് തോന്നുന്നത്‌.
1.ഒരു പ്രതിമാസ ബുള്ളറ്റിൻ:-മലയാളത്തിൽ ഇറങ്ങുന്നതും മുൻപ്‌ ഇറങ്ങിയിട്ടുള്ളതുമായ കാമ്പുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആവും ഇതിൽ പ്രധാനം.ഇപ്പോൾ വിതരണ സംവിധാനമുള്ള മിക്ക പ്രസാധകർക്കും ഈ സംവിധാനം ഉണ്ട്‌ എങ്കിലും അതൊക്കെ പ്രൊമോഷണൽ ആണ്‌ എന്നതുകൊണ്ട്‌ സ്വതന്ത്രമല്ല എന്നുള്ളതും എല്ലാം തന്നെ താന്താങ്ങളുടെ പുസ്തകങ്ങളെക്കുറിച്ച്‌ മാത്രമാണെന്നതും ഒരു പോരായ്മയാണ്‌.ഈ പോരായ്മയെ മറികടക്കുന്നതായിരിക്കണം നിരൂപണങ്ങൾ,കഴിയുമെങ്കിൽ ഒന്നിലധികം പേരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചാൽ നന്നാവും.
2.സംഘത്തിന്റെ നേതൃത്വത്തിൽ മാസം തോറും നടത്തുന്ന വായനാ ക്യാമ്പുകൾ-ഇവയിൽ പ്രാദേശികമായ സാഹിത്യകൂട്ടായ്മകളുടെ സഹായം അഭ്യർത്ഥിക്കാവുന്നതാണ്‌.
3.പ്രവർത്തകർ
4.വ്യക്തമായ ഒരു സംഘടനാ രൂപം.
5.ഒരു ഹെഡ്‌ ഓഫീസ്‌
6.തുടക്കത്തിന്‌ ആവശ്യമുള്ള പണം.

(ഇത്‌ റഫ്‌ ആയിത്തന്നെ പോസ്റ്റ്‌ ചെയ്യുന്നത്‌...ഒറ്റക്ക്‌ ഇത്‌ ടഫ്‌ ആണെന്ന് ബോധ്യമുള്ളതുകൊണ്ടും..അഭിപ്രായങ്ങൾ കൂട്ടായി ഉരുത്തിരിയണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ആണ്‌.മിനുക്കു പണികൾ ചെയ്ത്‌ സമയം കളയുന്നില്ല.)

40 comments:

വിഷ്ണു പ്രസാദ് said...

നല്ല ആശയമാ‍ണ്.എന്നെക്കൊണ്ട് കഴിയും‌പോലൊക്കെ സഹകരിക്കാം.തുടക്കത്തില്‍ തന്നെ ബുള്ളറ്റിന്‍ ഇറക്കല്‍ നടക്കുമോ എന്നൊരു സംശയമുണ്ട്...
ബാക്കിയെല്ലാം ഓ.കെ.

Sanal Kumar Sasidharan said...

വിഷ്ണൂ,ഞാന്‍ ഈ ആശയത്തെ എങ്ങനെ വിപുലവും പ്രായോഗികവും ആക്കി മാറ്റാം എന്ന ആലോചനയ്ക്ക് ഇതു മുന്നില്‍ വയ്ക്കുകയായിരുന്നു.നിര്‍ദ്ദേശങ്ങള്‍ വേണം എങ്ങനെ നടപ്പാക്കാം,എവിടെ ആദ്യം കൂടാം,എങ്ങനെ സംഘടനയുടെ ഘടന നിശ്ചയിക്കാം എന്നൊക്കെ ആലോചിക്കേണ്ടിയിരിക്കുന്നു.അഭിപ്രായങ്ങള്‍ ആണു വേണ്ടത്..

un said...

പുസ്തകപ്രസാധനമല്ല യഥാര്‍ത്ഥ പ്രശ്നം.വിതരണം തന്നെയാണ്. ബ്ലോഗില്‍ ഉള്ള വായനക്കാര്‍ മാത്രം പുസ്തകം വാങ്ങിയതു കൊണ്ടായില്ലല്ലോ? ബ്ലോഗിനു പുറത്തുള്ള വായനക്കാരില്‍ എത്തിക്കുക എന്നതാണ് പ്രധാ‍ാന കടമ്പ. ഒരു വളന്റിയര്‍ ഘടന പ്രായോഗികമാണെന്നു തോന്നുന്നില്ല. അതില്‍ ഉത്തരവാദിത്തങ്ങള്‍ കുറയും. പ്രാദേശികമായി ഇത് ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് നടത്താന്‍ കഴിവും താല്പര്യവുമുള്ളവരെ കണ്ടെത്തി യൂണിറ്റുകള്‍/ഫ്രാഞ്ചൈസികള്‍ രൂപപ്പെടുത്തി പ്രവര്‍ത്തിക്കുകയായിരിക്കും പ്രായോഗികമെന്ന് തോന്നുന്നു. സനല്‍ സൂചിപ്പിച്ചതു പോലെ കലാലയങ്ങളോടു ചേര്‍ന്നുള്ള ബുക്ക് സ്റ്റോളുകളുമായും സംസാരിക്കാവുന്നതാണ്. പ്രാദേശികമായി വിതരണരീതിയില്‍ വ്യത്യാസം വരുത്തേണ്ടി വരുന്നമെന്നതിനാല്‍ അത് ഓരോ യൂണിറ്റിനും തീരുമാനിക്കാവുന്നതാണ്. കച്ചവട താല്പര്യങ്ങളില്ലാത്ത ഡെലിഗേറ്റ് പോലുള്ള സംരഭങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതും ഒരു സാധ്യതയാണ്.

പലര്‍ക്കും പലരീതിയിലായിരിക്കും സഹകരിക്കാനാവുക. ചിലര്‍ക്ക് മുതല്‍മുടക്കാന്‍ കഴിയുമായിരിക്കും, മറ്റു ചിലര്‍ക്ക് പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ കഴിയുമായിരിക്കും.

ജനാധിപത്യ പ്രക്രിയ നല്ലതെങ്കിലും,
ഏതൊക്കെ പുസ്തകങ്ങള്‍ ഇറക്കണം,എങ്ങിനെ ഇറക്കണം? ആരു എഡിറ്റ് ചെയ്യും? ഇതിനൊക്കെയായി ഈ മേഖലയില്‍ പ്രാവീണ്യമുള്ളവരെ ചേര്‍ത്ത് ഒരു എഡിറ്റോറിയല്‍ ബോഡി ഉണ്ടാക്കുന്നതായിരിക്കും കൂടുതല്‍ പ്രായോഗികം.അല്ലെങ്കില്‍ സ്വന്തം പുസ്തകം ഇറക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമായിരിക്കും പലരും ഇറങ്ങിത്തിരിക്കുക.ഇതില്‍ ആരൊക്കെ വേണമെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കാവുന്നതാണ്.

മോറല്‍ സപ്പോര്‍ട്ട് മാത്രമായി ഇവിടെ ആരും വരില്ല എന്നും പ്രതീക്ഷിക്കാം:)

ബാക്കി അഭിപ്രായങ്ങള്‍ തോന്നുമ്പോള്‍ തോന്നുമ്പോള്‍ ഇവിടെവന്ന് പറയാം.
ചര്‍ച്ച തുടരട്ടെ

aneeshans said...

സനലെ ഈ പറഞ്ഞതൊന്നും അല്ലാതെ വേറെ ഒന്നും തലയില്‍ വരുന്നില്ല. ഒന്നു കൂടൊന്ന് ആലോചിക്കട്ടെ.

Sanal Kumar Sasidharan said...

ദസ്തക്കിര്‍ പറഞ്ഞത് ശരിയാണ്,ഒരു വളന്റിയര്‍ ഘടന അത്ര പ്രായോഗികമല്ല എന്ന അഭിപ്രായം എന്റെ മറ്റു ചില അടുത്ത സുഹൃത്തുക്കളും പറഞ്ഞു കേട്ടു.അങ്ങനെയാവുമ്പോള്‍ ഉത്തരവാദിത്തം കുറയും എന്നതാണ് പരാധീനത.പക്ഷേ ഒരു കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഉണ് ബുദ്ധിമുട്ടുകള്‍.ഒന്ന് ആദ്യം വേണ്ടി വരുന്ന മുടക്കു മുതല്‍ തന്നെ.ഒരു ബിസിനെസ് എന്ന നിലയില്‍ ഇതിനെ കാണുകയും ഒരു തൊഴില്‍ എന്ന നിലയില്‍ പ്രാദേശികമായി ആളുകളെ നിയമിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മുടക്കുമുതല്‍ കൂടും.പക്ഷേ ലാഭമുണ്ടാക്കുക എന്നത് (ഒരു നല്ല ലക്ഷ്യത്തോടെ)മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വ്യവസായ സ്ഥാപനം എന്ന നിലയില്‍ വളരാനുള്ള സാധ്യത വളരെയുണ്ടു താനും.അങ്ങനെ ഒരു ലക്ഷ്യം മുന്നില്‍ കാണാനുള്ള കെല്‍പ്പ് നമുക്കുണ്ടെങ്കില്‍ മാത്രമെ ഡി.സി.പോലുള്ള കുത്തകകളുടെ കയ്യില്‍ നിന്നും ഈ മേഖലയെ ഗുണകരമായ മാറ്റങ്ങളിലേക്ക് കൊണ്ടു പോകാനും കഴിയൂ...
പക്ഷേ അങ്ങനെ വരുമ്പോള്‍ ഒരു വ്യവസായ സ്ഥാപനത്തിന്റെ ഘടനാ വിശേഷങ്ങളോടെ വേണം ഇതിനു രൂപം കൊടുക്കാന്‍.
അതായത്.
1.ലാഭം ഒരു ലക്ഷ്യം ആയിരിക്കണം
2.കഴിവുറ്റ ഒരു ഭരണ നിര്‍വ്വഹണ സംവിധാനം ഉണ്ടായിരിക്കണം

അതേക്കുറിച്ച് എന്തു പറയുന്നു.
ഒരു രെജിസ്റ്റേര്‍ഡ് കമ്പനിയായി രൂപീകരിക്കാന്‍ കഴിയുമോ?
തുടക്കത്തില്‍ തന്നെ കേരളം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ചില ജില്ലകളിലെങ്കിലും ഈ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ?
അതിനുള്ള മുതല്‍ മുടക്ക് എന്താണ്?

aneeshans said...

ഒരു കമ്പനി എന്ന ആശയത്തോട് യോജിക്കുന്നു. കൊച്ചിയില്‍ സ്ഥിരമായുള്ള ആള്‍ എന്ന നിലയില്‍ എന്നെക്കൊണ്ടാവുന്നത് ചെയ്യാം. ഒരു സംരഭം തുടങ്ങാന്‍ വേണ്ടി എടുത്തിട്ട ഒരു ഓഫീസും, ഫര്‍ണ്ണീച്ചറുകളും ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. എല്ലാം ഒന്നു പുതുക്കേണ്ടി വരും. എം ജി റോഡിലാണ് അത്.

Sanal Kumar Sasidharan said...

അനീഷേ അതൊരൂ നല്ല കാര്യമാണ്....എന്തു മുടക്കുമുതല്‍ വേണ്ടിവരും എന്നതേക്കുറിച്ച് എന്താണഭിപ്രായം?
പണം നമുക്ക് എങ്ങനെ സമാഹരിക്കാം?
പരാതികളില്ലാതെ എങ്ങനെ വിനിയോഗിക്കാം?

aneeshans said...

മുതല്‍ മുടക്കിനെ കുറിച്ച് ഒന്നുകൂടെ ആലോചിക്കേണ്ടി വരും. ആരൊക്കെ തയ്യാറുണ്ട് എന്നറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം. തയ്യാറുള്ള രണ്ടോ മൂന്നോ ആളുകള്‍ മുന്നിലേക്ക് വന്നാല്‍ ഫണ്ട് സമാഹരിക്കുന്നത് കുറച്ച് കൂടെ എളുപ്പമാവും

traveller said...

sanal,
am there for all the help
please go ahead

Sanal Kumar Sasidharan said...

അനീഷേ,തയ്യാറുള്ളവര്‍ ധാരാളം ഉണ്ടാകും.രണ്ട് തരത്തിലാവും സഹകരണം എന്ന് വിശ്വസിക്കുന്നു.
1. നാട്ടില്‍ ഇപ്പൊള്‍ ഉള്ളവര്‍ ഭൌതീക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും.
2. പ്രവാസികളില്‍ താല്‍പ്പര്യമുള്ളവര്‍ സാമ്പത്തിക കാര്യങ്ങളില്‍ സഹകരിക്കും

ഇതു രണ്ടും ഏകോപിപ്പിക്കാന്‍ ഒരു നല്ല ഭരണ നിര്‍വ്വഹണ സംവിധാനം ആണ് ഉണ്ടാകേണ്ടത്.
1.വ്യക്തമായ പ്രവര്‍ത്തന പദ്ധതി
2.സുതാര്യമായ സാമ്പത്തിക വിനിമയം
3.കൃത്യമായ അക്കൌണ്ടിങ് എന്നിവയാവും പ്രധാ‍ന സംഗതികള്‍

അനില്‍,
പിന്തുണയില്‍ നിറഞ്ഞ സന്തോഷം.

ഇനി,
വിതരണത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് മനസില്‍ വന്ന ചില കാര്യങ്ങള്‍.
ഇപ്പോള്‍ നിലവിലുള്ള ഏറ്റവും പ്രമുഖമായ വിതരണ സ്ഥാപനത്തിനു പോലും ഉള്ളത് 35-40 ഔട്ട് ലെറ്റുകളാണെന്നറിയുന്നു.അതും പ്രധാന പട്ടണങ്ങളില്‍ മാത്രം.ഇത് മറികടക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.നമ്മുടെ നാട്ടില്‍ അനവധി കലാലയങ്ങളുണ്ട് സ്വാശ്രയ സംരഭങ്ങള്‍ നിലവില്‍ വന്ന ശേഷം ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലുമുണ്ട് കലാലയങ്ങള്‍.ഓരോ കലാലയങ്ങള്‍ക്ക് മുന്നിലും ഒരു ബൂക്ക്സ്റ്റാളെങ്കിലും ഉണ്ടാകും-ബുക്ക്സ്റ്റാള്‍ എന്നാല്‍ പഠനസാമഗ്രികളെയും പാഠ്യപുസ്തകങ്ങളേയും ഉദ്ദേശിച്ചുകൊണ്ടുള്ള ചെറുകിട സ്ഥാപനങ്ങള്‍-ഇവരുമായി ഒരു ധാരണയില്‍ എത്താന്‍ കഴിഞ്ഞാല്‍ തന്നെ നമ്മുടെ ഒരു ഔട്ട് ലെറ്റ്-നാം പ്രൊമോട്ട് ചെയ്യാനുദ്ദേശിക്കുന്ന പുസ്തകങ്ങള്‍,നമ്മുടെ ലഘുലേഖകള്‍,പുസ്തകങ്ങള്‍ ഇവ ലഭ്യമാകുന്ന സഥലങ്ങള്‍-പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.കൃത്യമായ ഒരു ഫോളോ അപ്പിന് ആവശ്യമായ ജോലിക്കാരെ നിയമിക്കണം.അത് പാര്‍ട്ട് ടൈം ആയി ചെയ്യാവുന്ന ഒന്നായി നിജപ്പെടുത്തിയാല്‍ ശംബളത്തിന്റെ കാര്യവും മറ്റും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും.
ആദ്യം വേണ്ടത് നാട്ടില്‍ സന്നദ്ധതയുള്ളവര്‍ മുന്നോട്ട് വരിക എന്നതാണ്.കമ്പനി രൂപീകരിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ ആദ്യം കമ്പനി രെജിസ്റ്റര്‍ ചെയ്യണം.അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.കൃത്യമായ സാംബത്തിക വിജയം ഉന്നം വയ്ക്കുകയും വേണം.ഇതൊക്കെയാണെ എന്റെ അഭിപ്രായം.

simy nazareth said...

നൊമാദ്: എന്ത് മുതല്‍മുടക്ക് വേണ്ടിവരും? എം.ജി. റോഡില്‍ ഒരു ബുക്സ്റ്റാള്‍ നടത്തി ലാഭകരമാക്കാന്‍ പ്രയാസമാവില്ലേ?

സനല്‍: പുസ്തകം വില്‍ക്കാന്‍ കടകള്‍ വേണമെന്നില്ല. ഏതെങ്കിലും വീടുകളില്‍ വെച്ചിരുന്ന് പോസ്റ്റ് വഴി വിതരണം ചെയ്താലും മതിയാകും (വി.പി.പി). അതിന് പുതിയ പുസ്തകം ഇറങ്ങുമ്പോള്‍ വാങ്ങാന്‍ താല്പര്യമുണ്ട് എന്നു തോന്നുന്ന ഒരു ഗ്രൂപ്പ് ആളുകകളെ ആ വിവരം അറിയിക്കുകയാണു വേണ്ടത്. അത് രണ്ടു തരത്തില്‍ ചെയ്യാന്‍ പറ്റും.

1) ഇ-മെയ്ല് വഴി. ഒരു പതിനായിരം മലയാളികളുടെ എങ്കിലും ഇ-മെയ്ല് ഐ.ഡി. കളക്ട് ചെയ്യുക.

2) ഇത് പതുക്കെ പോസ്റ്റ് വഴി അയക്കുക - അഡ്രസ് കിട്ടുന്ന മുറയ്ക്ക് സര്‍ക്കാര്‍ തപാല്‍ വഴി ബുള്ളറ്റിന്‍ അയയ്ക്കുക.

കൊല്ലത്ത് ആരെങ്കിലും ബുക്സ്റ്റാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞാനും സഹായിക്കാം. ഗള്‍ഫില്‍ ഫ്ലാറ്റില്‍ കുറച്ച് പുസ്തകങ്ങള്‍ വെച്ച് ആവശ്യക്കാര്‍ക്ക് വിറ്റരണം ചെയ്യാന്‍ എനിക്കു സാധിക്കും. (ഒരുപാട് പുസ്തകങ്ങള്‍ പറ്റില്ല. 50 പുസ്തകങ്ങളോ മറ്റോ).

aneeshans said...

സിമി, ഒരു ബുക്സ്റ്റാള്‍ അല്ല ഉദ്ദേശം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും,പുസ്തകങ്ങള്‍ സ്റ്റോക് ചെയ്യുന്നതിനും, വിതരണം ചെയ്യുന്നതിനും എല്ലാവര്‍ക്കും ആക്സസ് ചെയ്യാന്‍ പറ്റുന്ന ഒരു പ്ലേസ്.

ഇവിടെ പ്രധാനമായ ഒരു കാര്യം നമ്മള്‍ പുസ്തക പ്രസാധത്തിലേക്ക് കടക്കുന്നുണ്ടോ എന്നതാണ്, അതോ ഒരു വിതരണ ശൃഖല ഉണ്ടാക്കാന്‍ മാത്രമാണോ ശ്രമിക്കുന്നത് ?

എങ്ങനെയുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യാന്‍ ഏറ്റെടുക്കുന്നത്. ഏതെങ്കിലും പബ്ലിഷിങ്ങ് ഹൌസുമായി ടൈ അപ് ല്‍ എത്തുമോ ?

Sanal Kumar Sasidharan said...

ബുക്ക് സ്റ്റാള്‍ അല്ല..അനീഷ് പറഞ്ഞപോലെ ഏകോപനത്തിനും മറ്റു ഭരണപരമായ കാര്യങ്ങള്‍ക്കുമായി ഒരു ഓഫീസ്..അതിന്റെ ആവശ്യമേ തല്‍ക്കാലം ഉള്ളു താനും.പുസ്തക പ്രസാധനത്തിന് ആളുകള്‍ക്ക് യാതൊരു കുറവുമില്ല.വിതരണത്തിനാണ് പ്രശ്നം.ആ മേഖലയിലാണ് ഊന്നേണ്ടത്.ഓണ്‍ ലൈന്‍ വിതരണം.ഇ.മെയില്‍ വിതരണം ഒക്കെ എത്രമാത്രം പ്രായോഗികം എന്ന് ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുള്ള സാഹചര്യങ്ങളെ മുന്നില്‍ വച്ചാണ് പറയേണ്ടത്.കണ്ണുപൊട്ടനെ കൊണ്ട് ലോട്ടറി വില്‍പ്പിക്കുമ്പോലെ സഹതാപത്തിന്റെയോ മറ്റോ പേരില്‍ എടുക്കാച്ചരക്ക് അടിച്ചേല്‍പ്പിക്കലാവരുത് ഈ സംരംഭം എന്ന് ആദ്യം ബോധ്യം വേണം.നല്ല പുസ്തകങ്ങള്‍-അത് ആരു തന്നെ പ്രസിദ്ധീകരിക്കുന്നതായാലും കാര്യക്ഷമമായി വിതരണം ചെയ്യാനുള്ള ഒരു മാധ്യമമായി വളരാന്‍ കഴിയുമോ എന്നതാണ് വിഷയം.പോസ്റ്റു വഴിയുള്ള വിതരണം പുതുമയുള്ള ഒന്നല്ല.അതിന് കാര്യക്ഷമം ആകാനും കഴിയില്ല.ആയിരം പേരുടെ ഇ-മെയി അഡ്രെസ്സ് സംഘടിപ്പിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.പക്ഷേ ആരുടെ..അവര്‍ക്ക് പുസ്തകത്തില്‍ താല്‍പ്പര്യമുണ്ടോ..വായനയില്‍ താല്‍പ്പര്യമുണ്ടോ..അതൊന്നു മറിയാതെ എന്തിന് അവരെ ബുദ്ധിമുട്ടിക്കണം?
അതുകൊണ്ട് തന്നെ അത് ഗുണകരമാവില്ലെന്ന് തോന്നുന്നു.ഓരോ പ്രദേശത്തും ഒരു യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല.പക്ഷേ അസാദ്ധ്യവുമല്ല.എളുപ്പമായ ഒന്നും വിജയിക്കില്ല,അസാദ്ധ്യമായതും വിജയിക്കില്ല.പക്ഷേ അസാദ്ധ്യമല്ലെങ്കില്‍ അതിനെ എളുപ്പമല്ലെന്ന കാരണം കൊണ്ട് നിരാകരിക്കുന്നത് ശരിയോ .

Sanal Kumar Sasidharan said...

അനീഷ്,
ധാരാളം പ്രസാധകര്‍ - അത്യാവശ്യം പ്രശസ്തമായവര്‍ തന്നെ- നിലവില്‍ വിതരണത്തിന്റെ പ്രശ്നം അനുഭവിക്കുന്നുണ്ട്.അവരുമായി ഒക്കെത്തന്നെ ഒരു ബുസിനെസ്സ് ബന്ധം ഉണ്ടാക്കാന്‍ കഴിയണം.നല്ല മാര്‍ജിനില്‍ അതു സാധിക്കും.പക്ഷേ ഡി.സി,പെന്‍,മാതൃഭൂമി തുടങ്ങി വിതരണത്തിലും ബലമുള്ളവരുമായി മാര്‍ജ്ജിന്‍ കുറഞ്ഞ ഒരു കരാറിലേര്‍പ്പെടേണ്ടി വരും..തുടക്കത്തില്‍

aneeshans said...

ഇപ്പോള്‍ ഏകദേശം ഒരു രൂപരേഖ ആയെന്ന് തോന്നുന്നു.

1. ഒരു വിതരണ ശൃംഖല തുടങ്ങുന്നു
2. എറണാകുളത്ത് ഒരു ഓഫീസ്
3. പ്രമുഖരും,അപ്രമുഖരും അയ പ്രസാ‍ധക സംഘങ്ങളുമായി ബിസിനസ്സ് ബന്ധം
4. ആരൊക്കെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കും
5. പ്രവര്‍ത്തന ശൈലി
5. സാമ്പത്തിക അടിത്തറ എങ്ങനെ ഉണ്ടാക്കാം.

ചര്‍ച്ച ഈ വഴി തിരിയട്ടെ.

സുനീഷ് said...

ക്ഷമിക്കണം ശരിക്ക് വായിക്കാന്‍ പറ്‌റിയത് ഇപ്പോള്‍ ആണ്‍. നല്ല സംരംഭം ആണ്‍. ചെയ്യാനുള്ളത്,

1. ഒരു വിതരണ ശൃംഖല തുടങ്ങുന്നു
2. എറണാകുളത്ത് ഒരു ഓഫീസ്
3. പ്രമുഖരും,അപ്രമുഖരും അയ പ്രസാ‍ധക സംഘങ്ങളുമായി ബിസിനസ്സ് ബന്ധം (നമുക്കറിയാവുന്ന വലുതും ചെറുതുമായ പ്രസാധക സംഘങ്ങളുമായി അങ്ങോട്ട് ചെന്ന് സഹകരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം പത്ര പരസ്യങ്ങള്‍ നല്‍കുകയാണെങ്കില്‍ നമുക്കറിയാത്ത നല്ല വിതരണ ശ്രംഘലയെ തേടുന്ന പ്രസാധക സംഘങ്ങളെ ഇങ്ങനെ ഒരു സംരഭം ഉണ്ട് എന്ന് അറിയിക്കാനും പറ്‌റും.)
4. ആരൊക്കെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കും
5. പ്രവര്‍ത്തന ശൈലി
6. ഒരു പ്രവര്‍ത്തക ബോര്‍ഡ് രൂപീകരിക്കുക (പ്രവര്‍ത്തനപരമായ കാര്യങ്ങളുടെ ആസൂത്രണത്തിനും ഏകോപനത്തിനും നടത്തിപ്പിനും)
5. സാമ്പത്തിക അടിത്തറ
6. വിതരണത്തിന്‍ നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിഷ്പക്ഷമായ ഒരു എഡിറ്‌റോറിയല്‍ ബോര്‍ഡ്
7. വ്യക്തമായ എഴുതപ്പെട്ട ഒരു ഭരണ-പ്രവര്‍ത്തന ഘടന

സുനീഷ് said...

എന്‍‌റെ എല്ലാ സഹകരണങ്ങളും ഉറപ്പിച്ചോളൂ ആളായും സാമ്പത്തികമായും.

Sanal Kumar Sasidharan said...

അപ്പോള്‍ അതിന് ഒരു ഏകദേശരൂപരേഖയായി.

1.ഒരു വിതരണ ശൃംഖല(ഇന്നല്ലെ ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കപ്പായില്‍ സ്വപ്നങ്ങള്‍ മുളക്കുകയായിരുന്നു.കേരളത്തിന്റെ ഓരോ തരി മണ്ണിലും സ്വാധീനമുള്ള ഒരു വിതരണ സങ്കേതമായി ഇത് വളരുന്നത്.പുസ്തകങ്ങള്‍ മാത്രമല്ല തദ്ദേശീയവും,വിദേശീയവുമായ കാമ്പുള്ള സിനിമകളുടെ ഡി.വി.ഡികള്‍ വിതരണം ചെയ്യാനുള്ള അവകാശം നമ്മള്‍ നേടിയെടുക്കുന്നത്.വിതരണത്തിന്റെ അഭാവത്തില്‍ തമസ്കരിക്കപ്പെട്ടിരുന്ന നല്ല സൃഷ്ടികള്‍ ആസ്വാദകരുടേയും വായനക്കാരുടേയും കൈകളില്‍ എത്തിക്കാനാകുന്നതില്‍ വിജയിക്കുന്നത്..സ്വപ്നങ്ങള്‍ അങ്ങനെയങ്ങനെ.. :))
2.എറണാകുളത്ത് ഓഫീസ്
3.പ്രമുഖരും അപ്രമുഖരുമായ പ്രസാധകരുമായും സമാന്തര സിനിമകളുടേ നിര്‍മ്മാതാക്കളുമായും കരാര്‍
4.ഇരുപതോ മുപ്പതോ കൂടിയാല്‍ നാല്‍പ്പതോ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
5.അതിന് ഒരു ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ്
6.ഒരു മാനേജിങ് ഡയറക്റ്റര്‍
7.എല്ലാ ജില്ലയിലും ഒരു അസ്സോസിയേറ്റ് ഓഫീസ്
8.എല്ലാ ടൌണുകളിലും പ്രവര്‍ത്തന യൂണിറ്റ്
9.എല്ലാ കലാലയങ്ങള്‍ക്കു മുന്നിലും ഓരോ ഔട്ട്ലെറ്റ്
ഇതൊക്കെ ബേസിക്
മുന്‍‌നിരയില്‍ ആരൊക്കെ വേണം എന്നും എങ്ങനെ ഇതൊക്കെ റിഫൈന്‍ ചെയ്യണമെന്നും തീരുമാനിക്കണം.ശേഷം അതേ പോയിന്റ് വച്ചുകൊണ്ട് നമുക്ക് അടുത്ത പോസ്റ്റിടാം ചര്‍ച്ച അവിടെ നടക്കട്ടെ.രണ്ടാം ഘട്ടം എന്ന നിലയില്‍ .

വിഷ്ണു പ്രസാദ് said...

കേരളത്തില്‍ നാലു സുപ്രധാന നഗരങ്ങളില്‍(തൃശ്ശൂര്‍,കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം)ഓരോ ഔട്ട്ലെറ്റെങ്കിലും സംഘത്തിന് ഉണ്ടാവണം.തൃശ്ശൂര്‍ ആള്‍ട്ടര്‍ മീഡിയ ഒരു മാതൃകയാണ്.എങ്കിലേ ഇത് വിജയിക്കാന്‍ സാധ്യതയുള്ളൂ.നാലില്‍ നിന്ന് 40ലേക്ക് പോവുകയാവും ബുദ്ധി.

Sanal Kumar Sasidharan said...

വിഷ്ണൂ,
നഗരങ്ങളില്‍ അല്ല ഔട്ട്ലെറ്റുകള്‍ വേണ്ടത്.നാലു നഗരങ്ങള്‍ അല്ല കേരളം..കേരളം ഇപ്പോഴും ഗ്രാമങ്ങളും ചെറുകിട പട്ടണങ്ങളും തന്നെയാണ്.അത് തിരുവനന്തപുരമായാലും ശരി,ത്രിശൂര്‍ ആയാലും ശരി.നഗരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട്,ബുക്ക് സ്റ്റാളുകളില്‍ കയറാന്‍ കഴിയാത്തതുകൊണ്ട് പുസ്തകം വാങ്ങാന്‍ കഴിയാത്ത അല്ലെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കാത്ത വലിയൊരു വിഭാഗം ഉണ്ട്..അവരെയാണ് മുന്നില്‍ കാണേണ്ടത്.

K.V Manikantan said...
This comment has been removed by the author.
K.V Manikantan said...

പണ്ട് മൂന്നാമിടം സംഭാഷണം എന്ന പേരില്‍ ഒരു ത്രൈമാസിക ഇറക്കിയിരുന്നു. അത് വിശിഷ്ട ചരമം പ്രാപിച്ചത് വിതരണം എന്ന ഒറ്റ പ്രശ്നത്തില്‍ കുടുങ്ങിയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കണമെങ്കില്‍ അത്ര വിപുലമായ ഒരു നെറ്റ്വര്‍ക്ക് സംരഭം വേണം.

*********
എന്നെ ഒരു ഷെയര്‍ഹോള്‍ഡറായി കണക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Sanal Kumar Sasidharan said...

സങ്കുചിതാ,
വിതരണ സംവിധാനത്തിന്റെ അഭാവത്തില്‍ വിശിഷ്ട ചരമം പ്രാപിച്ചവയുടെ ഒരു പട്ടികതന്നെ നിരത്താനുണ്ടാകും.കാര്യക്ഷമമായ ഒരു സംവിധാനം ആയാസകരമാണെങ്കിലും അസാധ്യമോ ലാഭകരമല്ലാത്തതോ ആയിരിക്കുകയുമില്ല.സമാന്തരമായി നിര്‍മ്മിക്കപ്പെടുന്ന എല്ലാ കലാസാഹിത്യ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരുണ്ട്.പക്ഷേ അവരിലേക്കെത്തിക്കാനുള്ള സംവിധാനമില്ല.പുസ്തകത്തെക്കുറിച്ചും സിനിമകളുടെ ആതൊറൈസ്ഡ് സി.ഡി/ഡി.വി.ഡി പകര്‍പ്പുകളെക്കുറിച്ചും നമുക്ക് ആലോചിക്കാവുന്നതാണ്.ഇവയുടെയൊക്കെ ഒരു വലിയ ചെലവിടം ഒരു കാലത്ത് കാമ്പസുകളായിരുന്നു ,മുന്‍പ് നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ഇവ സ്വാശ്രയത്തിന്റെ കാലശേഷം നാട്ടിന്‍ പുറത്തേക്കുമെത്തി.പക്ഷേ വിപണി ഇപ്പോഴും നഗരകേന്ദ്രീകൃതമാണ്.ഇത് മുതലെടുക്കാവുന്ന ഒന്നാണ്.

ഷെയറിന്റേയും മറ്റും കാര്യം ആലോചിക്കുന്നതിനു മുന്‍പ് നമുക്ക് ഇതിന്റെ കോസ്റ്റ് അനാലിസിസ് നടത്തേണ്ടതുണ്ട്.അതില്‍ വൈദഗ്ദ്യമുള്ള ആരുണ്ട് നമുക്കിടയില്‍?

പിന്തുണയില്‍ അതിയായ സന്തോഷം

Pramod.KM said...

നല്ല ചിന്ത തന്നെ. കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കാം ഞാനും.

ശെഫി said...

ലാഭത്തിനല്ല പ്രാധാന്യം എന്നതു കൊണ്ട് പ്രസാധനത്തിലേക്ക് ആദ്യം കടക്കണനെന്നില്ല. വിതരണ ശൃംഖല വിപുലമാണെന്നതു കൊന്റ് തന്നെ ചില പുസ്തകങളുടെ കാര്യത്തിലെങ്കിലും നിലവിലുള്ള പ്രസാധക സംഘൾക്കുമേൽ സമ്മർദം ചെലുത്തി പ്രസാധനം സാധ്യമാക്കാവുന്നതാണ്.

ഗ്രാമീണ വിതർണത്തിനും മറ്റും സജീവമായി പ്രവർത്തിക്കുന്ന ഗ്രമീണ ലൈബ്രററികളോടനുബന്ധിച്ച് വിതരണ ശൃഖം‌ല നിരമീക്കാനാവുമോ എന്ന് ശ്രമിക്കാവുന്നതാണ്.

അനിലൻ said...

നല്ല പുസ്തകങ്ങള്‍ മാത്രം ഇറക്കുക എന്നതാണ് ഏറ്റവും പ്രധാനം.
സങ്കുചിതന്‍ പറഞ്ഞത് സത്യമാണ്. ഞങ്ങള്‍ക്കങ്ങനെ ഒരിക്കല്‍ കൈ പൊള്ളിയിട്ടുണ്ട്.

എന്ത് ചെയ്യണമെന്ന് പറഞ്ഞാല്‍ മതി. ഞാന്‍ റെഡി.

Sanal Kumar Sasidharan said...

അനിലാ,
എന്റെ കയ്യിൽ കിട്ടിയ രണ്ടു പുസ്തകങ്ങളും (ഒന്ന് “രണ്ടദ്ധ്യായങ്ങളുള്ള നഗരം”മറ്റേത് “കുളം+പ്രാന്തത്തി”)ഉന്മേഷ്,വെള്ളെഴുത്ത് തുടങ്ങിയവരുമായി സംസാരിച്ചതുമൊക്കെയാണ് ഒരു വിതരണ സംരംഭത്തിന്റെ അഭാവത്തെക്കുറിച്ച് ചിന്തിപ്പിച്ചത്.
പുസ്തകം ഇറക്കാൻ വേറെയും ആളുകളുണ്ട്.പക്ഷെ അത് എത്തേണ്ടിടത്ത് എത്തുന്നില്ല.അതു കൊണ്ട് തന്നെയാണ് ഇപ്പോഴും പഴയ വഴിയമ്പലങ്ങൾ പെരുവഴിതോറും അവശേഷിക്കുന്നത്.

നമുക്ക് ആദ്യം വിതരണത്തിനുള്ള ഒരു സംവിധാനമല്ലേ നല്ലത്.പ്രസിദ്ധീകരണം രണ്ടാമത് പോരേ ?

simy nazareth said...

ചെറുതായി എന്തെങ്കിലും തുടങ്ങൂ. ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് തുടങ്ങാന്‍ പറ്റില്ല.

1) ഒരു പേര് ഇടൂ.
2) സംഘം രെജിസ്റ്റര്‍ ചെയ്യൂ.
3) ഫണ്ട് പിരിക്കൂ (ഷെയര്‍ ഹോള്‍ഡര്‍ വഴി)
4) കുറച്ച് പ്രസാധകരുമായി സംസാരിക്കൂ.
5) ഒരു ബുക്സ്റ്റാള്‍ തുടങ്ങൂ / ടൈ അപ്പ് തുടങ്ങൂ.


ഷെയര്‍ ഹോള്‍ഡര്‍ ആയി എന്നെയും കൂട്ടിക്കൊള്ളൂ.

Sanal Kumar Sasidharan said...

സിമീ,
ചെറുതായി തുടങ്ങുന്നതിന് അനുയോജ്യമായ ഒരു സംരംഭം അല്ല ഇത്.എന്നാല്‍ വളരെ വലുതായി തുടങ്ങാനുള്ള സാമ്പത്തികവും ഇല്ല.അപ്പൊള്‍ അത്യാവശ്യം വലുതായി തുടങ്ങുക എന്നതെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് തോന്നുന്നു.നിലനില്‍ക്കാനുള്ള ഒരു വലിപ്പം അതിനു വേണം.ഒരു മിനിമം കേവ് ഭാരം.
അതായത്.ഇത് ഒരു പരീക്ഷണ സംരംഭം ആകരുത്.ഒരു വ്യവസായ സംരംഭം ആകണം.വിറ്റു വരവ്‌ വിപണി എന്നിവയ്ക്ക് പ്രാധാന്യമുണ്ട്.ലാഭത്തിനും ഉണ്ട്.ആര്‍ക്കാണ് നാം വില്‍ക്കുന്നത് എന്നത് പ്രധാനമാണ്.നഗരത്തിലുള്ളവര്‍ക്ക് നമ്മുടെ സേവനം ആവശ്യമില്ല.അവര്‍ക്ക് മറ്റനേകം ഓപ്ഷന്‍സ് ഉണ്ട്.നഗരത്തില്‍ മാത്രമല്ല വായനക്കാരും പുസ്തകം വാങ്ങുന്നവരും ഉള്ളത്.അപ്പോള്‍ തിരുവനന്തപുരത്തോ,കൊച്ചിയിലോ ഒരു ബുക്ക് സ്റ്റാള്‍ തുടങ്ങുന്നതുകൊണ്ട് പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടാകില്ല.നമുക്ക് നഗരത്തില്‍ മത്സരിച്ചു ജയിക്കാന്‍ കഴിയില്ല.ഗ്രാമങ്ങള്‍ ഇപ്പോള്‍ പുസ്തകങ്ങളുടെ വിപണിയല്ല.ഗ്രന്ഥശാലകള്‍ പോലും സജീവമല്ല.പക്ഷേ വായിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.അവരുടെ വായന അവയ്ലബിള്‍ ബൂക്ക്സില്‍ ഒതുങ്ങുന്നു.അവിടെ നമുക്ക് ബുക്ക്സ്റ്റാളുകള്‍ വേണ്ട.ഉള്ള ചെറിയ പുസ്തകശാലകളില്‍ നല്ല പുസ്തകങ്ങളെ എത്തിക്കാന്‍ കഴിഞ്ഞാല്‍ മതി.അതിന് അത്യാവശ്യം വലിപ്പമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വേണം.നാലു ചുവരുകള്‍ അല്ല.അത് എവിടെ വേണമെങ്കിലും കിട്ടും.നമുക്കതുകൊണ്ട് തല്‍ക്കാലമെങ്കിലും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല.

പേരിടണം.
രജിസ്റ്റര്‍ ചെയ്യണം.
ഷെയര്‍ പിരിക്കണം.
പ്രസാധകരുമായി സംസാരിക്കണം..

അതിനു മുന്‍പ്
പ്രവര്‍ത്തന ഘടനയെപ്പറ്റി ഉറപ്പിക്കണം
മാന്‍ പവറിനെക്കുറിച്ച് ധാരണയിലെത്തണം
ഒരു സാമ്പത്തിക വിശകലനം നടത്തണം
അതാണെന്ന് തോന്നുന്നു അടിയന്തിരമായി ചെയ്യാനുള്ളത്.

aneeshans said...

സനലേ,
പ്രവര്‍ത്തന ഘടനയെപ്പറ്റി ഒരു വ്യക്തമായ ഐഡിയ രൂപീകരിക്കാം ആദ്യം. എനിക്ക് ചില്ലറ ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. സനല്‍ അതൊന്നു വിശദീകരിക്കുകയാണെങ്കില്‍ നമുക്ക് അതൊരു തീരുമാനമാക്കി മുന്നോട്ട് പോകാം

Sanal Kumar Sasidharan said...

എന്താണ് ആശയക്കുഴപ്പങ്ങള്‍...

aneeshans said...

എങ്ങനെ ആയിരിക്കും നമ്മുടെ പ്രവര്‍ത്തന ശൈലി. അതു സനല്‍ ഒന്നു വിശദീകരിക്കുക ആണെങ്കില്‍ ബാക്കി വഴിയേ പറയാം.

Sanal Kumar Sasidharan said...

നല്ല പരിപാടി.... :)

എന്റെ ആശയം ഞാന്‍ പറഞ്ഞതാണല്ലോ.എന്നാലും ഒന്നുകൂടി ചുരുക്കി പറയാം.

1.നമ്മള്‍ ഒരു വിതരണക്കമ്പനി ആയിരിക്കും.മധ്യകേരളത്തില്‍ ആയതുകൊണ്ട് ഹെഡ് ഓഫീസ് കൊച്ചിയില്‍ ആയാല്‍ നന്ന്‍.
2.എല്ലാ ജില്ലയിലും നമുക്ക് പ്രവര്‍ത്തനയൂണിറ്റ് ഉണ്ടാവും.അവിടെ പ്രാദേശികമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥര്‍
3.എല്ലാ ചെറു ടൌണുകളിലും നമുക്ക് കോണ്ടാക്റ്റ് ഓഫീസുകള്‍.ചെറു ടൌണുകളിലെ ബുക്ക്സ്റ്റാളുകളെ ഇതിനായി സമീപിക്കണം
4.എല്ലാ കലാലയങ്ങളോട് ചേര്‍ന്നുള്ള ബുക്ക്സ്റ്റാളുകളിലും നമ്മള്‍ വിതരണം ചെയ്യുന്ന പുസ്തകങ്ങള്‍/സമാന്തര സിനിമകള്‍/മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭ്യമാക്കാനുള്ള സംവിധാനം വേണം
5.പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏജന്റ്സ്
അവര്‍ക്ക് ശംബളം ആവില്ല കമ്മിഷന്‍ ആകും ഉണ്ടാവുക.

(ഇതില്‍ മാറ്റങ്ങള്‍ തിരുത്തുകള്‍ പുതിയ ആശയങ്ങള്‍കൊണ്ടുള്ള അട്ടിമറികള്‍ ഒക്കെ വേണം)

ഇനി നമ്മുടെ പ്രോഡക്റ്റ്സ്
1.നമ്മള്‍ എല്ലാ പ്രസാധക സംരംഭങ്ങളുമായും കരാറിലേര്‍പ്പെടും.അവരുടെ പുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള ഒരു ചാനലായി നമ്മള്‍ പ്രവര്‍ത്തിക്കും.
2.തിയേറ്ററുകളില്‍ ലഭ്യമല്ലാത്ത,ദേശീയവും അന്തര്‍ദേശീയവുമായ സമാന്തര സിനിമകളുടെ നിര്‍മ്മാതാക്കളുമായി ഒരു വിതരണ കരാറിലേര്‍പ്പെടും.അവയുടെ ഡിവിഡി പതിപ്പുകള്‍ വിറ്റഴിക്കാനുള്ള അവകാശം നേടിയെടുക്കും.
3.പൊതു വിപണിയില്‍ ലഭ്യമല്ലാത്ത ദേശീയവും അന്തര്‍ദേശീയവുമായ മ്യൂസിക് ഉല്‍പ്പന്നങ്ങള്‍ സിംഫണികള്‍ എന്നിവയുടേയും വിതരണം നടത്താനുള്ള കരാറുകള്‍ ഉണ്ടാക്കാം.

ഇതൊക്കെ എന്റെ തല പറയുന്നത് .ഇനി നിങ്ങളുടെ തല എന്തു പറയുന്നു എന്നു കേള്‍ക്കട്ടെ

സിദ്ധാര്‍ത്ഥന്‍ said...

എന്റെ രണ്ടു പൈസ:

പുസ്തകം ഉണ്ടു് വായനക്കാരും ഉണ്ടു്. പുസ്തകം വായനക്കാരനിലേക്കെത്തുന്നില്ല എന്നയിടത്തു നിന്നല്ലേ തുടക്കം. (ഇതു ശരി എന്നു് വയ്ക്കുന്നതിനും വേണം ഒരു സ്റ്റഡി നമ്മളും നമുക്കു ചുറ്റുമുള്ളവരും സംസാരിക്കുന്നതു് അതൊരു ഭൂരിപക്ഷമാണെന്ന തോന്നല്‍ നമ്മളില്‍ ഉണ്ടാക്കിയേക്കും)

പുസ്തകങ്ങള്‍ വിതരണത്തിനെടുക്കുന്നതു് കാശുകൊടുത്തു വാങ്ങി തന്നെയല്ലേ സാദ്ധ്യമാവൂ? വിറ്റഴിയാതെ ഒരു കടക്കാരനും ഇതിനു കാശു തരില്ല. അപ്പോള്‍ അതിനു് പണം കണ്ടെത്തണം. താലൂക്കില്‍ ഒരു ബുക്സ്റ്റാള്‍ എന്ന നിലയില്‍ പുസ്തകങ്ങളും സിനിമകളും ഏല്‍പ്പിച്ചാല്‍ തന്നെ ജില്ല രണ്ടിനു് ഒരു വാഹനം എങ്കിലും വേണ്ടി വരും. വണ്ടി ഒന്നിനു് ഒരു പണിക്കാരനും ( കമ്മീഷനടിസ്ഥാനത്തിലുള്ള വിതരണം നടക്കില്ല, തുടക്കത്തില്‍ തീരെയും നടക്കില്ല). പുസ്തകം/സിനിമ തിരഞ്ഞെടുക്കാനും അതു പര്‍ചേസ് ചെയ്യാനും ഒരു ബോഡി ( ഓഫീസടക്കം) വേണം. മിനിമം ബുള്ളറ്റിനെങ്കിലും ഒരു പുസ്തകപ്രേമി വായിക്കുന്നു എന്ന നിലവാരമെങ്കിലും എത്തണമെങ്കില്‍ പരസ്യം തീര്‍ച്ചയായും ആവശ്യമാണു്. ഇതു വായിക്കൂ ചേട്ടാ‍ എന്നു് ബുക്സ്റ്റാ‍ളുകാരന്‍ പറയുമെന്നു് പ്രതീക്ഷിക്കരുതു്.
ഇത്രയുമാണു് പ്രാഥമിക ആവശ്യങ്ങളെന്നു തോന്നുന്നു.

ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു് 50 ഷെയര്‍ ഹോള്‍ഡര്‍മാരേ ആകാവൂ എന്നുണ്ടെന്നു കേട്ടിരുന്നു. അതും പരിശോധിക്കണം.

എന്‍ ബി. ഇത്രയും പണം സ്വരൂപിക്കാന്‍ കഴിയില്ലെങ്കില്‍ ഒരു ജില്ലയില്‍ നിന്നും തുടങ്ങുക എന്ന കാര്യവും പരിഗണിക്കണം.

സിദ്ധാര്‍ത്ഥന്‍ said...

കമന്റ് ട്രാക്കുചെയ്യാന്‍ മറന്നു. ചര്‍ച്ച നടക്കട്ടെ

Sanal Kumar Sasidharan said...

ആ രണ്ട് പൈസക്ക് നല്ല കനം :)

പുസ്തകവുമുണ്ട് വായനക്കാരനുമുണ്ട് പുസ്തകം വായനക്കാരനിലെത്തുന്നില്ല എന്നത് സത്യമാണ്.വായനക്കാരന്‍ ഭൂരിപക്ഷമല്ല.ചിതറിയ ഒരു ന്യൂനപക്ഷമാണ്.അങ്ങനെ ന്യൂനപക്ഷമാണെന്ന ബോദ്ധ്യമുള്ളതുകൊണ്ട് തന്നെയാണ് ഡി.സിയെപ്പോലുള്ള വമ്പന്‍‌മാര്‍ പോലും പുസ്തകങ്ങളുടെ എണ്ണം 100 കളുടെ ഗുണിതങ്ങളില്‍ ഒതുക്കുന്നത്.എന്നിരിക്കിലും ഈ ചെറിയ ന്യൂനപക്ഷം പോലും വിതരണക്കാരുടെ മൊണോപ്പൊളി കാരണം നിലവാരമുള്ള പലപുസ്തകങ്ങളെയും കാണാതെ പോകുന്നു.അതിന് ഒരു ബദല്‍ ആകാന്‍ കഴിയണം.അതാണ് ഉദ്ദേശിച്ചത്.അതില്‍ നിന്നുള്ള വരുമാനം ഭീമമായത് ആയിരിക്കില്ലാത്തത് കൊണ്ട് തന്നെ ഭീമമായ ചെലവും താങ്ങാനാവില്ല.

അറിയപ്പെടുന്ന പ്രസാധകരുടെ പുസ്തകങ്ങള്‍ കാശുകൊടുത്ത് തന്നെ വേണ്ടിവരും വിതരണത്തിനെടുക്കാന്‍.എന്നാല്‍ വിതരണ സംവിധാനമില്ലാത്ത പ്രസാധകരുടെ നിലവാരമുള്ള പുസ്തകങ്ങള്‍ വിതരണത്തിനെടുക്കുമ്പൊള്‍ അതേക്കുറിച്ച് കുറേക്കൂടി അയവുള്ള ഒരു ധാരണയില്‍ എത്താന്‍ കഴിയും. സിനിമയുടെ കാര്യത്തില്‍ സമാന്തര സിനിമയുടെ ആള്‍ക്കാര്‍ എല്ലാം ബുജികളായതുകൊണ്ട് ഉറപ്പില്ല.

വാഹനത്തിന്റെ കാര്യത്തിലും പരസ്യത്തിന്റെ കാര്യത്തിലും ഓഫീസിന്റെ കാര്യത്തിലും പറഞ്ഞതൊക്കെ ശരിയാണ്.എല്ലാം വെച്ചു നോക്കുമ്പോള്‍ വരവു ചെലവിന്റെ തുലാസ് എങ്ങോട്ട് എന്നാണറിയേണ്ടത്.

ഒന്നോ രെണ്ടോ ജില്ലകളില്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങുക എന്നതും നന്നാണെന്ന് തോന്നുന്നു.
അന്‍പതൊക്കെ ആലോചിക്കണോ..എന്റമ്മേ സമാനമനസ്കരായ അന്‍പതുപേരുണ്ടോ കേരളത്തില്‍ ?

Sanal Kumar Sasidharan said...

അല്ല ഒരു സംശയം കൂടി...ഈ പോസ്റ്റിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്ന ഒരു സംഘടന എന്ന രീതിയിലുള്ള പ്രവര്‍ത്തനത്തെ കമ്പനി എന്ന പിന്നീടെത്തിയ ആശവുമായി സംയോജിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ.അങ്ങനെയായാല്‍ വല്ല ഗുണവുമുണ്ടോ.ഒരു എന്‍.ജി.ഓ പോലെയോ മറ്റോ.....

un said...

നാട്ടിലായിരുന്നതു കൊണ്ട് രണ്ടു ദിവസമായി ഇവിടെ എത്തിനോക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പോയതിനു ചില ഗുണങ്ങളും ഉണ്ടായി. കാസര്‍ഗോഡ്,കാഞ്ഞങ്ങാടു് ഭാഗങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്ന ചില ആര്‍ട്ട് സൊസൈറ്റികളുണ്ട്. കല, സാഹിത്യം എന്നിവയില്‍ താല്പര്യമുള്ള പത്തു മുന്നൂറുപേരെങ്കിലും മെമ്പര്‍മാരായുള്ളത്. വിതരണത്തിന്റെയും പരസ്യപ്പെടുത്തലിന്റേയും കാര്യത്തില്‍ ഇവരെയൊക്കെ നേരിട്ട് ലക്ഷ്യം വെക്കാമെന്ന് തോന്നുന്നു. മറ്റു ജില്ലകളിലും കാണുമല്ലോ ഇത്തരം സംരംഭങ്ങള്‍.

കമ്പനി,ഷെയര്‍ഹോള്‍ഡര്‍,എന്നിവയില്‍ ഏതെങ്കിലും സി.എക്കാരോടോ മറ്റോ വിദഗ്ദാഭിപ്രായം ചോദിച്ചിട്ട് അഭിപ്രായം പറയാം.
കമ്പനിയുടെ മുഖ്യലക്ഷ്യം പ്രസാധനം അല്ല വിതരണമാണ് എന്നാണ് ചര്‍ച്ചയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെയല്ലേ?

വെള്ളെഴുത്ത് said...

സുഹൃത്തുക്കളേ,
ഇത്രയും വലിയ ഒരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാനുള്ള ശേഷി ഇല്ലാതിരുന്നതുകൊണ്ടാണ് രണ്ടു മൂന്നു പ്രാവശ്യം മറുപടി എഴുതാനായിരുന്നിട്ടും പറ്റാതെ മടങ്ങിയത്.
ആലോചിച്ച ചിലകാര്യങ്ങള്‍ പറയാം.
1. പുസ്തകപ്രസാധക സംഘം, പാഠഭേദം, ആദ്യകാല മള്‍ബറി ...രീതിയില്‍ നല്ല പുസ്തകങ്ങള്‍ ലാഭേച്ഛ കൂടാതെ പുറത്തിറക്കുകയും കുറഞ്ഞ് ചെലവില്‍ വിതരണം ചെയ്യുകയും വേണം എന്നാണ് സ്വകാര്യമായ ആഗ്രഹം.

2. ഓഫീസ്, ഏജന്റുമാര്‍ എന്നൊക്കെ പറയുമ്പോള്‍ പ്രസാധനത്തില്‍ നിന്നും വിതരണത്തില്‍ നിന്നും കിട്ടുന്ന ലാഭത്തില്‍ നിന്നു വേണം അതൊക്കെ നടത്തിക്കാന്‍. അത്രയും ലാഭം ഇന്ന് സമാന്തര പ്രസാധക-വിതരണ സംരംഭങ്ങളില്‍ നിലവിലുള്ള കാലാവസ്ഥയില്‍ ലഭിക്കുകയില്ല. ഒലീവ്. റയിന്‍ബോ, അങ്ങനെ തിരുവനന്തപുരത്ത് അടച്ചുപൂട്ടിയ ബുക്ക്സ്റ്റാളുകള്‍ 4 ആണ് കഴിഞ്ഞവര്‍ഷം. പെന്‍, മൈത്രി, ബുക്ക് മാര്‍ക്ക്, എന്‍ ബി എസ് എന്നിവ പുസ്തകം വിറ്റുകിട്ടുന്ന പണം കൊണ്ടല്ല നിലനില്‍ക്കുന്നത്. ഓഫീസ് സ്റ്റാഫിനെ -അതു വില്‍പ്പനയ്ക്കായാലും വിതരണത്തിനായാലും- ശമ്പളം നല്‍കി നിലനിര്‍ത്തുക പ്രയാസമാണ്. പുസ്തകം കൊണ്ടു നടന്നു വില്‍ക്കുന്ന ഒന്നു രണ്ടു പാവപ്പെട്ട സ്ത്രീകളെ കണ്ടിരുന്നു, വിദ്യാഭ്യാസമുണ്ടെങ്കിലും കഷ്ടമാണ് അവരുടെ കാര്യം. സാഹിത്യം അധികം വിറ്റുപോകില്ല. പ്രായോഗിക ജീവിത, ഗ്ലോസ്സി ജെനറല്‍ നോളേജ് പുസ്തകങ്ങളാണ് ഓഫീസുകള്‍ക്ക് പ്രിയം. അതല്ല നമ്മുടെ ചന്ത.

3. നിലവിലുള്ള ബുക്കുഷോപ്പുകളില്‍ പുസ്തകം ഏല്‍പ്പിക്കുക വലിയ പാരയാണ്. ഒന്ന് അവര്‍, അവര്‍ക്ക് താത്പര്യമുള്ള പുസ്തകങ്ങള്‍ക്കു പിന്നില്‍ നമ്മള്‍ കൊടുക്കുന്ന പുസ്തകങ്ങള്‍ താഴ്ത്തും. രണ്ട്, കൊടുത്ത പുസ്തകങ്ങളുടെ പണം കിട്ടാന്‍ അലയേണ്ടി വരും. കിട്ടുമെന്ന് എന്നാലും ഉറപ്പില്ല. വ്യാപാരക്കരാറുള്ള പ്രസാധകസംഘങ്ങളോടു പോലും ഇതാണു പൊതുവേയുള്ള മനോഭാവം. മൂന്നാമിടത്തിന്റെ വാര്‍ഷികപ്പതിപ്പ് വിറ്റ പണത്തിന് ഇതുപോലെ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. ആകെ കിട്ടിയത് ഇരുന്നൂറു രൂപയാണ്. പിന്നെ പുസ്തകവുമില്ല, വിറ്റ പണവുമില്ല എന്നായിരുന്നു സ്ഥിതി. കിട്ടിയതിനേക്കാള്‍ കൂടുതല്‍ അവിടങ്ങളിലേയ്ക്കുള്ള യാത്രയ്ക്കായി ചെലവായി.

4. ബിഗ് ബസാറില്‍ 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതു കണ്ടു. കുറച്ചേ ഉള്ളുവെങ്കിലും എല്ലാ പ്രസാധകരുടെയുമുണ്ട്. ഡി സി ബിയുടെ ഉള്‍പ്പടെ. ബുക്ക്ഷോപ്പ് എന്ന സങ്കല്‍പ്പം മാറി ഏതു കടയിലും പുസ്തകം കിട്ടുന്ന നില വരണം. അത്തരം ഡീലുകളാണ് ഇനി നടക്കേണ്ടത്. പുലരി, ഗ്രീന്‍ തുടങ്ങിയ പ്രസാധകര്‍ നാട്ടിലുടനീളം നെറ്റ് വര്‍ക്കുള്ള ഷോപ്പിംഗ് മാളുകളുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു എന്നു കേള്‍ക്കുന്നു.
5. ഇ മെയിലുകളിലൂടെ ബന്ധപ്പെടുന്ന രീതിയും പുസ്തകം അയച്ചുകൊടുക്കുന്ന രീതിയും നമുക്ക് പരീക്ഷിക്കാവുന്നതാണ്. (എതിസ്റ്റ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ഞാന്‍ അറിയുന്ന ഇ മെയില്‍ പത്രികയിലൂടെയാണ്) ഏറ്റവും കുറഞ്ഞ ചെലവില്‍ അതെങ്ങനെ ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. രണ്ടാഴ്ചയിലോ മാസം തോറുമോ ഉള്ള ബുള്ളറ്റിന്‍ പ്ലാന്‍ ചെയ്യണം. പുസ്തകക്കുറിപ്പ്, നിരൂപണം, അഭിപ്രായങ്ങള്‍ എന്നിവ ചേര്‍ത്തുള്ള ഒരു ബ്ലോഗ് വേണം. അവയുടെ (ബുള്ളറ്റിന്‍, ബ്ലോഗ് പോസ്റ്റ്) പ്രിന്റു കോപ്പി കേരളത്തിലുള്ള എല്ലാ ലൈബ്രറികളിലും കിട്ടത്തക്കവണ്ണം(പറ്റിയാല്‍ സ്കൂള്‍ കോളേജ് ഉളപ്പടെ) അയയ്ക്കണം. ഏതാണ്ട് ഇരുപതോളം പ്രസിദ്ധീകരണങ്ങള്‍ പുസ്തകപ്പച്ച, ബുക്ക് ഷെല്‍ഫ് എന്നൊക്കെയുള്ള പേരുകളില്‍ പുതിയ ബുക്കിനെപ്പറ്റി പ്രാഥമികമായ അറിവു പങ്കുവയ്ക്കുന്നുണ്ട്. കൃത്യമായ വിലാസം സഹിതം അവയ്ക്കെല്ലാം പുസ്തകങ്ങള്‍ എത്തിക്കണം. താത്പര്യമുള്ളവര്‍ (അവരുടെ എണ്ണം വളരെ കുറവാണ്) അന്വേഷിച്ചു വരും.

6. വിദേശമലയാളികള്‍ പണം മുടക്കുക, ഇവിടുള്ളവര്‍ പ്രവര്‍ത്തിക്കുക എന്ന പരിപാടി നടപ്പില്ല. അത്, മുടക്കിയ പണത്തിനനുസരിച്ച് നാട്ടിലുള്ളവര്‍ പ്രവര്‍ത്തിച്ചില്ല എന്ന അനാവശ്യമായ വിമര്‍ശനത്തിനു വഴിതെളിക്കും. രണ്ടു സ്ഥലത്തെയും തൊഴില്‍ സംസ്കാരം വ്യത്യസ്തമായതിനാലാണത്. തുല്യ നിലയില്‍ തന്നെയാണ് പങ്കാളിത്തം വേണ്ടത്. വലിയ തുകയല്ല. ചെറിയ തുകകള്‍ മതി. പണം മുടക്കാന്‍ കഴിയുന്ന കൂടുതല്‍ പേരെ കണ്ടെത്താന്‍ വിദേശത്തുള്ളവര്‍ക്ക് സഹായിക്കാം.

7. സോഷ്യല്‍ സര്‍വീസിനോട് അടുത്തു നില്‍ക്കുന്ന പ്രവര്‍ത്തനമാവണം. സാമ്പത്തിക താത്പര്യങ്ങള്‍ കടന്നു കൂടിയാല്‍ മുതലാളി/തൊഴിലാളി മനോഭാവങ്ങള്‍ കയറി വിരാജിക്കും. പ്രശ്നമാവും. ഏറ്റവും പ്രധാനം ഒരേ മനസ്സുള്ളവര്‍ ഒന്നിച്ചുകൂടുക എന്നതാണ്. വളരെ പ്രയാസകരമാണ് അത് എന്ന് അനുഭവത്തില്‍ നിന്ന്.

Sanal Kumar Sasidharan said...

കമെന്റ് ട്രാക്ക് ചെയ്തിട്ടുള്ളവർക്ക് വേണ്ടി...
ഈ പോസ്റ്റിൽ ഇനി കമെന്റുണ്ടാകാനുള്ള സാധ്യതയില്ല.ചർച്ചയുടെ രണ്ടാം ഘട്ടം എന്ന നിലക്ക് പ്രസക്തമായ അഭിപ്രായങ്ങളെ മുന്നോട്ട് വച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് വന്നിട്ടുണ്ട് ദയവായി ചർച്ചയിൽ പങ്കെടുക്കുക.