ചർച്ചയുടെ സൌകര്യത്തിലേക്കായി.ചില പ്രസക്തമായ അഭിപ്രായങ്ങൾ മാത്രം ഒരു പോസ്റ്റാക്കുന്നു.
പുതുതായി വായിക്കുന്നവർ പഴയ പോസ്റ്റുകൂടി വായിക്കാൻ അഭ്യർത്ഥിക്കുന്നു.
സങ്കുചിതന്‍ said...
പണ്ട് മൂന്നാമിടം സംഭാഷണം എന്ന പേരില്‍ ഒരു ത്രൈമാസിക ഇറക്കിയിരുന്നു. അത് വിശിഷ്ട ചരമം പ്രാപിച്ചത് വിതരണം എന്ന ഒറ്റ പ്രശ്നത്തില്‍ കുടുങ്ങിയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കണമെങ്കില്‍ അത്ര വിപുലമായ ഒരു നെറ്റ്വര്‍ക്ക് സംരഭം വേണം.
June 27, 2008 11:11 PM
*********************************
*************************************
വിഷ്ണു പ്രസാദ് said...
കേരളത്തില്‍ നാലു സുപ്രധാന നഗരങ്ങളില്‍(തൃശ്ശൂര്‍,കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം)ഓരോ ഔട്ട്ലെറ്റെങ്കിലും സംഘത്തിന് ഉണ്ടാവണം.തൃശ്ശൂര്‍ ആള്‍ട്ടര്‍ മീഡിയ ഒരു മാതൃകയാണ്.എങ്കിലേ ഇത് വിജയിക്കാന്‍ സാധ്യതയുള്ളൂ.നാലില്‍ നിന്ന് 40ലേക്ക് പോവുകയാവും ബുദ്ധി.
June 27, 2008 10:05 PM
***********************************
*************************
സിമി said...
ചെറുതായി എന്തെങ്കിലും തുടങ്ങൂ.
ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് തുടങ്ങാന്‍ പറ്റില്ല.
1) ഒരു പേര് ഇടൂ.2) സംഘം രെജിസ്റ്റര്‍ ചെയ്യൂ.3) ഫണ്ട് പിരിക്കൂ (ഷെയര്‍ ഹോള്‍ഡര്‍ വഴി)4) കുറച്ച് പ്രസാധകരുമായി സംസാരിക്കൂ.5) ഒരു ബുക്സ്റ്റാള്‍ തുടങ്ങൂ / ടൈ അപ്പ് തുടങ്ങൂ.
June 29, 2008 1:45 AM
**********************
**************************
സിദ്ധാര്‍ത്ഥന്‍ said...
എന്റെ രണ്ടു പൈസ:
പുസ്തകം ഉണ്ടു് വായനക്കാരും ഉണ്ടു്. പുസ്തകം വായനക്കാരനിലേക്കെത്തുന്നില്ല എന്നയിടത്തു നിന്നല്ലേ തുടക്കം. (ഇതു ശരി എന്നു് വയ്ക്കുന്നതിനും വേണം ഒരു സ്റ്റഡി നമ്മളും നമുക്കു ചുറ്റുമുള്ളവരും സംസാരിക്കുന്നതു് അതൊരു ഭൂരിപക്ഷമാണെന്ന തോന്നല്‍ നമ്മളില്‍ ഉണ്ടാക്കിയേക്കും)
പുസ്തകങ്ങള്‍ വിതരണത്തിനെടുക്കുന്നതു് കാശുകൊടുത്തു വാങ്ങി തന്നെയല്ലേ സാദ്ധ്യമാവൂ? വിറ്റഴിയാതെ ഒരു കടക്കാരനും ഇതിനു കാശു തരില്ല. അപ്പോള്‍ അതിനു് പണം കണ്ടെത്തണം. താലൂക്കില്‍ ഒരു ബുക്സ്റ്റാള്‍ എന്ന നിലയില്‍ പുസ്തകങ്ങളും സിനിമകളും ഏല്‍പ്പിച്ചാല്‍ തന്നെ ജില്ല രണ്ടിനു് ഒരു വാഹനം എങ്കിലും വേണ്ടി വരും. വണ്ടി ഒന്നിനു് ഒരു പണിക്കാരനും ( കമ്മീഷനടിസ്ഥാനത്തിലുള്ള വിതരണം നടക്കില്ല, തുടക്കത്തില്‍ തീരെയും നടക്കില്ല). പുസ്തകം/സിനിമ തിരഞ്ഞെടുക്കാനും അതു പര്‍ചേസ് ചെയ്യാനും ഒരു ബോഡി ( ഓഫീസടക്കം) വേണം. മിനിമം ബുള്ളറ്റിനെങ്കിലും ഒരു പുസ്തകപ്രേമി വായിക്കുന്നു എന്ന നിലവാരമെങ്കിലും എത്തണമെങ്കില്‍ പരസ്യം തീര്‍ച്ചയായും ആവശ്യമാണു്. ഇതു വായിക്കൂ ചേട്ടാ എന്നു് ബുക്സ്റ്റാളുകാരന്‍ പറയുമെന്നു് പ്രതീക്ഷിക്കരുതു്. ഇത്രയുമാണു് പ്രാഥമിക ആവശ്യങ്ങളെന്നു തോന്നുന്നു.
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു് 50 ഷെയര്‍ ഹോള്‍ഡര്‍മാരേ ആകാവൂ എന്നുണ്ടെന്നു കേട്ടിരുന്നു. അതും പരിശോധിക്കണം.
എന്‍ ബി. ഇത്രയും പണം സ്വരൂപിക്കാന്‍ കഴിയില്ലെങ്കില്‍ ഒരു ജില്ലയില്‍ നിന്നും തുടങ്ങുക എന്ന കാര്യവും പരിഗണിക്കണം.
June 29, 2008 8:24 AM
**************************
*******************************
വെള്ളെഴുത്ത് said...
സുഹൃത്തുക്കളേ,
ഇത്രയും വലിയ ഒരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാനുള്ള ശേഷി ഇല്ലാതിരുന്നതുകൊണ്ടാണ് രണ്ടു മൂന്നു പ്രാവശ്യം മറുപടി എഴുതാനായിരുന്നിട്ടും പറ്റാതെ മടങ്ങിയത്.ആലോചിച്ച ചിലകാര്യങ്ങള്‍ പറയാം.1. പുസ്തകപ്രസാധക സംഘം, പാഠഭേദം, ആദ്യകാല മള്‍ബറി ...രീതിയില്‍ നല്ല പുസ്തകങ്ങള്‍ ലാഭേച്ഛ കൂടാതെ പുറത്തിറക്കുകയും കുറഞ്ഞ് ചെലവില്‍ വിതരണം ചെയ്യുകയും വേണം എന്നാണ് സ്വകാര്യമായ ആഗ്രഹം.
2. ഓഫീസ്, ഏജന്റുമാര്‍ എന്നൊക്കെ പറയുമ്പോള്‍ പ്രസാധനത്തില്‍ നിന്നും വിതരണത്തില്‍ നിന്നും കിട്ടുന്ന ലാഭത്തില്‍ നിന്നു വേണം അതൊക്കെ നടത്തിക്കാന്‍. അത്രയും ലാഭം ഇന്ന് സമാന്തര പ്രസാധക-വിതരണ സംരംഭങ്ങളില്‍ നിലവിലുള്ള കാലാവസ്ഥയില്‍ ലഭിക്കുകയില്ല. ഒലീവ്. റയിന്‍ബോ, അങ്ങനെ തിരുവനന്തപുരത്ത് അടച്ചുപൂട്ടിയ ബുക്ക്സ്റ്റാളുകള്‍ 4 ആണ് കഴിഞ്ഞവര്‍ഷം. പെന്‍, മൈത്രി, ബുക്ക് മാര്‍ക്ക്, എന്‍ ബി എസ് എന്നിവ പുസ്തകം വിറ്റുകിട്ടുന്ന പണം കൊണ്ടല്ല നിലനില്‍ക്കുന്നത്. ഓഫീസ് സ്റ്റാഫിനെ -അതു വില്‍പ്പനയ്ക്കായാലും വിതരണത്തിനായാലും- ശമ്പളം നല്‍കി നിലനിര്‍ത്തുക പ്രയാസമാണ്. പുസ്തകം കൊണ്ടു നടന്നു വില്‍ക്കുന്ന ഒന്നു രണ്ടു പാവപ്പെട്ട സ്ത്രീകളെ കണ്ടിരുന്നു, വിദ്യാഭ്യാസമുണ്ടെങ്കിലും കഷ്ടമാണ് അവരുടെ കാര്യം. സാഹിത്യം അധികം വിറ്റുപോകില്ല. പ്രായോഗിക ജീവിത, ഗ്ലോസ്സി ജെനറല്‍ നോളേജ് പുസ്തകങ്ങളാണ് ഓഫീസുകള്‍ക്ക് പ്രിയം. അതല്ല നമ്മുടെ ചന്ത.
3. നിലവിലുള്ള ബുക്കുഷോപ്പുകളില്‍ പുസ്തകം ഏല്‍പ്പിക്കുക വലിയ പാരയാണ്. ഒന്ന് അവര്‍, അവര്‍ക്ക് താത്പര്യമുള്ള പുസ്തകങ്ങള്‍ക്കു പിന്നില്‍ നമ്മള്‍ കൊടുക്കുന്ന പുസ്തകങ്ങള്‍ താഴ്ത്തും. രണ്ട്, കൊടുത്ത പുസ്തകങ്ങളുടെ പണം കിട്ടാന്‍ അലയേണ്ടി വരും. കിട്ടുമെന്ന് എന്നാലും ഉറപ്പില്ല. വ്യാപാരക്കരാറുള്ള പ്രസാധകസംഘങ്ങളോടു പോലും ഇതാണു പൊതുവേയുള്ള മനോഭാവം. മൂന്നാമിടത്തിന്റെ വാര്‍ഷികപ്പതിപ്പ് വിറ്റ പണത്തിന് ഇതുപോലെ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. ആകെ കിട്ടിയത് ഇരുന്നൂറു രൂപയാണ്. പിന്നെ പുസ്തകവുമില്ല, വിറ്റ പണവുമില്ല എന്നായിരുന്നു സ്ഥിതി. കിട്ടിയതിനേക്കാള്‍ കൂടുതല്‍ അവിടങ്ങളിലേയ്ക്കുള്ള യാത്രയ്ക്കായി ചെലവായി.
4. ബിഗ് ബസാറില്‍ 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതു കണ്ടു. കുറച്ചേ ഉള്ളുവെങ്കിലും എല്ലാ പ്രസാധകരുടെയുമുണ്ട്. ഡി സി ബിയുടെ ഉള്‍പ്പടെ. ബുക്ക്ഷോപ്പ് എന്ന സങ്കല്‍പ്പം മാറി ഏതു കടയിലും പുസ്തകം കിട്ടുന്ന നില വരണം. അത്തരം ഡീലുകളാണ് ഇനി നടക്കേണ്ടത്. പുലരി, ഗ്രീന്‍ തുടങ്ങിയ പ്രസാധകര്‍ നാട്ടിലുടനീളം നെറ്റ് വര്‍ക്കുള്ള ഷോപ്പിംഗ് മാളുകളുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു എന്നു കേള്‍ക്കുന്നു. 5. ഇ മെയിലുകളിലൂടെ ബന്ധപ്പെടുന്ന രീതിയും പുസ്തകം അയച്ചുകൊടുക്കുന്ന രീതിയും നമുക്ക് പരീക്ഷിക്കാവുന്നതാണ്. (എതിസ്റ്റ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ഞാന്‍ അറിയുന്ന ഇ മെയില്‍ പത്രികയിലൂടെയാണ്) ഏറ്റവും കുറഞ്ഞ ചെലവില്‍ അതെങ്ങനെ ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. രണ്ടാഴ്ചയിലോ മാസം തോറുമോ ഉള്ള ബുള്ളറ്റിന്‍ പ്ലാന്‍ ചെയ്യണം. പുസ്തകക്കുറിപ്പ്, നിരൂപണം, അഭിപ്രായങ്ങള്‍ എന്നിവ ചേര്‍ത്തുള്ള ഒരു ബ്ലോഗ് വേണം. അവയുടെ (ബുള്ളറ്റിന്‍, ബ്ലോഗ് പോസ്റ്റ്) പ്രിന്റു കോപ്പി കേരളത്തിലുള്ള എല്ലാ ലൈബ്രറികളിലും കിട്ടത്തക്കവണ്ണം(പറ്റിയാല്‍ സ്കൂള്‍ കോളേജ് ഉളപ്പടെ) അയയ്ക്കണം. ഏതാണ്ട് ഇരുപതോളം പ്രസിദ്ധീകരണങ്ങള്‍ പുസ്തകപ്പച്ച, ബുക്ക് ഷെല്‍ഫ് എന്നൊക്കെയുള്ള പേരുകളില്‍ പുതിയ ബുക്കിനെപ്പറ്റി പ്രാഥമികമായ അറിവു പങ്കുവയ്ക്കുന്നുണ്ട്. കൃത്യമായ വിലാസം സഹിതം അവയ്ക്കെല്ലാം പുസ്തകങ്ങള്‍ എത്തിക്കണം. താത്പര്യമുള്ളവര്‍ (അവരുടെ എണ്ണം വളരെ കുറവാണ്) അന്വേഷിച്ചു വരും.
6. വിദേശമലയാളികള്‍ പണം മുടക്കുക, ഇവിടുള്ളവര്‍ പ്രവര്‍ത്തിക്കുക എന്ന പരിപാടി നടപ്പില്ല. അത്, മുടക്കിയ പണത്തിനനുസരിച്ച് നാട്ടിലുള്ളവര്‍ പ്രവര്‍ത്തിച്ചില്ല എന്ന അനാവശ്യമായ വിമര്‍ശനത്തിനു വഴിതെളിക്കും. രണ്ടു സ്ഥലത്തെയും തൊഴില്‍ സംസ്കാരം വ്യത്യസ്തമായതിനാലാണത്. തുല്യ നിലയില്‍ തന്നെയാണ് പങ്കാളിത്തം വേണ്ടത്. വലിയ തുകയല്ല. ചെറിയ തുകകള്‍ മതി. പണം മുടക്കാന്‍ കഴിയുന്ന കൂടുതല്‍ പേരെ കണ്ടെത്താന്‍ വിദേശത്തുള്ളവര്‍ക്ക് സഹായിക്കാം.
7. സോഷ്യല്‍ സര്‍വീസിനോട് അടുത്തു നില്‍ക്കുന്ന പ്രവര്‍ത്തനമാവണം. സാമ്പത്തിക താത്പര്യങ്ങള്‍ കടന്നു കൂടിയാല്‍ മുതലാളി/തൊഴിലാളി മനോഭാവങ്ങള്‍ കയറി വിരാജിക്കും. പ്രശ്നമാവും. ഏറ്റവും പ്രധാനം ഒരേ മനസ്സുള്ളവര്‍ ഒന്നിച്ചുകൂടുക എന്നതാണ്. വളരെ പ്രയാസകരമാണ് അത് എന്ന് അനുഭവത്തില്‍ നിന്ന്.
June 30, 2008 2:10 AM
Monday, June 30, 2008
Subscribe to:
Post Comments (Atom)
22 comments:
ഞാന്‍ ഇതു ഇതുവരെ കണ്ടില്ലല്ലോ :(
സനലേ, വളരെ നല്ല കാര്യം ആണ്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ കുറെ പുസ്തകങ്ങള്‍ ഞങ്ങള്‍ കൊണ്ടു നടന്നു വിറ്റിട്ടുണ്ട്. വെള്ളെഴുത്ത് പറഞ്ഞതില്‍ കാര്യമുണ്ടെങ്കിലും പുസ്തകം വില്‍ക്കാന്‍ കഴിയും എന്നു തന്നെയാണ് എന്റെ അഭിപ്രായം (ക്രിസ്പിന്റെ പുസ്തകം 1000 കോപ്പി ഒരാഴ്ച കൊണ്ട് വിറ്റ് ഞങ്ങള്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു)
പക്ഷെ, വായിക്കാന്‍ താല്പര്യമുള്ളവര്‍ എത്ര പേരില്‍ പുസ്തകം എത്തുന്നു എന്നതാണ് കാര്യം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ക്രിസ്പിന്റെ പുസ്തകം 150 കോപ്പിയാണ് വിറ്റത്. ആ കുട്ടികള്‍ പിന്നീടു കാണുമ്പോഴെല്ലാം ഇതെന്തു കവിത എന്നു ചോദിച്ചു കൊണ്ടേയിരുന്നു :(
എന്തായാലും, രജിസ്ട്രേഷന്‍ പ്രധാനമാണ്. അതുടനെ ചെയ്യണം. വിശാലമായ രീതിയില്‍ ഇത് പ്രാവര്‍ത്തികമായില്ലെങ്കില്‍ കൂടി ബ്ലോഗിലെ കുറേ ആള്‍ക്കാരുടെ പുസ്തകം നമുക്ക് ഇറക്കാന്‍ കഴിയും. വിശാലരൂപം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനിടയില്‍ ചെയ്യുകയും ആകാം.
ഒരു പുസ്തകത്തിന്റെ ആദ്യ എഡിഷന്‍ ഒരു മാസം കൊണ്ട് വിറ്റു തീര്‍ക്കാന്‍ പറ്റുമെന്ന് ഞാന്‍ ഉറപ്പു പറയുന്നു. ബുക്സ്റ്റാള്‍ എന്ന ആശയത്തില്‍ കടിച്ചു തൂങ്ങിയിട്ട് കാര്യമില്ല. പുസ്തകം ആവശ്യമുള്ളവരെ തിരക്കി അങ്ങോട്ടു പോകണം. അതിനു വേണ്ടി വിനിയോഗിക്കാന്‍ സമയവും ആത്മാര്‍ഥതയുള്ള ധാരാളം പേര്‍ ഉണ്ട്. അതു പിന്നാലെ.
എല്ലാ ആശംസകളും.
ലതീഷേ ആത്മാർത്ഥമായ ഒരു ക്ഷമാപണം..ഞാൻ നിങ്ങളുടെ മെയി ഐഡി വിട്ടുപോയി.
പുസ്തകം വിറ്റു തീർക്കാമെന്ന് എനിക്കും ഉറപ്പുണ്ട്.നല്ല പുസ്തകമാണ്,അതിന്റെ പിന്നിൽ നല്ല ലക്ഷ്യങ്ങളാണ് എങ്കിൽ വിൽപ്പന ഒരു പ്രശ്നമേയല്ല.പക്ഷേ തുടരെ പുസ്തകങ്ങൾ ഇറക്കുമ്പോഴും അങ്ങനെ ചെയ്യാൻ നമുക്ക് കഴിയണം എന്നിടത്താണ് വെല്ലുവിളി...ചർച്ചനടക്കട്ടെ.കരിങ്കല്ലുപോലെ ഉറച്ച ഒരു തീരുമാനത്തിലെത്തും വരെ
ഒരു വലിയ സംരഭം തുടങ്ങുതിലുള്ള റിസ്ക് ഫാക്ടര്‍, പരാജയ ഭീതി ഇതൊക്കെയാണ് പലരുടേയും കമന്റുകളില്‍ വായിക്കാന്‍ കഴിയുന്നത്. വെള്ളെഴുത്തും ലതീഷും പറഞ്ഞത് ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാവുന്നത്,ചെറിയ രീതിയിലുള്ള തുടക്കത്തിന് നല്ല സാധ്യതകള്‍ ഉണ്ട് എന്നു തന്നെയാണ്. അതു കൊണ്ട് തന്നെ കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി
ഇന്‍വെന്ററി കൂട്ടി കടം കേറ്റുന്നതിനേക്കാള്‍ നല്ലത്
കുറച്ചു പുസ്തകങ്ങള്‍ നല്ലരീതിയില്‍
ഇറക്കി അതു നന്നായി വിറ്റഴിക്കുക എന്ന സമീപനമായിരിക്കില്ലേ തുടക്കത്തില്‍ നല്ലത്? ഒരു ടെസ്റ്റ് മാര്‍ക്കറ്റിങ് എന്ന നിലക്ക്? പ്രതികരണമനുസരിച്ച് ക്രമേണ വ്യാപ്തി കൂട്ടുകയുമാവാം. അല്ലാതെ തുടക്കത്തില്‍ ത്തന്നെ ഒരു വലിയ സംരഭത്തില്‍ ഇറങ്ങിത്തിരിക്കാന്‍ പലര്‍ക്കും മടി കാണും. അതാണ് ഇതുവരെയുള്ള ചര്‍ച്ചകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. മറ്റുള്ളവരൊക്കെ എന്തു പറയുന്നു?
ഒട്ടും പരിചയമില്ലാത്ത മേഖലയാണ്. എന്നാലും ഒന്ന് ചെകുത്താന്റെ വക്കീല്‍ കളിച്ചു നോക്കട്ടെ. വിഡ്ഡിത്തരങ്ങള്‍ തള്ളിക്കളയുക.
1. വിതരണ ശൃംഖല എന്നതാണ് ഉരുത്തിരിഞ്ഞു വന്ന ധാരണ. അപ്പോള്‍ പ്രസാധകര്‍ വേറെയായിരിക്കും. അതായത് ഈ സംരംഭത്തിന്റെ സാമ്പത്തിക സ്രോതസ്സ് കമ്മീഷന്‍ മാത്രമായിരിക്കും.
2. ഏതെങ്കിലും പ്രസാധകരോട് ഇതിനെപ്പറ്റി ആരെങ്കിലും സംസാരിച്ചിരുന്നോ? അവര്‍ ഇപ്പോള്‍ വിതരണക്കാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ എത്രയാണെന്ന് അറിയാമോ? ഇനി, നല്ല ഡിസ്‌കൌണ്ട് തരാന്‍ പ്രസാധകര്‍ തയ്യാറാവുമെങ്കില്‍ തന്നെ പുസ്തകങ്ങളുടെ കാര്യത്തില്‍ നമുക്കൊരു ചോയ്‌സ് നല്‍കാന്‍ അവര്ര് തയ്യാറാവുമോ? ഒരു വിതരണ കമ്പനി എന്ന നിലയില്‍ അവര്‍ പറയുന്ന പുസ്തകങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നാം നിര്‍ബന്ധിതരാവില്ലേ?
3. കോസ്റ്റ് അനാലിസിസ് ആദ്യം നടത്തിയേ പറ്റൂ. ചുരുങ്ങിയത് മൂലധനവും, ആദ്യ ആറു മാസത്തെയെങ്കിലും ഓപ്പറേഷനല്‍ ചെലവും സമാഹരിക്കണം.
4. വിതരണ ശൃംഖല എങ്ങിനെ വേണം എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ ഔട്ട്ലെറ്റുകള്‍ കണ്ടെത്തുന്നതില്‍ കൂടുതല്‍ പ്രധാനമാണ് പ്രൈമറി മാര്‍ക്കറ്റിംഗ്. പൊട്ടന്‍ഷ്യല്‍ ഉപഭോക്താവിന്റെ അടുത്ത് നേരിട്ട് ഇതിനെപ്പറ്റി പറയേണ്ടി വരും. ഇ-മെയില്‍/ ബുള്ളറ്റിന്‍ ക്യാംപേന്‍ മാത്രം മതിയാവില്ല. ഇതെങ്ങിനെ നടത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനാദ്യം വേണ്ടത് നമ്മുടെ പുസ്തകങ്ങളുടെ സ്വഭാവവും, ആ സ്വഭാവത്തിനിണങ്ങിയ ടാര്‍ഗറ്റ് മാര്‍ക്കറ്റും തീരുമാനിക്കുക എന്നതാണ്. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, പഴയ സീരിയസ് വായനാ സ്വഭാവം ഇപ്പോഴുമുണ്ടോ?
ഇനി, വിതരണ ശൃംഖലയാണ് അവസാനം തീരുമാനിക്കപ്പെടുന്നതെങ്കില്‍ എന്റെ അഭിപ്രായങ്ങള്‍.
അ) പൊതുജനങ്ങള്‍ക്കിടയീല്‍ “ ഡയറക്ട്ട് ആക്സസ്” ആയ സംഘടനകളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള വഴി കണ്ടെത്തുക. ഉദാഹരണത്തിന്, സിനിമയെക്കുറിച്ചുള്ള പുസ്തകമാണ് വില്‍ക്കുന്നതെങ്കില്‍ കോളെജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറികളെ സമീപിച്ച് ഒരു പൊതൂ പരിപാടിക്കിടയില്‍ ബുക്കിന്റെ പ്രമോഷന്‍ കൂടി സാധ്യമാക്കുക. ഒരല്‍പ്പം കൂടി മുതിര്‍ന്ന ആള്‍ക്കാരെയാണ് അഡ്രസ് ചെയ്യുന്നതെങ്കില്‍ “സ്വരലയ” പോലുള്ള സാംസ്കാരിക് സംഘടനകളുടെ പരിപാടികള്‍ക്കിടയില്‍ ചെറിയ സ്പോണ്‍സര്‍ഷിപ്പ് കൊടുത്ത് വേദി പങ്കിടാന്‍ ശ്രമിക്കുക.
2. തുടക്കത്തിലെങ്കിലും “ക്വാളിറ്റി കണ്‍സേണ്‍” ആവാതിരിക്കുക. പിടിച്ചു നില്‍ക്കാം എന്നുറപ്പ് വരുന്നതു വരെ മാര്‍ക്കറ്റിംഗ് കൂടാതെ വിറ്റു പോകുന്ന പുസ്തകങ്ങള്‍ കൂടി നീക്കുന്നത്, പ്രവര്‍ത്തന മൂലധനത്തെ സഹായിക്കും.
3. മൂന്നോ നാലോ പേര്‍ ഉള്ള ബോര്‍ഡിന് ഭരണ-സാമ്പത്തിക ചുമതല പൂര്‍ണ്ണമായും വിട്ടുകൊടുക്കുക. പലരു കൂടിയാല്‍ പാമ്പു ചാവില്ല. പ്രവര്‍ത്തന പരിചയവും, ബന്ധവും, നൈപുണ്യവും ഉള്ളവര്‍ ആയിരിക്കണം എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇവരെ ആദ്യം തന്നെ തീരുമാനിച്ച് ബാക്കിയുള്ളവരുടെ സമ്മാതം ഉറപ്പ് വരുത്തുക.
ഇത്രയും വിതരണം മാത്രമാണെങ്കില്‍. വ്യക്തിപരമായി എനിക്ക് തോന്നുന്നത് പ്രസാധനം കൂടി ഏറ്റെടുത്താല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കുമെന്നാണ്. ആദ്യ പ്രതിയില്‍ തൃപ്തരല്ലാത്ത ഇഷ്ടം പോലെ എഴുത്തുകാരുണ്ടാവും. അവരെ ആകര്‍ഷിക്കാം. എന്‍.ആര്‍.ഐ കമ്പനി എന്നൊരു ഇമേജ് (ബോധപൂര്‍വം) ആദ്യം തന്നെ കൊടുത്താല്‍ സാമ്പത്തിക അടിത്തറയെപ്പറ്റി എഴുത്തുകാര്‍ക്കുള്ള ആശങ്ക മാറും. നമുക്കിഷ്ടമുള്ള പുസ്തകങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കൊടുക്കാം. അല്പം പൈസ ഇറങ്ങുകയാണെങ്കില്‍ ന്യൂസ് പേപ്പര്‍ പരസ്യങ്ങള്‍ കൊടുക്കാം. ഗള്‍ഫിലെ ഉഷാര്‍ ആയി ഒരു ബ്രാഞ്ച് നടത്താം. പരസ്പരം ഉള്ള ഉത്തരവാദിത്തമല്ലാതെ ആരെയും ഒന്നും ബോധിപ്പിക്കാന്‍ ഉണ്ടാവില്ല.
എന്താണെങ്കിലും സഹകരണം ഉറപ്പു തരുന്നു. ഈ സംരംഭം ബ്ലോഗിന് ഒരു ക്ഷീണമാവരുത് എന്നൊരു അഭ്യര്‍ത്ഥന കൂടി ഉണ്ട്.
ഒരു ടെസ്റ്റ് എന്ന നിലയില്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള നമുക്ക് സ്റ്റോക്ക് കിട്ടാന്‍ സാധ്യതയുള്ള പുസ്തകങ്ങളില്‍ നിന്നും തുടങ്ങിയാലൊ?
അറിഞ്ഞിടത്തോളം വിഷ്ണുവിന്റെ, ടി പി അനില്‍കുമാറിന്റെ, കുഴൂരിന്റെ ബുക്കുകള്‍ സ്റ്റോക്ക് ഉണ്ട് ഇപ്പോള്‍. അങ്ങനെയുള്ള വ്യത്യസ്തമായ ഡൊമൈനുകളില്‍ ഉള്ള ഒരു പത്ത് പതിഞ്ച് ടൈറ്റിലുകള്‍ സംഘടിപ്പിക്കുക ആണെങ്കില്‍ അധിക ബാധ്യതകളില്ലാതെ നമുക്കിതൊന്നു തുടങ്ങി വയ്ക്കാന്‍ കഴിയും. മാര്‍ക്കറ്റ് ട്രെന്‍ഡ് മനസിലാക്കാനും ഇത് സഹായിക്കും.
വടക്കേ ഇന്ത്യന്‍ പബ്ലീഷിങ്ങ് ഹൌസുകളില്‍ നിന്നും വരുന്ന് കോളേജ് ഗൈഡുകള്‍, ടെക്സ്റ്റ് ബൂക്കുകള്‍, റെയര്‍ ആയ ബുക്കുകള്‍ ഇവയൊക്കെയും എടുക്കാമെന്ന് തോന്നുന്നു. ഒരു ആദ്യപടി എന്ന നിലയില്‍
അനീഷ്
മറ്റൊരു വിഷയത്തിനു വേണ്ടി ദേവന്‍ പണ്ടെഴുതിയതാണെങ്കിലും പ്രസക്തമായ ഭാഗങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. നോക്കി തീരുമാനിക്കൂ.
ദേവന്‍ ഇല്ലേ, ഈ ബ്ലോഗില്‍?
കൂടുതൽ പേരുടേയും അഭിപ്രായം.പുസ്തക വിതരണം എന്ന നിലയിൽ മാത്രം പോരാ എന്നതാണെന്ന് തോന്നുന്നു.കാരണം മറ്റുള്ളവരുടെ പുസ്തകം വാങ്ങി വിൽക്കുക എന്നതിലുള്ള ചെലവും നല്ല പുസ്തകം തെരഞ്ഞെടുക്കുക പോലുള്ള ബുദ്ധിമുട്ടുകളും.
കുറച്ചു പുസ്തകങ്ങൾ നല്ല രീതിയിൽ ഇറക്കി നല്ലരീതിയിൽ വിതരണം ചെയ്യുക എന്ന അഭിപ്രായത്തിൽ യോജിപ്പുണ്ടെന്നും തോന്നുന്നു.
അങ്ങനെയെങ്കിൽ ആ രീതിയിൽ കൂടുതൽ ആലോചിക്കുന്നതാവും നല്ലത്.
കണ്ണൂസ് പറഞ്ഞതുപോലെ ആറുമാസത്തേയെങ്കിലും ഓപ്പറേഷണൽ കോസ്റ്റ് മുന്നിൽ കണ്ട് കൊണ്ട് ഒരു അജണ്ട ഉണ്ടാക്കുക.
1.എങ്ങനെയുള്ള എത്ര പുസ്തകങ്ങൾ ഇറക്കണം എന്ന് തീരുമാനിക്കണം.അതിന്റെ ചെലവ് നിശ്ചയിക്കണം.
2.പുസ്തകങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ,പഠനങ്ങൾ വായനക്കുറിപ്പുകൾ എന്നിവയുൾപ്പെടുന്ന ഒരു ബുള്ളെറ്റിൻ ഇറക്കുന്നതിനുള്ള ചെലവ് തീരുമാനിക്കുക.
3.വിതരണത്തിനുള്ള മാർഗ്ഗങ്ങൾ വളരെ കൃത്യമായി നിർവചിക്കുക,അതിനുള്ള ചെലവു നിശ്ചയിക്കുക
ഇത്രയും ചെയ്യുമ്പോൾ സാമ്പത്തിക ചെലവിനെക്കുറിച്ച് ഒരു ഏകദേശ രൂപം കിട്ടും
ഇനി
വിതരണം പരസ്യം എന്നീകാര്യങ്ങളെക്കുറിച്ച്.
നമ്മുടെ പുസ്തകങ്ങൾ ഉൽപ്പാദനച്ചെലവും പ്രവർത്തനത്തിനാവശ്യമുള്ള മിനിമം ലാഭവും കഴിഞ്ഞ് അത്യാവശ്യം ആകർഷകമായ മാർജിൻ ഉള്ള ഒരു വില നിശ്ചയിക്കണം.അതായത് 50 രൂപയുടെ പുസ്തകം നമുക്ക് 30 രൂപയ്ക്ക് ഈ ചെലവുകൾ കഴിച്ച് കൊടുക്കാൻ കഴിയുമെങ്കിൽ അതിൽ 20 രൂപ വിൽക്കുന്നവന്റെ ലാഭമാണ്.(പക്ഷേ പുസ്തകത്തിന്റെ ഉള്ളടക്കം 50 രൂപയുടെ എങ്കിലും വാല്യൂ ഉള്ളതായെങ്കിലും വായനക്കാരന് തോന്നുന്നതു ആയിരിക്കണം :)-
ഒരു പുസ്തകം വിൽക്കുമ്പോൾ 20 രൂപ ലാഭം എന്നത് വിക്കുന്നവനെ സംബന്ധിച്ച് ആകർഷകമായ ഒന്നാണ്,വാങ്ങുന്നവന് അത് നഷ്ടവും വരുത്തുന്നില്ല.ഇതിൽ നിന്നുകൊണ്ട് നമുക്ക് കാര്യങ്ങൾ ആസൂത്രണം ചെയ്യാം.
ഉദാഹരണം
നാട്ടിൻപുറത്തും നഗരങ്ങളിലും ഒക്കെത്തന്നെ നേരിട്ട് പൊതുജനസമ്പർക്കമുള്ള ധാരാളം ആൾക്കാരുണ്ട്.സെർവീസ് എന്ന നിലയ്ക്കല്ലാതെ അവരുടെ ഒരുനേരത്തെ കഞ്ഞികുടി എന്ന നിലയ്ക്ക് പ്രവർത്തിക്കുന്നവർ.ഇൻഷുറൻസ് ഏജന്റ്സ് പോലെയുള്ള ആളുകൾ,പാർട്ട് ടൈം ആയി എന്തെങ്കിലും ജോലി കിട്ടിയിരുന്നെങ്കിൽ പഠനം മുന്നോട്ട് കൊണ്ട് പോകാമായിരുന്നു എന്ന് ചിന്തിച്ച് തേടിനടക്കുന്ന വിദ്യാർത്ഥികൾ..അങ്ങനെ ധാരാളം പേർ.അവർക്ക് മാന്യമായി വിൽക്കാവുന്ന ഒന്നാണ് പുസ്തകം.അത് നല്ലതാണെങ്കിൽ അവരുടെ അന്തസിനെ അത് ഉയർത്തുകകൂടി ചെയ്യും
2.നമ്മുടെ നാട്ടിൽ ഇന്നുള്ള സൂപ്പർമാർക്കറ്റുകൾ,മാർജിൻ ഫ്രീമാർക്കറ്റുകൾ എന്നിങ്ങനെ ഉപഭോക്താവിന് സാധനങ്ങൾ നോക്കി തിരഞ്ഞെടുക്കാൻ സൌകര്യമുള്ള എല്ലായിടത്തും നമ്മുടെ പുസ്തകങ്ങൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ഡിസ്പ്ലേ ഒരുക്കുക.
3.ആർട്ട് സൊസൈറ്റികളെ സമീപിച്ച് അവരുടെ പ്രവർത്തനഫണ്ടിന് സഹായകരമാകും പുസ്തക വിൽപ്പന എന്ന് ബോധ്യപ്പെടുത്തുക.
4.പുസ്തക പരിചയക്യാമ്പുകൾ സംഘടിപ്പിക്കുക എന്നിങ്ങനെ പരസ്യവും പ്രവർത്തനവും ഗ്രാസ്രൂട്ട് ലെവലിൽ ഉള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം
അതിനുള്ള ചെലവും വരവും കൃത്യമായി അസെസ് ചെയ്യുക
ഇത്രയും ചെയ്താൽ ഉള്ള സംശയങ്ങൾ എല്ലാം ദൂരീകരിക്കപ്പെടും എന്നു തോന്നുന്നു.
കണ്ണൂസേ
“ഈ സംരംഭം ബ്ലോഗിന് ഒരു ക്ഷീണമാവരുത് എന്നൊരു അഭ്യര്‍ത്ഥന കൂടി ഉണ്ട്.“
അങ്ങനെ ഒരാശങ്കക്ക് എന്താ കാര്യം
June 30, 2008 10:49 AM
ഈ സംരംഭം ബ്ലോഗിന് ഒരു ക്ഷീണമാവരുത് എന്നൊരു അഭ്യര്‍ത്ഥന കൂടി ഉണ്ട്
ഇതില്‍ തിരക്കായിപ്പോയാല്‍ നിങ്ങളെപ്പോലുള്ളവരൊക്കെ ബ്ലോഗ് എഴുത്ത് നിര്‍ത്തും എന്നതു തന്നെ സനലേ. :)
എന്റമ്മേ ഞാൻ മറ്റെന്തോ ഭയന്നു :)
പ്രിന്റ് മീഡിയ vs ബ്ലോഗ് ആംഗിള്‍ ആണോ? ആ കാര്യത്തിലും ബ്ലോഗിന്റെ കൂടെയാണെങ്കിലും, ഇത്തരം സംരഭങ്ങള്‍ ബ്ലോഗിനെ നേരിട്ട് ബാധിക്കില്ല എന്ന് ഞാന്‍ കരുതുന്നു. ബ്ലോഗേഴ്‌സിന്റെ പുസ്തകം ഇറക്കാന്‍ ഒരു സംഘടന എന്നായിരുന്നു ആശയമെങ്കില്‍ എതിര്‍ത്തേനെ. :)
ബ്ലോഗേർസിന്റെ പുസ്തകം എന്നത് ഒരു സ്വാർത്ഥതാൽപ്പര്യം ആകും,അതുകൊണ്ട് തന്നെ അതിൽ മൂല്യനാശവും ഉണ്ടാകും.ബ്ലോഗറുടേയോ അല്ലയോ എന്നല്ല മുഖ്യധാരവഴി മുന്നിലെത്താത്ത എന്നാൽ സമൂഹം നിശ്ചയമായും കേട്ടിരിക്കേണ്ട ശബ്ദങ്ങളെ കേൾപ്പിക്കുക എന്നതാവും ആശാസ്യം.
അനീഷ് പറഞ്ഞത് കുറേക്കൂടി വിപുലപ്പെടുത്തിയാൽ പ്രസക്തമായ അന്യഭാഷാപുസ്തകങ്ങളുടെ പരിഭാഷകൾ പോലും നമുക്ക് പ്രചരിപ്പിക്കാം.ക്വാളിറ്റിയെ വല്ലാതെ ഉപേക്ഷിക്കാനും കഴിയുമെന്ന് തോന്നുന്നുല്ല.ഒരു വിതരണച്ചങ്ങല കാര്യക്ഷമമായി എസ്റ്റാബ്ലിഷ് ചെയ്തു കഴിഞ്ഞാൽ നമുക്ക് പുസ്തകങ്ങൾ കിട്ടുന്നകാര്യത്തിൽ യാതൊരു പ്രശ്നവും വരില്ല എന്നും ഉറപ്പിക്കാം
ഒരു ചെറിയ ഉദാഹരണം
1000 കോപ്പി അച്ചടിക്കുന്ന ഒരു പുസ്തകം കേരളത്തിന്റെ എല്ലാപഞ്ചായത്തിലും ഒരാൾക്ക് വീതം എത്തിക്കാൻ നമുക്ക് കഴിയുമെങ്കിൽ എത്രദിവസം വേണം അത് തീർക്കാൻ?എത്രയെണ്ണം അയാൾക്ക് കിട്ടും :)
available ആയ ബുക്കുകള്‍ എന്നേ ഉദ്ദേശിച്ചുള്ളു സനല്‍. അറിയാവുന്ന ആള്‍ക്കാര് ആയതു കൊണ്ട് പേരെടുത്ത് പറഞ്ഞു. :).
കൂടുതല്‍ ചെലവ് വരാത്ത എന്നാല്‍ പെട്ടെന്ന് വിറ്റഴിയുന്ന പുസ്തകങ്ങള്‍
അനീഷ്
കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം 991.
സനാതനാ ദേവദാസിനെ വിട്ടുപോയെന്നു തോന്നുന്നു.
നാട്ടിൻപുറത്തും നഗരങ്ങളിലും ഒക്കെത്തന്നെ നേരിട്ട് പൊതുജനസമ്പർക്കമുള്ള ധാരാളം ആൾക്കാരുണ്ട്.സെർവീസ് എന്ന നിലയ്ക്കല്ലാതെ അവരുടെ ഒരുനേരത്തെ കഞ്ഞികുടി എന്ന നിലയ്ക്ക് പ്രവർത്തിക്കുന്നവർ.ഇൻഷുറൻസ് ഏജന്റ്സ് പോലെയുള്ള ആളുകൾ,പാർട്ട് ടൈം ആയി എന്തെങ്കിലും ജോലി കിട്ടിയിരുന്നെങ്കിൽ പഠനം മുന്നോട്ട് കൊണ്ട് പോകാമായിരുന്നു എന്ന് ചിന്തിച്ച് തേടിനടക്കുന്ന വിദ്യാർത്ഥികൾ..അങ്ങനെ ധാരാളം പേർ.അവർക്ക് മാന്യമായി വിൽക്കാവുന്ന ഒന്നാണ് പുസ്തകം.അത് നല്ലതാണെങ്കിൽ അവരുടെ അന്തസിനെ അത് ഉയർത്തുകകൂടി ചെയ്യും
ഇതിലുള്ള പ്രശ്നം എന്താണെന്നു വെച്ചാല്‍ സനലേ, പുസ്തകം നല്ലതാണെന്ന് ഒരു തോന്നല്‍ വാങ്ങുന്നവരില്‍ ഉണ്ടാക്കുക എന്ന നമ്മുടെ പ്രാഥമിക പരിഗണന ഇവരെക്കൊണ്ട് നിറവേറ്റാന്‍ കഴിഞ്ഞേക്കില്ല എന്നതാണ്. അതു കൊണ്ടാണ്‍ ഞാന്‍ പറഞ്ഞത് “കേള്‍ക്കേണ്ട ശബ്ദ’മാണ് എന്ന തോന്നല്‍ വായനാകുതുകികളില്‍ ഉണ്ടാക്കാനുള്ള ഡയറക്റ്റ് ആക്സസ് നാം ഏറ്റെടുക്കേണ്ടി വരുമെന്ന്. വിദ്യാര്‍ത്ഥികളും ഇന്‍ഷുറന്‍സ് ഏജന്റുമാരും കൊണ്ടു വരുന്ന പുസ്തകങ്ങള്‍ ഒരു ഉപഭോക്താവിന് മറ്റൊരു സെല്ലിംഗ് കമ്മോഡിറ്റി ആയേ തോന്നൂ.
കമേഴ്സ്യല്‍ വയബിലിറ്റിയെ ഒരിക്കലും അവഗണിക്കരുത്. പ്രായോഗിക തലത്തില്‍ അത് ബുദ്ധിമുട്ടുണ്ടാക്കും. അങ്ങിനെ ഒരു സംരംഭം തുടങ്ങാന്‍ പറ്റിയേക്കും, പക്ഷേ നിലനിര്‍ത്താന്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ മൂവ്‌മെന്റ് ഉള്ള പുസ്തകങ്ങളും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുക. ഡി.സി.യും മാതൃഭൂമിയും മറ്റും വിതരണക്കാര്‍ക്ക് 10% ആണ് കൊടുക്കുന്നതെങ്കില്‍ നമ്മള്‍ 12% മാത്രം കൊടുക്കുക. അവരെ ആകര്‍ഷിക്കാനായി 40% കൊടുക്കേണ്ട ആവശ്യമൊന്നുമില്ല.
കേരളത്തിലെ പേരുകേട്ട എഴുത്തുകാര്‍ക്ക് പുസ്തകപ്രസാധനവും വില്പനയും ഒന്നും പ്രശ്നമല്ലല്ലോ. അവര്‍ക്ക് ഡി.സി പോലുള്ളവരുണ്ട്. സ്വന്തം പേരില്‍ വില്‍ക്കാന്‍ കഴിയുന്നു എന്നതു തന്നെ ഒരു വലിയ അഡ്വാന്റേജാണ്.സമാന്തര പുസ്തക പ്രസാധക വിതരണ സംവിധാനത്തെക്കുറിച്ചല്ലേ നാം ചിന്തിക്കുന്നത്? ആ നിലക്ക്, നല്ല പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്നിട്ടു കൂടി സ്വന്തം നിലക്ക് പുസ്തകം ഇറക്കാന്‍ കഴിയാത്തവരേയായിരിക്കണം(ബ്ലോഗിലും പുറത്തുമുള്ള) ഈ സംരഭം ലക്ഷ്യം വെക്കേണ്ടത്. മറുഭാഷാ പുസ്തകങ്ങളുടെ കാര്യത്തിലും ഇത്തരം ഒരു നയം വേണം.(മറുനാടന്‍ പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ പലരും ഇറക്കുന്നുണ്ട്.) ഇന്നത്തെ സാഹചര്യത്തില്‍ മലയാളിക്ക് വായിക്കാന്‍ കിട്ടാന്‍ സാധ്യതയില്ലാത്ത മറുനാടന്‍ പുസ്തകങ്ങള്‍, പിന്നെ ക്രമേണ സിനിമകള്‍, സംഗീതം ഇവയൊക്കെ ലഭ്യമാകുന്ന തരത്തില്‍. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു വ്യത്യസ്ത, ഒരു യുണീക് സെല്ലിങ് പ്രൊപൊസിഷന്‍ ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.
ദേവദാസിനു മെയില്‍ അയക്കാന്‍ പച്ചാളത്തോടു പറഞ്ഞിട്ട് മറന്നുപോയെന്ന് തോന്നുന്നു.
ആ നിലക്ക്, നല്ല പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്നിട്ടു കൂടി സ്വന്തം നിലക്ക് പുസ്തകം ഇറക്കാന്‍ കഴിയാത്തവരേയായിരിക്കണം(ബ്ലോഗിലും പുറത്തുമുള്ള) ഈ സംരഭം ലക്ഷ്യം വെക്കേണ്ടത്.
അതാണ് ആത്യന്തിക ലക്ഷ്യം. പക്ഷേ അങ്ങിനെ തുടങ്ങാനും, പിടിച്ചു നില്‍ക്കാനും ആവുമോ എന്ന സംശയമാണ് ഞാന്‍ ചോദിക്കുന്നത്. അങ്ങിനെ തന്നെ മതി എന്നാണെങ്കില്‍ 6 മാസത്തെ പോരാ, ചുരുങ്ങിയത് 2 കൊല്ലത്തെ കോസ്റ്റ് അനാലിസിസ് എങ്കിലും ചെയ്യേണ്ടി വരും.
ദേവദാസിന് മെയിൽ അയച്ചിട്ടുണ്ടായിരുന്നു.അദ്ദേഹം അവധിയിൽ ആയിരുന്നകൊണ്ട് നോക്കാൻ കഴിഞ്ഞില്ല എന്നും ഇന്നലെ വൈകീട്ട് നോക്കി അഭിപ്രായം ഇടാമെന്നും പറഞ്ഞിരുന്നു,താമസിയാതെ പ്രതീക്ഷിക്കുന്നു.
കണ്ണൂസെ,
പുസ്തകം ഇന്നും എവിടെയും ഒരു അന്തസുള്ള വസ്തുതന്നെ(പുറത്തുകാണിക്കാൻ കൊള്ളാത്തവയൊഴികെ),ഈ പറഞ്ഞ രണ്ടുകൂട്ടർക്കും വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏജന്റ്സ് മാർക്കും ഒരു വലിയ സമ്പാദ്യം കാശും വിദ്യാഭ്യാസവും ജോലിയും ഉള്ളവരോടുള്ള സമ്പർക്കമാണ്.അവർക്ക് ഒരു നല്ല പുസ്തകം വാങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടാവുകയില്ല.പക്ഷെ പുസ്തകം നല്ലതാണോ എന്ന് അറിയിക്കാൻ ഒരുപക്ഷേ അവർക്ക് കഴിഞ്ഞെന്നു വരില്ല അതിനാണ് നാം ബുള്ളെറ്റിൻ ഇറക്കുന്നത്.ബുള്ളെറ്റിൻ ഇവർ വഴി വിതരണം ചെയ്യാൻ കഴിയും.വിൽപ്പനയിൽ അത്യാവശ്യം കമ്പൾഷൻ ആദ്യം ഉണ്ടാവും.പക്ഷേ കമ്പെൽ ചെയ്തു വിൽക്കുന്നതായാലും വായിച്ചു കഴിയുമ്പൊൾ അതു നന്നായിരുന്നു എന്ന് തോന്നിയാൽ അടുത്ത ഘട്ടത്തിൽ ഈ കമ്പൾഷൻ വലുതായി വേണ്ടിവരില്ല.
പറഞ്ഞു വരുന്നത് ഇതാണ്
1.നല്ല പുസ്തകങ്ങൾ നമുക്ക് ആൾക്കാരിൽ എത്തിക്കണം,നമ്മുടെ റണ്ണിങ് കോസ്റ്റ് കിട്ടണം
2.അതു വിറ്റാൽ ഇത്തിരി കാശ് കിട്ടും എന്ന് വിൽക്കുന്നവന് തോന്നണം,അതുകൊണ്ട് അവൻ ഉപഭോക്താവിനെ കണ്ടെത്തി വാങ്ങാൻ പ്രേരിപ്പിക്കണം
3.വാങ്ങുന്നവൻ വാങ്ങിയത് നഷ്ടമായില്ല എന്നെങ്കിലും ആശ്വസിക്കണം
(വായന എന്നത് ഒരു ദുശീലമാണ്..അത് നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.രണ്ട് നാല് നല്ല ഡോസ് കൊടുത്താൽ അഡിക്റ്റാക്കാൻ നോക്കാം :) )
കമേഴ്സ്യൽ വയബിലിറ്റിയെ അവഗണിക്കരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.വിഷ്ണുപ്രസാദിന്റെയോ അനിലന്റേയോ രാജീവ് ചേലനാടിന്റേയോ പുസ്തകം വിൽക്കുമ്പോൾ അല്ലെങ്കിൽ അച്ചടിക്കുമ്പോൾത്തന്നെ നമ്മൾ പവിത്രൻ തീക്കുനിയെ അവഗണിക്കേണ്ട കാര്യമില്ല.ഒരു തീം നിശ്ചയിച്ച് ഇവരുടെയൊക്കെ കുറേ തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഒരു പഠനം എന്ന നിലയിൽ ഒന്നിച്ച് അവതരിപ്പിക്കുകയും ചെയ്യാം.അതിലൊന്നും തെറ്റുണ്ടെന്ന് തോന്നുന്നില്ല.പക്ഷേ നേരിട്ടുള്ള സെല്ലിങ്ങ് ആണെങ്കിൽ നേരത്തേ പറഞ്ഞ കമ്പൾസീവ് സെല്ലിങ്ങ് നടക്കും,ലതീഷ് പറഞ്ഞതു പോലെ അത് ബുദ്ധിമുട്ടുള്ള കാര്യമല്ല കേരളത്തിലെ ഓരോ പഞ്ചായത്തിലും 5 വായനക്കാരെ നമുക്ക് നേരിട്ട് കണ്ടെത്താൻ കഴിഞ്ഞാൽ 5000 കോപ്പി വേണ്ടിവരും പുസ്തകം.പ്രശ്നം അവിടെയല്ല അടുത്ത തവണ അവരെ സമീപിക്കുമ്പോൾ ഈ കമ്പൾഷൻ ഇല്ലാതെ അവർ പുസ്തകം ഏതൊക്കെയുണ്ട് എന്ന് നോക്കുകയെങ്കിലും ചെയ്യുന്ന അവസ്ഥ വരണം,അവിടെയാണ് ക്വാളിറ്റിയുടെ കിടപ്പ്.
ഉന്മേഷ്,
യോജിക്കുന്നു,എന്നാലും അവർക്ക് മറ്റ് പ്രസാധകർ ഉണ്ട് എന്നത് കൊണ്ട് നാം മാറ്റി നിർത്തേണ്ടകാര്യമില്ല,അവരെയും നമുക്ക് സമീപിക്കാം ഒരു നല്ല മിക്സ് ആരും കേട്ടിട്ടില്ലാത്ത ഒരു പേര് കേൾപ്പിക്കാൻ ഇന്നുള്ളവർക്ക് ധൈര്യമില്ല കാരണം പുസ്തകത്തിന് വായനകാരന് നേരേ നിന്ന് സ്വയം പരിചയപ്പെടുത്താൻ നാവില്ല എന്നതു തന്നെ.നമുക്ക് ഈ നാവും ഇതു വാങ്ങൂ നല്ല പുസ്തകമാണ് എന്ന് രണ്ട് കൈകളും ഉണ്ടെങ്കിൽ ആ പരിമിതിയെ മറികടക്കാം എളുപ്പം തന്നെ.ഒരു കാര്യത്തിൽമാത്രം ഉറപ്പുവേണം എഴുത്തിന്റെ മൂല്യം അല്ലാതെ മറ്റൊന്നും വിതരണത്തിലോ പ്രസിദ്ധീകരണത്തിലോ മാനദണ്ഡമാക്കരുത്.
സിനിമയുടെ കാര്യത്തിലും ചെയ്യാം നേരത്തേ പറഞ്ഞ തീമാറ്റിക് ആയ പ്രു ഇൻട്രൊഡക്ഷൻ
ഉദ: ജോൺ അബ്രഹാമിന്റെ മുഴുവൻ സിനിമകൾ എന്ന ഒന്ന്.
കുറച്ചു ദിവസം നാട്ടില്‍ തെണ്ടാന്‍ പോയിരിക്കുകയായിരുന്നു കൂട്ടുകാരേ. ബ്ലോഗിലെത്തുന്നതിനു മുന്നേ തന്നെ സിദ്ധാര്‍ത്ഥന്‍ വിളിച്ച് ഇക്കാര്യം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
എന്തെങ്കിലും തുടങ്ങുമ്പോള്‍ തുടക്കത്തില്‍ നിന്നുതന്നെ തുടങ്ങണം എന്നാണല്ലോ പഴയ മദാമ്മപ്പാട്ട്. സംഗതി ഇങ്ങനെയല്ലേ (ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റുണ്ടോ ആവോ)
൧. പുസ്തകവില്പ്പന സെന്റലൈസ് ചെയ്തു കിടക്കുന്നു
൨. പുസ്തകോഭോക്താവ് (വായനക്കാരന്‍, ലൈബ്രറി, വാങ്ങി സമ്മാനിക്കുന്നവര്‍) ചിതറിയും കിടക്കുന്നു
൩. ഡീസെന്റ്രലൈസ് ചെയ്ത ഒരു സംവിധാനമുണ്ടാക്കിയാല്‍ പുസ്തകം ഇറങ്ങിയത് അറിയാതെയും വാങ്ങാന്‍ പോകാനുള്ള സമയക്കുറവുകൊണ്ടും ഇല്ലാതെയാവുന്ന മാര്‍ക്കറ്റ് ഷെയര്‍ ഉണ്ടാക്കിയെടുക്കാം.
ആദ്യം പ്രതിചിന്തകള്‍ തന്നെ ആയിക്കോട്ടെ (കണ്‍സര്വേറ്റിസം എന്നത് വേദവാക്യം ആക്കിയ രണ്ടു തൊഴിലുലാരേ ഉള്ളു, കണക്കെഴുത്തുപിള്ളയും പുരോഹിതനും)
നിലവില്‍ പുസ്തകരിചയത്തിനും നേരിട്ട് വീട്ടിലെത്തിക്കുന്നതിനും ശക്തമായ ഒരു ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ഉള്ള ഒരേയൊരു സംഘടയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. (പരിഷത്തിന്റെ പുസ്തകങ്ങള്‍ സാഹിത്യമല്ലല്ലോ, അതുകൊണ്ട് അവരുടെ അനുഭവം സാഹിത്യത്തിലും ആവര്‍ത്തിക്കുമെന്ന് കരുതേണ്ടതില്ല)
കഴിഞ്ഞയാഴ്ച്ച പരിഷത്ത് കൊല്ലം ഓഫീസില്‍ പോയിരുന്നു. പരിഷത്ത് ഓഫീസുകള്‍ വഴിയും ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി വഴിയും സ്കൂള്‍ സംഘങ്ങള്‍ വഴിയും (കോളേജുകളില്‍ പരിഷത്ത് സാന്നിദ്ധ്യം ഏതാണ്ട് ഇല്ലെന്ന് തന്നെ പറയാം, പിള്ളേര്‍ക്ക് പഠിക്കാന്‍ തന്നെ നേരമില്ല അപ്പോഴല്ലേ ശാസ്ത്രവും സാഹിത്യവും) പുസ്തക വിതരണം എങ്ങനെ ഉണ്ടെന്ന് തിരക്കി.
ശാസ്ത്രകുതുകികളില്‍ത്തന്നെ വാനയാശീലം കുറയുന്നെന്നും ഉള്ളവര്‍ സ്കാറ്റേര്‍ഡ് ആയതിനാല്‍ റീച്ചബിലിറ്റി പോയെന്നും അതിനാല്‍ പുസ്തകവില്പ്പന കുത്തനെ വീണെന്നും ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ പൊതുപരിപാടികള്‍ നടത്തി പുസ്തകത്തിലുള്ളത് അത് വായിക്കാന്‍ ആവശ്യപ്പെടാതെ തന്നെ പറഞ്ഞുകൊടുക്കുന്നതില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നെന്നുമായിരുന്നു മറുപടി.
വായിക്കില്ല, പക്ഷേ പറഞ്ഞുകൊടുത്താല്‍ കേള്‍ക്കും എന്ന വിചിത്രമായ അവസ്ഥ ശരിക്കും ഉണ്ടോ എന്ന് തിരക്കിയപ്പോള്‍ പലരും മാസികകള്‍ക്കപ്പുറത്തേക്ക് വായിക്കുന്ന ശീലം കുറഞ്ഞെന്ന് അവര്‍ക്കു ഫീല്‍ ചെയ്യുന്നെന്നും എഫര്‍ട്ട് എടുത്തുള്ള വായനയ്ക്ക് ക്ഷമയും താല്പ്പര്യവുമുള്ളവര്‍ അതേ എഫര്‍ട്ട് എടുത്ത് പരിഷത്ത് ഓഫീസിലെത്തി പുസ്തകം വാങ്ങിക്കുന്നെന്നും മറുപടി കിട്ടി.
ഇതു നമുക്ക് ആപ്ലിക്കബിള്‍ ആകുമോ എന്ന് ഞാന്‍ ആലോചിച്ചിട്ട്, കുറച്ചൊക്കെ ബാധകമാണ് എന്ന് വന്നു. സയന്‍സ് ബുക്ക് വില്‍ക്കുന്നതും ലിറ്ററേച്ചറുമായുള്ള വത്യാസം
ഇന്ന ബുക്ക്, ഇന്നയാള്‍ എഴുതി, ഇന്ന സാഹിത്യശാഖ, ആരു റെക്കമെന്‍ഡ് ചെയ്തു, എന്നതിലും അതിലുപരി ഇദ്ദേഹത്തിന്റെ മറ്റുവര്‍ക്കുകള്‍ വായിച്ചിട്ടുണ്ടോ ഇഷ്ടപ്പെട്ടിട്ടുണ്ടോ എന്നു നോക്കിയാണ് (ഞാനുള്‍പ്പടെ) മിക്കവരും പുസ്തകങ്ങള്‍ വാങ്ങാറ്.
എനിക്കു പുസ്തകം പരിചയപ്പെടുത്തുന്നവരെക്കുറിച്ച് എനിക്കുള്ള ധാരണവച്ചാണ് ഞാന്‍ റെക്കമെന്‍ഡേഷന്‍ സ്വീകരിക്കുന്നത്, അതായത് സനാതനന്റെ കവിതാസമാഹാരം അസ്സലായെന്ന് എക്സ് പറഞ്ഞാല്‍ ഞാന്‍ വാങ്ങിയേക്കും, വൈ പറഞ്ഞാല്‍ വാങ്ങില്ല, സനാതനന്റെ കവിതകള്‍ നേരത്തേ ഞാന്‍ വായിച്ചിട്ടുണ്ടെങ്കില്‍ ആരു പറഞ്ഞാലും ഇല്ലെങ്കിലും എന്റെ വാങ്ങലിനെ സ്വാധീനിക്കുകയുമില്ല.
ഒരു പേര്‍സണലൈസ്ഡ് പുസ്തകപരിചയത്തിനു മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ കഴിയും, പക്ഷേ അത് വളരെ ചെറിയ ഒരു സര്‍ക്കിള്‍ (ഒരു വില്ലേജ്, ഒരു പഞ്ചായത്ത്) കവര്‍ ചെയ്യാനേ കഴിയൂ. ദര്‍പ്പണം എന്ന പേരില്‍ ഞങ്ങള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ അങ്ങനെ ഒരു സംഘം ഫലപ്രദമായി നടത്തിയിരുന്നു , ചെലവോ വരവോ ഇല്ലാതെ.
ഗൗരവമായി വായിക്കുന്നവന്‍ പുസ്തകം തേടി വാങ്ങിക്കൊള്ളും, റിവ്യൂവും തേടിപ്പിടിച്ചുകൊള്ളും. ഇവരില്‍ പലര്‍ക്കും പബ്ലിഷര്‍ ഡിസ്ട്രിബ്യൂട്ടറുമായി പത്തിരുപതു ശതമാനം വരെ ഡിസ്കൗണ്ട് വാങ്ങാനും കഴിയും, അതില്‍ കൂടുതല്‍ കൊടുത്തില്ലെങ്കില്‍ ഈ പാപിയെ കിട്ടില്ല.
നമ്മള്‍ വില്‍ക്കുന്നു എന്നതുകൊണ്ട് മാത്രം ചിലര്‍ തുടക്കത്തില്‍ പുസ്തകം വാങ്ങിയേക്കാം, അതൊരു മാര്‍ക്കറ്റല്ല, ചുമ്മ വാങ്ങി അലമാരിയില്‍ വയ്ക്കാനുള്ളതുമല്ലല്ലോ ബുക്ക്
ഈ കമന്റാല്‍ ഉദ്ദേശിക്കുന്നതിന്റെ ചുരുക്കം:
൧. വായനക്കാര്‍, ഗൗരവമുള്ള വായനക്കാര്‍ എത്രമാത്രമുണ്ടെന്നും, ഇല്ലാത്ത വായനക്കാരെ സൃഷ്ടിക്കാനുള്ള അവസരം (ലാറ്റന്റ് പൊട്ടന്‍ഷ്യന്‍ ടാപ്പ് ചെയ്യാന്‍ ) എത്ര അളവില്‍ ഉണ്ടെന്നും അറിയേണ്ടിയിരിക്കുന്നു (അയ്യായിരം പൊട്ടന്‍ഷ്യല്‍ റീഡേര്‍സ് പാറശ്ശാലമുതല്‍ മഞ്ചേശ്വരം വരെ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ഒരിടത്തും പേര്‍സണല്‍ വിസിറ്റ് രീതിയില്‍ ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് നടത്താനാവില്ല, വെബ് ഓര്‍ഡര്‍- വി പി പി ഡെലിവറി സിസ്റ്റമേ പറ്റൂ, പുഴ പോലെ സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ട്)
൨. മൈക്രോമാര്‍ക്കറ്റിങ്ങ് നെറ്റ്വര്‍ക്ക് കേരളത്തിലുടനീളമുള്ള ആളുകളെ കവര്‍ ചെയ്യണമെങ്കില്‍ പത്തു രണ്ടായിരം പുസ്തക പരിചയപ്പെടുത്തല്‍ സംഘങ്ങളുണ്ടാവണം, അത്രയും നമുക്ക് കഴിയുമോ, അതിനുള്ള ചിലവ് , വിറ്റുകിട്ടുന്ന കമ്മീഷന്‍ കൊണ്ട് നടത്താനാവുമോ എന്നതിലല്ലാതെ അതിന്റെ മാര്‍ക്കറ്റിനെപ്പറ്റി ശങ്കയില്ല.
൩. വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ മൂന്നില്‍ രണ്ടെങ്കിലും ലൈബ്രറികളാണു വാങ്ങുന്നത്. അവര്‍ക്ക് മിക്കവര്‍ക്കും പബ്ലിഷറുമായി വാങ്ങല്‍ ധാരണയുണ്ട്. അതില്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍ക്ക് വലിയ സ്കോപ്പില്ല, അതുപോലെ തന്നെ വളരെ ഗൗരവമായി വായിക്കുന്നവര്‍ ഏതാണ്ട് ഡിസ്റ്റ്റിബ്യൂട്ടറെന്ന നിലയില്‍ നമുക്കു കിട്ടുന്ന കോസ്റ്റില്‍ തന്നെ പുസ്തകം വാങ്ങാന്‍ കഴിയുന്നവരാണ്, അവര്‍ക്ക് വിറ്റാല്‍ സാമ്പത്തികമായി വലിയ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല.
പുതിയ വായനക്കാരനങ്ങ്ങനെ ഉണ്ടാക്കാം? അതിനു എന്തുമാത്രം മനുഷ്യവിഭവം (ആളെണ്ണം ) ആവശ്യമുണ്ട്, എന്നതാണ് ഒരു പ്രശ്നം. ബാക്കിയുള്ള കാര്യങ്ങള്‍ കണക്കാക്കാന്‍ എളുപ്പമാണ് (വരവ്, ചെലവ്, സെറ്റ് അപ്പ്..)
ഇതിന്റെ തുടക്കത്തിലുണ്ടായിരുന്നതിൽ നിന്നും ചർച്ച ചിലമേഖലകളിൽ വളരെ മുന്നോട്ട്
പോയി. അതിൽ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ പുസ്തകം വാങ്ങി വിൽക്കുന്നു എന്ന ആശയം
നാം ഇറക്കുന്ന പുസ്തകങ്ങളും അവയ്ക്കൊപ്പം മറ്റുള്ളവരുടെ പുസ്തകവും വിൽക്കുന്നു എന്ന
ആശയത്തിലെത്തി എന്നതാണ്. നാം ഉൽപ്പാദിപ്പിക്കുമ്പോൾ ഉള്ള സൌകര്യങ്ങൾ അതിൽ ലഭിക്കും. വില നിശ്ചയിക്കുന്നതിനും മറ്റും.കമ്മീഷൻ എന്നതിനെ രണ്ടാമത്തെ സ്ഥാനത്തേക്ക് മാറ്റി വിറ്റുവരവ് എന്നതിനെ ഉയർത്തിപ്പിടിക്കാം.ഇനി ദേവേട്ടന്റെ കമെന്റിലെ ആശയങ്ങൾക്കും ആശങ്കകൾക്കും എന്റെ ഏഷണികൾ :)
1."ഒരു പേര്‍സണലൈസ്ഡ് പുസ്തകപരിചയത്തിനു മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ കഴിയും, പക്ഷേ അത്
വളരെ ചെറിയ ഒരു സര്‍ക്കിള്‍ (ഒരു വില്ലേജ്, ഒരു പഞ്ചായത്ത്) കവര്‍ ചെയ്യാനേ കഴിയൂ.
ദര്‍പ്പണം എന്ന പേരില്‍ ഞങ്ങള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ അങ്ങനെ ഒരു
സംഘം ഫലപ്രദമായി നടത്തിയിരുന്നു , ചെലവോ വരവോ ഇല്ലാതെ."
ഇത്തരം ചെറുസംഘങ്ങൾ എല്ലാ സ്ഥലത്തും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാവുന്നതാണ്. നിലവിലുള്ള കലാസാംസ്കാരിക സംഘങ്ങളുമായി
ബന്ധപ്പെടാം.ചെറിയൊരു തുകയെങ്കിലും അവർക്ക് വിൽപ്പനയിലൂടെ കിട്ടും എന്ന
അവസ്ഥയുണ്ടെങ്കിൽ ബക്കറ്റ് പിരിവിന്റെയും കൂപ്പൺ പിരിവിന്റെയും സ്ഥാനത്ത് എങ്കിലും
അവർ അത് ഉപയോഗിക്കും.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങൾ ശാസ്ത്രം/വിജ്ഞാനം
ആയി ചുരുങ്ങുന്നത് അവരുടെ നിലപാടിന്റെ ഭാഗമായാണ്,അവർ സാഹിത്യം വിറ്റാലും
വിറ്റുപോകും.അത് ഒരു സാമൂഹിക പ്രവർത്തനമെന്ന നിലയിൽ ആണ് ഫണ്ട് റെയിസിംഗ് എന്ന ബോധ്യത്തോടെ യാണ് അവർ ചെയ്യുന്നത്.(അൽപ്പകാലം ഞാനും ഇവരുടെ പുസ്തകങ്ങൾ വിറ്റിട്ടുണ്ട്). ഇത് തുടക്കത്തിൽ നമുക്കും ഉപയോഗിക്കാം നമ്മുടെ പേരും പ്രവർത്തനവും എസ്റ്റാബ്ലിഷ് ചെയ്യുന്നവരെയെങ്കിലും.പിന്നീട് പുസ്തകം തേടിവരുന്നവർ ഉണ്ടാകും. ഇപ്പറഞ്ഞവരെ ക്കൂടാതെയാണ് വയറ്റുപിഴപ്പിനായി ഇൻഷുറൻസ് വിൽക്കുന്നവർ,എന്തെങ്കിലും ജോലിക്ക് അവസരം തേടുന്ന വിദ്യാർത്ഥികൾ ഇവരെയും പ്രയോജനപ്പെടുത്താം എന്ന് തോന്നിയത്.
2.“നമ്മള്‍ വില്‍ക്കുന്നു എന്നതുകൊണ്ട് മാത്രം ചിലര്‍ തുടക്കത്തില്‍ പുസ്തകം വാങ്ങിയേക്കാം,
അതൊരു മാര്‍ക്കറ്റല്ല, ചുമ്മ വാങ്ങി അലമാരിയില്‍ വയ്ക്കാനുള്ളതുമല്ലല്ലോ ബുക്ക്“
നമ്മൾ വിൽക്കുന്നതു കൊണ്ട് മാത്രം വാങ്ങുന്നവർ നമ്മുടെ തുടർ പ്രവർത്തനങ്ങൾക്ക് ഒരു താങ്ങാണ്.അവരിലൂടെ ആവശ്യമുള്ളവരിലേക്കും താൽപ്പര്യമുള്ളവരിലേക്കും അത് എത്തിച്ചേരുകതന്നെ ചെയ്യും.പറഞ്ഞറിഞ്ഞും മറ്റും നമുക്ക് ഒരു മിനിമം ക്രെഡിബിളിറ്റിയിലേക്ക് എത്താൻ അത് സഹായിക്കും.അപ്പോൾ യഥാർത്ഥവായനക്കാരനിലേക്ക് നമുക്ക് എത്താനാകും.അങ്ങനെ യഥാർത്ഥ മാർക്കറ്റിലേക്കും എത്താൻ കഴിയും.അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ പരിചയം-പുഞ്ചിരി- വിൽപ്പന വേണ്ടിവരും.അത് ഒരു മുന്നോട്ട് പോക്കിന് സഹായിക്കും.
3.”വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ മൂന്നില്‍ രണ്ടെങ്കിലും ലൈബ്രറികളാണു വാങ്ങുന്നത്. അവര്‍ക്ക് മിക്കവര്‍ക്കും പബ്ലിഷറുമായി വാങ്ങല്‍ ധാരണയുണ്ട്. അതില്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍ക്ക് വലിയ സ്കോപ്പില്ല, അതുപോലെ തന്നെ വളരെ ഗൗരവമായി വായിക്കുന്നവര്‍ ഏതാണ്ട് ഡിസ്റ്റ്റിബ്യൂട്ടറെന്ന നിലയില്‍ നമുക്കു കിട്ടുന്ന കോസ്റ്റില്‍ തന്നെ പുസ്തകം വാങ്ങാന്‍
കഴിയുന്നവരാണ്, അവര്‍ക്ക് വിറ്റാല്‍ സാമ്പത്തികമായി വലിയ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല.“
നമുക്കും ലൈബ്രറികളുമായി ബന്ധമുണ്ടാക്കാൻ കഴിയും.നമ്മൾ തന്നെ ഇറക്കുകയാണെങ്കിൽ നമുക്ക് കോസ്റ്റ് എഫെക്റ്റീവായി അത് ആസൂത്രണം ചെയ്യാനും കഴിയും
4.”മൈക്രോമാര്‍ക്കറ്റിങ്ങ് നെറ്റ്വര്‍ക്ക് കേരളത്തിലുടനീളമുള്ള ആളുകളെ കവര്‍ ചെയ്യണമെങ്കില്‍ പത്തു രണ്ടായിരം പുസ്തക പരിചയപ്പെടുത്തല്‍ സംഘങ്ങളുണ്ടാവണം, അത്രയും നമുക്ക് കഴിയുമോ, അതിനുള്ള ചിലവ് , വിറ്റുകിട്ടുന്ന കമ്മീഷന്‍ കൊണ്ട് നടത്താനാവുമോ
എന്നതിലല്ലാതെ അതിന്റെ മാര്‍ക്കറ്റിനെപ്പറ്റി ശങ്കയില്ല.“
കഴിയും. നമുക്ക് പുതുതായി സംഘങ്ങൾ ഉണ്ടാക്കേണ്ടിവരില്ല.മറ്റ് സാമുഹ്ഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾ,പാർട്ട് ടൈമായി ജോലി ചെയ്യുന്നവർ ഇവരെയൊക്കെ പ്രയോജനപ്പെടുത്താൻ കഴിയണം.ഇതിനും പുറമേയാണ് ചെറുപട്ടണങ്ങളിലുള്ള മാർജിൻ ഫ്രീമാർക്കറ്റുകൾ സപ്ലൈ കോ മുതലായ സംരംഭങ്ങൾ കൂടി ഉൾപ്പെടുത്താം.ഒരു ഡിസ്പ്ലെ സംവിധാനം ഗുണം ചെയ്തേക്കും ഒന്നുമില്ലെങ്കിൽ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് അറിയാനെങ്കിലും.
ലാഭം - പ്രവർത്തനത്തിന് ആവശ്യമുണ്ട് എന്നുണ്ടെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന ഒരു സാംസ്കാരികപ്രവർത്തനത്തെ മുന്നോട്ട് വയ്ക്കാൻ നമുക്ക് കഴിയണം.കമ്മീഷൻ എന്നതിൽ നിന്നും വിറ്റുവരവ് എന്ന രീതിയിൽ കാര്യങ്ങളെ ആസൂത്രണം ചെയ്യാൻ കഴിയണം
ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും നടത്തി വിജയിപ്പിക്കാവുന്ന മഹത്വമുള്ള ഒരു കാര്യമായാണ് എനിക്കിപ്പോഴും തോന്നുന്നത്.
ഇതിന്റെ കോസ്റ്റ് അനാലിസിസ് വേണം
എന്തു പറ്റി? രണ്ടു ദിവസമായി ഇവിടെ അനക്കമില്ലല്ലോ?
ഈ രണ്ട് പോസ്റ്റുകളിലായി നടന്ന ആശയവിനിമയങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ ആവശ്യത്തിലേക്കായി മറ്റൊരു പോസ്റ്റിടുന്നു,അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ അപേക്ഷ
Post a Comment