Monday, December 8, 2008

ബുക്ക് റിപ്പബ്ലിക്: ആദ്യ പുസ്തകത്തിന്റെ ഒരുക്കങ്ങള്‍

ഇന്റർനെറ്റ് വഴി പരിചയപ്പെട്ട ഒരു കൂട്ടം മലയാളികൾ ചേർന്ന് രൂപം നൽകിയ സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭമാണ്‌ "ബുക്ക് റിപ്പബ്ലിക്". അച്ചടിമലയാളത്തിലേയ്ക്ക് പ്രതിഭാധനരായ എഴുത്തുകാരെ കൊണ്ടുവരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സംവിധാനം നടപ്പിലാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ. അച്ചടിച്ചിലവുകൾ, വിതരണം തുടങ്ങി എഴുത്തുകാരന് നിലവിൽ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളെ ലഘൂകരിക്കും വിധമാണ് ബുക്ക് റിപ്പബ്ലിക് എന്ന ആശയം രൂപീകരിച്ചിരിക്കുന്നത്. സംരംഭത്തിനാവശ്യമായ മൂലധനം അംഗങ്ങളിൽ നിന്ന് ചെറിയ തുകകളായാണ് സമാഹരിക്കപ്പെടുന്നത്. വിതരണം പ്രധാനമായും അംഗങ്ങൾ വഴിയാണ് നടക്കുന്നത്. ഇതിനുപരിയായി പരമ്പരാഗത വിതരണ സമ്പ്രദായങ്ങൾ, ഓൺലൈൻ ബുക്കിംഗ് എന്നീ മാർഗങ്ങളും അവലംബിക്കുന്നു. സൃഷ്ടിയുടെ തിരഞ്ഞെടുപ്പ്, അച്ചടിയ്ക്കുന്നതിനു മുന്നെയുള്ള സാങ്കേതിക പ്രവർത്തനങ്ങൾ, അച്ചടി, പ്രകാശനം, പരസ്യ-വിതരണ ദൌത്യം എന്നിങ്ങനെ ഒരു പുസ്തകം പുറത്തിറങ്ങുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ജനാധിപത്യ മര്യാദകളനുസരിച്ച് ഉത്തരവാദിത്വങ്ങൾ സ്വയമേറ്റെടുക്കുന്ന ഒരു വായനാക്കൂട്ടമായി ബുക്ക് റിപ്പബ്ലിക്കിന്റെ വിശേഷിപ്പിക്കാം.

മേൽ‌പ്പറഞ്ഞ ആശയങ്ങളിന്മേലുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായപ്രകാരം ബുക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യപുസ്തകമായി ടി.പി. വിനോദിന്റെ (ലാപുട എന്ന പേരില്‍ ബ്ലോഗെഴുതുന്നു) 'നിലവിളിയെക്കുറിച്ചു കടങ്കഥകൾ' എന്ന പേരിൽ അറുപതോളം കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കുകയാണ്. ഇതിനായുള്ള കവർ, ലേ-ഔട്ട് പണികൾ അണിയറയിൽ പുരോഗമിക്കുന്നു. പുതുവർഷാരംഭത്തോടെ പുസ്തകം ലഭ്യമാകുന്നതായിരിക്കും. പുസ്തകം വായനക്കാർക്കു പരിചയപ്പെടുത്തുന്നതിനും, ബുക്കിംഗ് നടത്തുന്നതിനുമായി http://lapudabook.com/ എന്ന ഒരു സൈറ്റ് പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

ആദ്യപുസ്തകവും രചയിതാവുംതെക്കൻ കൊറിയയിലെ രസതന്ത്ര ഗവേഷണ വിദ്യാർത്ഥിയും, ലാപുട (http://lapuda.blogspot.com/) എന്ന പേരിൽ മലയാളം ബ്ലോഗെഴുത്തുകാരനുമായ ടി.പി. വിനോദിന്റെ ആദ്യകവിതാ സമാഹാരമാണ് 'നിലവിളിയെക്കുറിച്ചു കടങ്കഥകൾ'. കണ്ണൂർ സ്വദേശിയായ വിനോദിന്റെ രചനകൾ ആനുകാലികങ്ങളിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കാവ്യഘടനയ്ക്കുമേലുള്ള തനതു വൈദഗ്ദ്ധ്യം വിനോദിന്റെ ശൈലിയുടെ മുഖമുദ്രയാണ്‌. ഓർമ്മയ്ക്കും ചരിത്രത്തിനുമിടയിൽ കുതറുന്ന അവസ്ഥയിൽ സ്ഥലകാലങ്ങളെ സൂചിപ്പിക്കുന്ന വിധം വാക്കുകളുടെ പളുങ്കുകൾ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ സൃഷ്ടികൾ നടത്തുന്ന കവി കാലിക രാഷ്‌ട്രീയത്തിന്റെ പ്രതലത്തിലാണ് വായനക്കാരനെ നയിക്കുന്നത്. മുനകൂര്‍പ്പിച്ച വാക്കുകളും വരികളുമാണ് വിനോദിന്റേത്. ചുരുക്കം വാക്കുകള്‍ കൊണ്ട് വായനക്കാരന്റെ മനസ്സില്‍ വലിയ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരനാണ് വിനോദ്. മലയാളം ബ്ലോഗില്‍ വിനോദിന്റെ കവിതകള്‍ പലപ്പൊഴും നിരൂപകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിനോദിന്റെ തിരഞ്ഞെടുത്ത കവിതകള്‍ http://lapudabook.com/ എന്ന വിലാസത്തില്‍ വായിക്കാം.
ബുക്ക് റിപ്പബ്ലിക്കിന്റെ പ്രവർത്തസംബന്ധിയായ വിവരങ്ങൾ ഈ ബ്ലോഗിൽ സമയാസമയം ലഭ്യമാക്കുന്നതാണ്. bookrepublic@gmail.com എന്ന മെയിൽ വിലാസം വഴി ബുക്ക് റിപ്പബ്ലിക്കുമായി ആശയവിനിമയം നടത്താവുന്നതാണ്.

Sunday, August 31, 2008

സമാന്തര പുസ്തക പ്രസാധക വിതരണ സംരഭം: ചില നിര്‍ദ്ദേശങ്ങള്‍

സമാന്തര പുസ്തക പ്രസാധക വിതരണ സംരഭത്തെക്കുറിച്ച് ഇവിടെ തുടങ്ങി വച്ച ചര്‍ച്ച എന്തുകൊണ്ടോ പാതി വഴിയില്‍ നിന്നുപോയി. ഒരു നല്ല സംരഭം എന്ന നിലയില്‍ ഈ ആശയത്തെ പലരും പിന്തുണച്ചെങ്കിലും ചില ആശങ്കകള്‍ എല്ലാവരുടേയും മനസ്സില്‍ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഇത് പ്രവര്‍ത്തനയോജ്യമാക്കാനുതകുന്ന തരത്തില്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു.



  • ഓരോ ജില്ലയിലും ഓരോ കോഡിനേറ്റര്‍മാരെ നിശ്ചയിക്കുക

  • ഓരോ കോര്‍ഡിനേറ്ററും ഒരു ജില്ലയില്‍ നിന്ന് പത്തുപേരെ സംഘടിപ്പിക്കുക

  • ആ പത്തു പേര്‍ അവര്‍ക്ക് വിറ്റഴിക്കാന്‍ പറ്റുന്ന വിധത്തില്‍ മറ്റു പത്തു പേരെക്കൂടി കണ്ടെത്തുക. ഓരോ മാസവും അവര്‍ക്ക് പത്തു പുസ്തകങ്ങള്‍ കൂടി എത്തിച്ചുകൊടുക്കുക അവ ചിലവാക്കുക.

  • അമ്പതു രൂപയില്‍ താഴെ ചിലവുവരുന്ന ഒരു പുസ്തകം മാസം ഒന്നു വച്ച് ഇങ്ങനെ വിറ്റഴിക്കുക

  • ചുരുങ്ങിയത് ഇത്തരത്തില്‍ 10x10x10=1000 പേരുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയാല്‍ തന്നെ 1000 പുസ്തകങ്ങള്‍ വിറ്റഴിക്കാനാവും

  • മുതല്‍ മുടക്കെന്ന നിലക്ക് ഈ 1000 പേരില്‍ നിന്നും 100 രൂപാ വീതം ശേഖരിച്ച് ആദ്യ പുസ്തകങ്ങള്‍ ഇറക്കാം, പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശുപയോഗിച്ച് തുടര്‍ന്നു വരുന്ന പുസ്തകങ്ങള്‍ ഇറക്കാം

  • എട്ടോ പത്തോ പേരടങ്ങുന്ന ഒരു എഡിറ്റോറിയല്‍ ബോഡി രൂപീകരിച്ച്, പുസ്തക നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക

  • ബ്ലോഗില്‍ നിന്നുള്ള രചനകള്‍ മാത്രമല്ല, മറ്റു പല നല്ല പുസ്തകങ്ങളും ഈ സംരഭത്തില്‍ ഉള്‍പ്പെടുത്തുക

ഈ ഒരു ആശയത്തെക്കുറിച്ച് എന്തു തോന്നുന്നു? പ്രായോഗികമാണോ? കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു

Tuesday, August 12, 2008

Contact Information Page

Cochin:

Mr.Aneesh
Mobile: 98466 38900
aneeshans@gmail.com

Mr.Kumar NM
Mobile: 9567125322

Mr.Naufal Mubarak (Ikkas)
Near Infopark, Kakkanad
Mobile:9895771855

Thiruvananthapuram:

Mr. Shivan
Mobile: 9447761425

Palakkad :

Mr.Vijayan,
Vijaya Studio
Kavasseri, Palakkad

Phone: 0492- 2224990
Mobile: 9447467643

Delhi:

Mr.C.K.Sasi
Mobile: 9350 1714 97
vadavosky@gmail.com

Mumbai:

Ms. Sreepriya
mobile: 9004107268

Bangalore:

Mr. Prasanth,
Mobile:9880037786

Mr.Unmesh
Mobile:9343511636

Chennai:

Mr.Devadas VM
Mobile: 9174466131

Coimbatore:

Mr. Harikrishnan,
Mobile: 9443312004


Dubai,UAE

Mr. Simy
Phone: 971 50 2722184
simynazareth@gmail.com

Mr. Harilal
Phone: 050-4108344

Abu Dhabi, UAE

Mr.Rajeev
050-2574756

Sharjah,UAE:

T.P. Anilkumar
050- 5196316

Sharjah - Dubai - Jebel ali, UAE:

Visalan
0505449024

Riyadh, Saudi Arabia:

Mr. Sunil Kumar
Mobile:0564207622

Friday, July 4, 2008

ചര്‍ച്ചയില്‍ നിന്നും തീരുമാനങ്ങളിലേക്ക്-മൂന്നാം ഘട്ടം

ഒരു പുസ്തക വിതരണ സംരംഭം എന്ന ആശയത്തിലാണ് ഈ ബ്ലോഗില്‍ ആദ്യം ചര്‍ച്ച തുടങ്ങിയത്.എന്നാല്‍ മറ്റുള്ളവരുടെ പുസ്തകം വാങ്ങുക വിതരണം ചെയ്യുക എന്ന രീതി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്നുള്ള
അഭിപ്രായമാണ് പൊതുവേ ഉണ്ടായത്.വിതരണത്തിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കുള്ള ചെലവും വിറ്റുവരവും തട്ടിച്ചുനോക്കിയാല്‍ മറ്റുള്ളവരുടെ പുസ്തകം വിറ്റുകിട്ടുന്ന കമ്മീഷന്‍ അപര്യാപ്തമായിരിക്കുമെന്നും അഭിപ്രായമുയര്‍ന്നു.

ഇക്കാര്യങ്ങളൊക്കെ മുന്നില്‍ വച്ച് ആലോചിക്കുമ്പൊള്‍ ഒരു പ്രസാധക സംരംഭവും അതിന്റെ ഒരു ഭാഗമായി നേരത്തേ പറഞ്ഞുവന്ന സമാന്തര വിതരണവും കൂട്ടിയിണക്കുന്നതാവും അനുയോജ്യം എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.പക്ഷേ അതിനുള്ള ചെലവ്‌-വരവ്‌ കണക്കുകളെക്കുറിച്ച് ഒരു രൂപരേഖ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ.ഒരു തീരുമാനമുണ്ടാകട്ടെ അപ്പോള്‍ പ്രതികരിക്കാം എന്ന നിലപാടിലാണ് മിക്കവാറും പേര്‍ എന്നതിനാല്‍ ഈ ആശയം പ്രവര്‍ത്തിപഥത്തില്‍ എത്തുന്നതിന് ഒരു തീരുമാനം അടിയന്തിരമാണ്.

അതുകൊണ്ട് ഒരു പ്രവര്‍ത്തന പദ്ധതിയുടെ ഡ്രാഫ്റ്റ് തയാറാക്കുകയാണ്

1.ഈ ആശയത്തിന്റെ വളര്‍ച്ചയില്‍ താല്‍പ്പര്യമുള്ളവര്‍ പണം നിക്ഷേപിച്ചുകൊണ്ട് ഒരു കമ്പനി രൂപീകരിക്കുന്നു.

2.
നിലവിലുള്ള അവസ്ഥയില്‍ പ്രിന്റുമീഡിയായില്‍ പേരെടുത്തിട്ടില്ലാത്തതുകൊണ്ട് അറിയപ്പെടുന്ന പ്രസാധകര്‍ ഇടം കൊടുക്കാത്തതും എന്നാല്‍ അവരുടെ രചനകളും മലയാളത്തിന്റെ സമകാലീന സാഹിത്യത്തിന്റെ സമഗ്രതക്ക് അവശ്യമാണെന്ന് തോന്നുന്നതുമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക,അവ സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക ഇവയാവും കമ്പനിയുടെ പ്രധാന ലക്ഷ്യം.

3.പണം നിക്ഷേപിക്കുന്നവര്‍ രണ്ട് തരത്തിലായിരിക്കും

അ.
ആരംഭ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കാനായി,എല്ലാക്കാലത്തേക്കുമായും ഏതെങ്കിലും കാരണവശാല്‍ കമ്പനി നഷ്ടത്തിലായാല്‍ ധന നഷ്ടം പൂര്‍ണമനസോടെ അംഗീകരിക്കാന്‍ തയാറായും നിക്ഷേപിക്കുന്നവര്‍.കമ്പനി ലാഭത്തിലാണെങ്കില്‍ ലാഭവിഹിതം ഇവര്‍ക്കിടയില്‍ തുല്യമായിരിക്കും,നഷ്ടത്തിലെങ്കില്‍ ധനനഷ്ടം ഫലം.ഇവര്‍ക്കാവും കമ്പനിയുടെ സമഗ്രമായ നയരൂപീകരണത്തില്‍ പങ്കാളിത്തം ഉണ്ടാകുക.ഒരു നിശ്ചിതകാലയളവിലെ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുക നടപ്പാക്കുക എന്നിവയ്ക്കായി ഇവരില്‍നിന്നും തെരഞ്ഞെടുക്കുന്നവരാകും മേല്‍നോട്ട ചുമതലകള്‍ വഹിക്കുക.

ആ.തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നിശ്ചിത കാലയളവിലേക്ക് നിജപ്പെടുത്തിയതും കമ്പനി നഷ്ടത്തിലായാലും നിക്ഷേപ തുകയ്ക്ക് അവകാശവും ഉള്ളവര്‍.ഇവരുടെ നിക്ഷേപം കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഒരു ബാങ്കിലോ/മറ്റു നിക്ഷേപസ്ഥാപനങ്ങളിലോ ദീര്‍ഘകാല നിക്ഷേപം നടത്താവുന്നതും അതില്‍ നിന്നും കിട്ടുന്ന പലിശ/ലാഭം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും.നിക്ഷേപകാലാവധിയ്ക്കു ശേഷം ഇത്തരം നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ ഷെയര്‍ തിരിച്ചെടുക്കാവുന്നതും.തിരികെ ആവശ്യപ്പെടുന്ന സമയത്ത് കമ്പനി നഷ്ടത്തിലാണെങ്കില്‍ നിക്ഷെപത്തുകയും ലാഭത്തിലാണെങ്കില്‍ ലാഭവിഹിതമുള്‍പ്പെടെയും ലഭിക്കും.അതായത് ഇത്തരം നിക്ഷേപകരുടെ തുക സുരക്ഷിതമായിരിക്കും.


നിലവില്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍ സാമ്പത്തികമായ സഹകരണം ഉറപ്പുപറഞ്ഞിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്


1.അനീഷ്
2.സനാതനന്‍
3.ഉന്മേഷ്
4.സങ്കുചിതന്‍
5.അനിലന്‍
6.സിമി

4നിലവില്‍ ആദ്യമായി അച്ചടിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങള്‍

1.കെ.എം.പ്രമോദിന്റെ തിരഞ്ഞെടുത്ത പത്തൊന്‍പത് കവിതകളുടെ ഒരു സമാഹാരം
2.ലാപുടയുടെ കവിതകള്‍
3.ബ്ലോഗിലെ മികച്ച കഥാകൃത്തുക്കളുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം ഒരു സമാഹാരം
4.കേരളത്തിലെ വര്‍ത്തമാന സാഹചര്യത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയത്തെ അധികരിച്ച് വിവിധ ലേഖകര്‍-ബ്ലോഗിലുള്ളവരും അല്ലാത്തവരും-പങ്കെടുക്കുന്ന സംവാദപരമായ ലേഖനങ്ങളുടെ ഒരു സമാഹാരം
5.തുളസിയുടെ ഫോട്ടോ ബ്ലോഗിന്റെ ഒരു പുസ്തക രൂപം

6. വിതരണത്തിന്റെ മാര്‍ഗങ്ങള്‍

1.ഓരോ സബ്ജില്ലയിലും പാര്‍ട്ട് ടൈം ജോലി ചെയ്ത് വരുമാനമാഗ്രഹിക്കുന്നതും പുസ്തകങ്ങളെയും വായനയേയും സ്നേഹിക്കുന്നതുമായ ഓരോ ആളെ വീതം കണ്ടെത്തുന്നു.സ്വയം തൊഴില്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍,സ്ത്രീകള്‍.കൂപ്പണ്‍ പിരിവിലൂടെയല്ലാതെ പ്രവര്‍ത്തന ഫണ്ട് സമാഹരിക്കാനാഗ്രഹിക്കുന്ന സംഘടനകള്‍ ഇവയെ ഒക്കെമുന്നില്‍ കാണാം

2.ഇവരുടെ ജോലി താന്താങ്ങളുടെ പ്രവര്‍ത്തന പരിധിയിലുള്ള,വായനയില്‍ താല്‍പ്പര്യമുള്ളവരെ 200 പേരെയെങ്കിലും തിരിച്ചറിയുക അവരുടെ വിലാസം ശേഖരിച്ചെത്തിക്കുക.പ്രതിമാസം 100 പേര്‍ക്കെങ്കിലും 50 രൂപയുടെ പുസ്തകം വില്‍ക്കുക എന്നതാണ്

3.ഇവര്‍ക്ക് പ്രതിമാസം 5000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ഏല്‍പ്പിക്കുകയും അതില്‍ നിന്ന് 3000 രൂപവിറ്റുവരവായി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണുള്ളത്.പ്രതിമാസം 2000 രൂപാ വരുമാനം മാന്യമായ ഒരു ജോലിയിലൂടെ സമ്പാദിക്കുക എന്ന ആഗ്രഹമുള്ളവര്‍ക്ക് അത് ഒരു അനുഗ്രഹമാവുമെന്നും കരുതുന്നു.(1000 രൂപയ്ക് വഴിയില്ലാതെ പഠനമുപേക്ഷിച്ച് കൂലിവേലയ്ക്ക് പോകുന്നവര്‍ നമ്മുടെ നാട്ടില്‍ ഒരു ജില്ലയില്‍ 25 പേരെങ്കിലും ഉണ്ട്)

4.ഇതുകൂടാതെ പരമ്പരാഗതമായ വിതരണ സമ്പ്രദായങ്ങളും.വി.പി.പി മുതലായ പോസ്റ്റല്‍ മാര്‍ഗങ്ങളെയും ഉപയോഗിക്കാം

7.പ്രചരണ ഉപാധി എന്ന നിലയില്‍ ഒരു ബുള്ളെറ്റിന്‍ ആവശ്യമുണ്ട്,ബുള്ളെറ്റിന്‍ എന്ന നിലയില്‍ നിന്നും ഒരു മാഗസിന്‍ എന്ന നിലയില്‍ ആലോചിക്കുകയും അതിന് വാര്‍ഷിക വരി സംഘടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അതിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേകം തുക കണ്ടെത്തേണ്ടിവരില്ല.മൂന്നാമിടത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ “സംഭാഷണം”-ത്തിന്റെ രെജിസ്ട്രേഷന്‍ നിലവിലുണ്ടെങ്കില്‍ അത് ഉപയോഗിക്കാവുന്നതാണ്

അത്യാവശ്യം വേണ്ട കാര്യങ്ങള്‍

1.കമ്പനിക്ക് ഒരു പേര് വേണം
2.അത് രെജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ വേണം
3.ഓഫീസ് നിശ്ചയിക്കണം
4.ആരൊക്കെ തയ്യാറാണെന്ന് അറിയണം

Monday, June 30, 2008

ചർച്ച രണ്ടാം ഘട്ടം

ചർച്ചയുടെ സൌകര്യത്തിലേക്കായി.ചില പ്രസക്തമായ അഭിപ്രായങ്ങൾ മാത്രം ഒരു പോസ്റ്റാക്കുന്നു.
പുതുതായി വായിക്കുന്നവർ പഴയ പോസ്റ്റുകൂടി വായിക്കാൻ അഭ്യർത്ഥിക്കുന്നു.


സങ്കുചിതന്‍ said...

പണ്ട് മൂന്നാമിടം സംഭാഷണം എന്ന പേരില്‍ ഒരു ത്രൈമാസിക ഇറക്കിയിരുന്നു. അത് വിശിഷ്ട ചരമം പ്രാപിച്ചത് വിതരണം എന്ന ഒറ്റ പ്രശ്നത്തില്‍ കുടുങ്ങിയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കണമെങ്കില്‍ അത്ര വിപുലമായ ഒരു നെറ്റ്വര്‍ക്ക് സംരഭം വേണം.
June 27, 2008 11:11 PM

*********************************
*************************************
വിഷ്ണു പ്രസാദ് said...
കേരളത്തില്‍ നാലു സുപ്രധാന നഗരങ്ങളില്‍(തൃശ്ശൂര്‍,കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം)ഓരോ ഔട്ട്ലെറ്റെങ്കിലും സംഘത്തിന് ഉണ്ടാവണം.തൃശ്ശൂര്‍ ആള്‍ട്ടര്‍ മീഡിയ ഒരു മാതൃകയാണ്.എങ്കിലേ ഇത് വിജയിക്കാന്‍ സാധ്യതയുള്ളൂ.നാലില്‍ നിന്ന് 40ലേക്ക് പോവുകയാവും ബുദ്ധി.
June 27, 2008 10:05 PM

***********************************
*************************

സിമി said...
ചെറുതായി എന്തെങ്കിലും തുടങ്ങൂ.
ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് തുടങ്ങാന്‍ പറ്റില്ല.
1) ഒരു പേര് ഇടൂ.2) സംഘം രെജിസ്റ്റര്‍ ചെയ്യൂ.3) ഫണ്ട് പിരിക്കൂ (ഷെയര്‍ ഹോള്‍ഡര്‍ വഴി)4) കുറച്ച് പ്രസാധകരുമായി സംസാരിക്കൂ.5) ഒരു ബുക്സ്റ്റാള്‍ തുടങ്ങൂ / ടൈ അപ്പ് തുടങ്ങൂ.
June 29, 2008 1:45 AM

**********************
**************************

സിദ്ധാര്‍ത്ഥന്‍ said...
എന്റെ രണ്ടു പൈസ:
പുസ്തകം ഉണ്ടു് വായനക്കാരും ഉണ്ടു്. പുസ്തകം വായനക്കാരനിലേക്കെത്തുന്നില്ല എന്നയിടത്തു നിന്നല്ലേ തുടക്കം. (ഇതു ശരി എന്നു് വയ്ക്കുന്നതിനും വേണം ഒരു സ്റ്റഡി നമ്മളും നമുക്കു ചുറ്റുമുള്ളവരും സംസാരിക്കുന്നതു് അതൊരു ഭൂരിപക്ഷമാണെന്ന തോന്നല്‍ നമ്മളില്‍ ഉണ്ടാക്കിയേക്കും)
പുസ്തകങ്ങള്‍ വിതരണത്തിനെടുക്കുന്നതു് കാശുകൊടുത്തു വാങ്ങി തന്നെയല്ലേ സാദ്ധ്യമാവൂ? വിറ്റഴിയാതെ ഒരു കടക്കാരനും ഇതിനു കാശു തരില്ല. അപ്പോള്‍ അതിനു് പണം കണ്ടെത്തണം. താലൂക്കില്‍ ഒരു ബുക്സ്റ്റാള്‍ എന്ന നിലയില്‍ പുസ്തകങ്ങളും സിനിമകളും ഏല്‍പ്പിച്ചാല്‍ തന്നെ ജില്ല രണ്ടിനു് ഒരു വാഹനം എങ്കിലും വേണ്ടി വരും. വണ്ടി ഒന്നിനു് ഒരു പണിക്കാരനും ( കമ്മീഷനടിസ്ഥാനത്തിലുള്ള വിതരണം നടക്കില്ല, തുടക്കത്തില്‍ തീരെയും നടക്കില്ല). പുസ്തകം/സിനിമ തിരഞ്ഞെടുക്കാനും അതു പര്‍ചേസ് ചെയ്യാനും ഒരു ബോഡി ( ഓഫീസടക്കം) വേണം. മിനിമം ബുള്ളറ്റിനെങ്കിലും ഒരു പുസ്തകപ്രേമി വായിക്കുന്നു എന്ന നിലവാരമെങ്കിലും എത്തണമെങ്കില്‍ പരസ്യം തീര്‍ച്ചയായും ആവശ്യമാണു്. ഇതു വായിക്കൂ ചേട്ടാ‍ എന്നു് ബുക്സ്റ്റാ‍ളുകാരന്‍ പറയുമെന്നു് പ്രതീക്ഷിക്കരുതു്. ഇത്രയുമാണു് പ്രാഥമിക ആവശ്യങ്ങളെന്നു തോന്നുന്നു.
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു് 50 ഷെയര്‍ ഹോള്‍ഡര്‍മാരേ ആകാവൂ എന്നുണ്ടെന്നു കേട്ടിരുന്നു. അതും പരിശോധിക്കണം.
എന്‍ ബി. ഇത്രയും പണം സ്വരൂപിക്കാന്‍ കഴിയില്ലെങ്കില്‍ ഒരു ജില്ലയില്‍ നിന്നും തുടങ്ങുക എന്ന കാര്യവും പരിഗണിക്കണം.
June 29, 2008 8:24 AM

**************************
*******************************

വെള്ളെഴുത്ത് said...
സുഹൃത്തുക്കളേ,
ഇത്രയും വലിയ ഒരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാനുള്ള ശേഷി ഇല്ലാതിരുന്നതുകൊണ്ടാണ് രണ്ടു മൂന്നു പ്രാവശ്യം മറുപടി എഴുതാനായിരുന്നിട്ടും പറ്റാതെ മടങ്ങിയത്.ആലോചിച്ച ചിലകാര്യങ്ങള്‍ പറയാം.1. പുസ്തകപ്രസാധക സംഘം, പാഠഭേദം, ആദ്യകാല മള്‍ബറി ...രീതിയില്‍ നല്ല പുസ്തകങ്ങള്‍ ലാഭേച്ഛ കൂടാതെ പുറത്തിറക്കുകയും കുറഞ്ഞ് ചെലവില്‍ വിതരണം ചെയ്യുകയും വേണം എന്നാണ് സ്വകാര്യമായ ആഗ്രഹം.
2. ഓഫീസ്, ഏജന്റുമാര്‍ എന്നൊക്കെ പറയുമ്പോള്‍ പ്രസാധനത്തില്‍ നിന്നും വിതരണത്തില്‍ നിന്നും കിട്ടുന്ന ലാഭത്തില്‍ നിന്നു വേണം അതൊക്കെ നടത്തിക്കാന്‍. അത്രയും ലാഭം ഇന്ന് സമാന്തര പ്രസാധക-വിതരണ സംരംഭങ്ങളില്‍ നിലവിലുള്ള കാലാവസ്ഥയില്‍ ലഭിക്കുകയില്ല. ഒലീവ്. റയിന്‍ബോ, അങ്ങനെ തിരുവനന്തപുരത്ത് അടച്ചുപൂട്ടിയ ബുക്ക്സ്റ്റാളുകള്‍ 4 ആണ് കഴിഞ്ഞവര്‍ഷം. പെന്‍, മൈത്രി, ബുക്ക് മാര്‍ക്ക്, എന്‍ ബി എസ് എന്നിവ പുസ്തകം വിറ്റുകിട്ടുന്ന പണം കൊണ്ടല്ല നിലനില്‍ക്കുന്നത്. ഓഫീസ് സ്റ്റാഫിനെ -അതു വില്‍പ്പനയ്ക്കായാലും വിതരണത്തിനായാലും- ശമ്പളം നല്‍കി നിലനിര്‍ത്തുക പ്രയാസമാണ്. പുസ്തകം കൊണ്ടു നടന്നു വില്‍ക്കുന്ന ഒന്നു രണ്ടു പാവപ്പെട്ട സ്ത്രീകളെ കണ്ടിരുന്നു, വിദ്യാഭ്യാസമുണ്ടെങ്കിലും കഷ്ടമാണ് അവരുടെ കാര്യം. സാഹിത്യം അധികം വിറ്റുപോകില്ല. പ്രായോഗിക ജീവിത, ഗ്ലോസ്സി ജെനറല്‍ നോളേജ് പുസ്തകങ്ങളാണ് ഓഫീസുകള്‍ക്ക് പ്രിയം. അതല്ല നമ്മുടെ ചന്ത.
3. നിലവിലുള്ള ബുക്കുഷോപ്പുകളില്‍ പുസ്തകം ഏല്‍പ്പിക്കുക വലിയ പാരയാണ്. ഒന്ന് അവര്‍, അവര്‍ക്ക് താത്പര്യമുള്ള പുസ്തകങ്ങള്‍ക്കു പിന്നില്‍ നമ്മള്‍ കൊടുക്കുന്ന പുസ്തകങ്ങള്‍ താഴ്ത്തും. രണ്ട്, കൊടുത്ത പുസ്തകങ്ങളുടെ പണം കിട്ടാന്‍ അലയേണ്ടി വരും. കിട്ടുമെന്ന് എന്നാലും ഉറപ്പില്ല. വ്യാപാരക്കരാറുള്ള പ്രസാധകസംഘങ്ങളോടു പോലും ഇതാണു പൊതുവേയുള്ള മനോഭാവം. മൂന്നാമിടത്തിന്റെ വാര്‍ഷികപ്പതിപ്പ് വിറ്റ പണത്തിന് ഇതുപോലെ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. ആകെ കിട്ടിയത് ഇരുന്നൂറു രൂപയാണ്. പിന്നെ പുസ്തകവുമില്ല, വിറ്റ പണവുമില്ല എന്നായിരുന്നു സ്ഥിതി. കിട്ടിയതിനേക്കാള്‍ കൂടുതല്‍ അവിടങ്ങളിലേയ്ക്കുള്ള യാത്രയ്ക്കായി ചെലവായി.
4. ബിഗ് ബസാറില്‍ 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതു കണ്ടു. കുറച്ചേ ഉള്ളുവെങ്കിലും എല്ലാ പ്രസാധകരുടെയുമുണ്ട്. ഡി സി ബിയുടെ ഉള്‍പ്പടെ. ബുക്ക്ഷോപ്പ് എന്ന സങ്കല്‍പ്പം മാറി ഏതു കടയിലും പുസ്തകം കിട്ടുന്ന നില വരണം. അത്തരം ഡീലുകളാണ് ഇനി നടക്കേണ്ടത്. പുലരി, ഗ്രീന്‍ തുടങ്ങിയ പ്രസാധകര്‍ നാട്ടിലുടനീളം നെറ്റ് വര്‍ക്കുള്ള ഷോപ്പിംഗ് മാളുകളുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു എന്നു കേള്‍ക്കുന്നു. 5. ഇ മെയിലുകളിലൂടെ ബന്ധപ്പെടുന്ന രീതിയും പുസ്തകം അയച്ചുകൊടുക്കുന്ന രീതിയും നമുക്ക് പരീക്ഷിക്കാവുന്നതാണ്. (എതിസ്റ്റ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ഞാന്‍ അറിയുന്ന ഇ മെയില്‍ പത്രികയിലൂടെയാണ്) ഏറ്റവും കുറഞ്ഞ ചെലവില്‍ അതെങ്ങനെ ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. രണ്ടാഴ്ചയിലോ മാസം തോറുമോ ഉള്ള ബുള്ളറ്റിന്‍ പ്ലാന്‍ ചെയ്യണം. പുസ്തകക്കുറിപ്പ്, നിരൂപണം, അഭിപ്രായങ്ങള്‍ എന്നിവ ചേര്‍ത്തുള്ള ഒരു ബ്ലോഗ് വേണം. അവയുടെ (ബുള്ളറ്റിന്‍, ബ്ലോഗ് പോസ്റ്റ്) പ്രിന്റു കോപ്പി കേരളത്തിലുള്ള എല്ലാ ലൈബ്രറികളിലും കിട്ടത്തക്കവണ്ണം(പറ്റിയാല്‍ സ്കൂള്‍ കോളേജ് ഉളപ്പടെ) അയയ്ക്കണം. ഏതാണ്ട് ഇരുപതോളം പ്രസിദ്ധീകരണങ്ങള്‍ പുസ്തകപ്പച്ച, ബുക്ക് ഷെല്‍ഫ് എന്നൊക്കെയുള്ള പേരുകളില്‍ പുതിയ ബുക്കിനെപ്പറ്റി പ്രാഥമികമായ അറിവു പങ്കുവയ്ക്കുന്നുണ്ട്. കൃത്യമായ വിലാസം സഹിതം അവയ്ക്കെല്ലാം പുസ്തകങ്ങള്‍ എത്തിക്കണം. താത്പര്യമുള്ളവര്‍ (അവരുടെ എണ്ണം വളരെ കുറവാണ്) അന്വേഷിച്ചു വരും.
6. വിദേശമലയാളികള്‍ പണം മുടക്കുക, ഇവിടുള്ളവര്‍ പ്രവര്‍ത്തിക്കുക എന്ന പരിപാടി നടപ്പില്ല. അത്, മുടക്കിയ പണത്തിനനുസരിച്ച് നാട്ടിലുള്ളവര്‍ പ്രവര്‍ത്തിച്ചില്ല എന്ന അനാവശ്യമായ വിമര്‍ശനത്തിനു വഴിതെളിക്കും. രണ്ടു സ്ഥലത്തെയും തൊഴില്‍ സംസ്കാരം വ്യത്യസ്തമായതിനാലാണത്. തുല്യ നിലയില്‍ തന്നെയാണ് പങ്കാളിത്തം വേണ്ടത്. വലിയ തുകയല്ല. ചെറിയ തുകകള്‍ മതി. പണം മുടക്കാന്‍ കഴിയുന്ന കൂടുതല്‍ പേരെ കണ്ടെത്താന്‍ വിദേശത്തുള്ളവര്‍ക്ക് സഹായിക്കാം.
7. സോഷ്യല്‍ സര്‍വീസിനോട് അടുത്തു നില്‍ക്കുന്ന പ്രവര്‍ത്തനമാവണം. സാമ്പത്തിക താത്പര്യങ്ങള്‍ കടന്നു കൂടിയാല്‍ മുതലാളി/തൊഴിലാളി മനോഭാവങ്ങള്‍ കയറി വിരാജിക്കും. പ്രശ്നമാവും. ഏറ്റവും പ്രധാനം ഒരേ മനസ്സുള്ളവര്‍ ഒന്നിച്ചുകൂടുക എന്നതാണ്. വളരെ പ്രയാസകരമാണ് അത് എന്ന് അനുഭവത്തില്‍ നിന്ന്.
June 30, 2008 2:10 AM

Thursday, June 26, 2008

സമാന്തരമായ ഒരു പുസ്തക വിതരണ സംരംഭത്തെത്തെക്കുറിച്ച്‌ ചിന്തിക്കുകയാണ്‌

സമാന്തരമായ ഒരു പുസ്തക വിതരണ സംരംഭത്തെത്തെക്കുറിച്ച്‌ ചിന്തിക്കുകയാണ്‌.വായനക്കാരിലേക്ക്‌ എത്തേണ്ട പുസ്തകങ്ങൾ എത്താതെ പോകുക എന്ന ദുരവസ്ഥയുണ്ട്‌ ഇപ്പോൾ.കയ്യിൽ കാശുള്ള ആർക്കും പുസ്തകം ഇറക്കാം അഥവാ എത്ര നല്ലതാണെങ്കിലും പുസ്തകം ഇറക്കണമെങ്കിൽ കയ്യിൽ നിന്ന് കാശു കൊടുക്കണം എന്ന അവസ്ഥ ഒരു വശത്ത്‌.കാശുകൊടുത്ത്‌ ഇറക്കിയ പുസ്തകം എന്ന ദുഷ്പ്പേര്‌ മറുവശത്ത്‌.ഇനി എല്ലാ ദുഷ്പ്പേരും സഹിക്കാം എന്ന് കരുതി പുസ്തകം ഇറക്കി എങ്കിലും അത്‌ വായനക്കാരിലേക്ക്‌ എത്തുന്നില്ല എന്ന ദുർവ്വിധി മറ്റൊരു വശത്ത്‌.പുസ്തക പ്രസാധനവും വിതരണവും രണ്ട്‌ തട്ടിൽ നിൽക്കുന്നതിന്റെ അസ്കിതകളാണിതൊക്കെ.പ്രസാധനം ഇന്ന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാതായി തീർന്നിരിക്കുന്നതുകൊണ്ടാകാം പ്രസാധകർ അനവധി പ്രസാധനങ്ങളും നിരവധി.പക്ഷേ പ്രശ്നം വിതരണമാണ്‌.വിതരണം എന്ന കീറാമുട്ടികാരണം തമസ്കരിക്കപ്പെടുന്ന പുസ്തകങ്ങൾ എത്രയധികമെന്ന് പറയാൻ കഴിയില്ല.ശക്തമായ വിതരണ സംവിധാനങ്ങളുള്ള വളരെ ചുരുക്കം പ്രസാധകരേ ഇന്ന് മലയാളത്തിലുള്ളു.അവർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളേ ഇന്ന് ഒരൽപ്പമെങ്കിലും നേരേ ചൊവ്വേ വായനക്കാരനിലെത്തുന്നുള്ളു,അത്‌ പുസ്തകത്തിന്റെ നിലവാരം എന്തുതന്നെയായാലും അങ്ങനെ തന്നെ.ഈ അവസ്ഥക്ക്‌ മാറ്റമുണ്ടാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

എന്റെ മനസിൽ തോന്നുന്നത്‌ ഒരു സമാന്തരമായ വിതരണ ശൃംഖല രൂപപ്പെടുത്തുക എന്നതാണ്‌.ഒരു സ്വതന്ത്ര സമാന്തര പുസ്തക വിതരണ സംഘം


പ്രവർത്തന പദ്ധതി സംഘം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുക എന്നതല്ല,ആരുതന്നെ പ്രസിദ്ധീകരിക്കുന്ന പുസ്തകമായാലും അങ്ങനെയൊരു പുസ്തകത്തെക്കുറിച്ച്‌ വായനക്കാരെ അറിയിക്കുക എന്നതാണ്‌.ആ പുസ്തകത്തെ സംബന്ധിച്ച്‌ വസ്തു നിഷ്ടമായൊരു കാഴ്ചപ്പാട്‌ രൂപീകരിക്കാൻ അവരെ സഹായിക്കുക എന്നതാണ്‌.അങ്ങനെ സ്വരൂപിക്കപ്പെടുന്ന കാഴ്ചപ്പാടുകൊണ്ട്‌ അയാൾക്ക്‌ അല്ലെങ്കിൽ അവർക്ക്‌ ഏതെങ്കിലും പുസ്തകം ആവശ്യമുണ്ട്‌ എങ്കിൽ അത്‌ എത്തിച്ചുകൊടുക്കുക എന്നതാണ്‌

ഓരോ സബ്ജില്ലയിലും ഒരു യൂണിറ്റ്‌ എങ്കിലും പ്രവർത്തിക്കാനുണ്ടാകണം.പ്രധാന പ്രവർത്തനങ്ങൾ അതാത്‌ സ്ഥലത്ത്‌ വായനയിൽ താൽപ്പര്യമുള്ള ആളുകളുടെ ഒരു ഡേറ്റാ ബാങ്ക്‌ ഉണ്ടാക്കുക.പുസ്തകപരിചയപ്പെടുത്താനുള്ള വായനകൾ സംഘടിപ്പിക്കുക,പുസ്തക റിവ്യൂകൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ താൽപ്പര്യമുള്ളവരിൽ എത്തിക്കുക എന്നിവയായിരിക്കും.

ഒരു തരത്തിലുള്ള ഡയറക്റ്റ്‌ മാർക്കെറ്റിങ്ങ്‌ ആണിത്‌.പക്ഷേ അടിച്ചേൽപ്പിക്കലല്ല ആവശ്യം നിറവേറ്റലാവും ഉദ്ദേശ്യം എന്നുമാത്രം.

ഓരോ പ്രാദേശികയൂണിറ്റിനും നിയന്ത്രിതമായ സ്വയം ഭരണാവകാശം ഉണ്ടായിരിക്കണമെന്ന് കരുതുന്നു.പുസ്തകം വിറ്റു കിട്ടുന്ന തുകയുടെ ലാഭവിഹിതം പ്രവർത്തനച്ചെലവുകൾക്ക്‌ ഉപയോഗിക്കാം.പ്രവർത്തനം ഇതര സാമൂഹിക പ്രവർത്തനങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.

അവശ്യം വേണ്ടതെന്ന് തോന്നുന്നത്‌.
1.ഒരു പ്രതിമാസ ബുള്ളറ്റിൻ:-മലയാളത്തിൽ ഇറങ്ങുന്നതും മുൻപ്‌ ഇറങ്ങിയിട്ടുള്ളതുമായ കാമ്പുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആവും ഇതിൽ പ്രധാനം.ഇപ്പോൾ വിതരണ സംവിധാനമുള്ള മിക്ക പ്രസാധകർക്കും ഈ സംവിധാനം ഉണ്ട്‌ എങ്കിലും അതൊക്കെ പ്രൊമോഷണൽ ആണ്‌ എന്നതുകൊണ്ട്‌ സ്വതന്ത്രമല്ല എന്നുള്ളതും എല്ലാം തന്നെ താന്താങ്ങളുടെ പുസ്തകങ്ങളെക്കുറിച്ച്‌ മാത്രമാണെന്നതും ഒരു പോരായ്മയാണ്‌.ഈ പോരായ്മയെ മറികടക്കുന്നതായിരിക്കണം നിരൂപണങ്ങൾ,കഴിയുമെങ്കിൽ ഒന്നിലധികം പേരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചാൽ നന്നാവും.
2.സംഘത്തിന്റെ നേതൃത്വത്തിൽ മാസം തോറും നടത്തുന്ന വായനാ ക്യാമ്പുകൾ-ഇവയിൽ പ്രാദേശികമായ സാഹിത്യകൂട്ടായ്മകളുടെ സഹായം അഭ്യർത്ഥിക്കാവുന്നതാണ്‌.
3.പ്രവർത്തകർ
4.വ്യക്തമായ ഒരു സംഘടനാ രൂപം.
5.ഒരു ഹെഡ്‌ ഓഫീസ്‌
6.തുടക്കത്തിന്‌ ആവശ്യമുള്ള പണം.

(ഇത്‌ റഫ്‌ ആയിത്തന്നെ പോസ്റ്റ്‌ ചെയ്യുന്നത്‌...ഒറ്റക്ക്‌ ഇത്‌ ടഫ്‌ ആണെന്ന് ബോധ്യമുള്ളതുകൊണ്ടും..അഭിപ്രായങ്ങൾ കൂട്ടായി ഉരുത്തിരിയണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ആണ്‌.മിനുക്കു പണികൾ ചെയ്ത്‌ സമയം കളയുന്നില്ല.)